'മധുരരാജയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു, ആരും വിളിച്ചില്ല'; മനസു തുറന്ന് പൃഥ്വിരാജ്

'നിര്‍ഭാഗ്യവശാല്‍ ഞാന്‍ ആ ചിത്രത്തില്‍ ഇല്ല. എന്നെ അതിലേക്ക് ക്ഷണിച്ചിട്ടുമില്ല'
'മധുരരാജയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു, ആരും വിളിച്ചില്ല'; മനസു തുറന്ന് പൃഥ്വിരാജ്


മധുരരാജയില്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്നു എന്ന് തുറന്നു പറഞ്ഞ് പൃഥ്വിരാജ്. തന്നെ ചിത്രത്തിലേക്ക് ആരും ക്ഷണിച്ചില്ലെന്നും അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ സന്തോഷമാകുമായിരുന്നു എന്നുമാണ് താരം പറയുന്നത്. 

2010 ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. മമ്മൂട്ടിയും പൃഥ്വിരാജും തകര്‍ത്ത് അഭിനയിച്ച ചിത്രം എക്കാലത്തേയും മികച്ച ഹിറ്റുകളില്‍ ഒന്നായിരുന്നു. ചിത്രത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലുള്ള കെമിസ്ട്രിയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ഇത് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ചിത്രത്തില്‍ പൃഥ്വിരാജ് ഭാഗമാകില്ല എന്ന വാര്‍ത്തകള്‍ വന്നത്. 

'നിര്‍ഭാഗ്യവശാല്‍ ഞാന്‍ മധുരരാജയില്‍ ഇല്ല. ഞാനാ സിനിമയില്‍ ഉണ്ടെങ്കില്‍ എനിക്ക് ഭയങ്കര സന്തോഷമായേനെ. ഞാന്‍ ഭയങ്കരമായി എന്‍ജോയ് ചെയ്ത സിനിമയാണ് പോക്കിരിരാജ. അഭിനയിക്കുമ്പോഴും മറ്റുമെല്ലാം ഒരുപാട് എന്‍ജോയ് ചെയ്തിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ ആ ചിത്രത്തില്‍ ഇല്ല. എന്നെ അതിലേക്ക് ക്ഷണിച്ചിട്ടുമില്ല.' പൃഥ്വിരാജ് പറയുന്നു.  ഇന്ത്യ ഗ്ലിറ്റസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

പോക്കിരി രാജയില്‍ മമ്മൂട്ടിയുടെ സഹോദരനായാണ് പൃഥ്വിരാജ് എത്തിയത്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ രണ്ടാം ഭാഗത്തിലും ഇരുവരും ഒന്നിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. വൈശാഖ് തന്നെയാണ് മധുരരാജയും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. പോക്കിരി രാജയിലെ അതേ വേഷത്തിലാണ് മമ്മൂട്ടി രണ്ടാം ഭാഗത്തിലും എത്തുന്നത്. തമിഴ്‌നടന്‍ ജയ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൂടാതെ ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയുടെ ഒരു ഐറ്റം സോങ്ങും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com