രണ്ടാമൂഴവുമായി ശ്രീകുമാര്‍ മേനോന്‍ മുന്നോട്ട്; പുതിയ നിര്‍മാതാവിനെ കണ്ടെത്തി?

ആയിരം കോടി ചെലവില്‍ ഒരുങ്ങുന്ന മഹാഭാരതം ഡോ. എസ്. കെ നാരായണന്‍ നിര്‍മിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്
രണ്ടാമൂഴവുമായി ശ്രീകുമാര്‍ മേനോന്‍ മുന്നോട്ട്; പുതിയ നിര്‍മാതാവിനെ കണ്ടെത്തി?

ഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ പ്രസിദ്ധമായ നോവല്‍ രണ്ടാമൂഴം സിനിമയാകുന്നു എന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാല്‍ പിന്നീട് സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് ആരാധകരെ കാത്തിരുന്നത്. കരാര്‍ ലംഘിച്ചു എന്നാരോപിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരേ എംടി കോടതി കയറി. തിരക്കഥ തിരികെവേണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതിന് പിന്നാലെ നിര്‍മാതാവ് ബിആര്‍ ഷെട്ടിയും ചിത്രത്തിനെതിരേ നിലപാട് എടുക്കുകയായിരുന്നു. 

വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടും സിനിമയുമായി മുന്നോട്ടുപോകും എന്ന നിലപാടിലായിരുന്നു ശ്രീകുമാര്‍ മേനോന്‍. ചിത്രത്തിന് പുതിയ നിര്‍മാതാവ് വന്നു എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആയിരം കോടി ചെലവില്‍ ഒരുങ്ങുന്ന മഹാഭാരതം ഡോ. എസ്. കെ നാരായണന്‍ നിര്‍മിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അഭയ കേസുമായി ബന്ധപ്പെട്ട് നിയമപ്പോരാട്ടം നടത്തി വാര്‍ത്തകളില്‍ ഇടംനേടിയ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ശ്രീകുമാര്‍ മേനോനും എസ്. കെ നാരായണനും കൂടിക്കാഴ്ച നടത്തുന്നതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

സിംഗപ്പൂര്‍, ഹൈദരാബാദ് എന്നിവിടങ്ങള്‍ ബിസിനസുള്ള വ്യക്തിയാണ് എസ്. കെ നാരായണന്‍. തന്റെ സുഹൃത്താണ് അദ്ദേഹമെന്നും വര്‍ക്കലയില്‍ വെച്ചാണ് ശ്രീകുമാര്‍ മേനോനുമായി കൂടിക്കഴ്ച നടത്തിയതെന്നും ജോമോന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഉടന്‍ കരാറില്‍ ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. 

ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന ബി ആര്‍ ഷെട്ടി പ്രോജക്റ്റില്‍ നിന്ന് പിന്മാറിയതോടെയാണ് നാരായണന്‍ നിര്‍മാതാവിന്റെ സ്ഥാനത്തേക്ക് വരുന്നത്. എംടിയുടെ രണ്ടാമൂഴം തന്നെയാവും സിനിമയാവുകയെന്നാണ് ജോമോന്‍ പറയുന്നത്. തിരക്കഥ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുക്കുന്നപക്ഷം ആര്‍ബിട്രേറ്ററെ (മധ്യസ്ഥന്‍) നിയോഗിക്കുകയാണ് നിയമപരമായ വഴി എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ സ്ഥിരീകരണമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com