'കുഞ്ഞെന്ന സ്വപ്നത്തിനായി നീറിനില്‍ക്കുന്നവരെ ചോദ്യങ്ങള്‍ കൊണ്ട് ഉപദ്രവിക്കരുത്, കരഞ്ഞുപോയ അവസരങ്ങളുണ്ടായി'; പ്രിയ 

'പോസിറ്റീവ് എനര്‍ജി നല്‍കി എന്നും ചാക്കോച്ചന്‍ കൂടെ നില്‍ക്കാറുണ്ട്'
'കുഞ്ഞെന്ന സ്വപ്നത്തിനായി നീറിനില്‍ക്കുന്നവരെ ചോദ്യങ്ങള്‍ കൊണ്ട് ഉപദ്രവിക്കരുത്, കരഞ്ഞുപോയ അവസരങ്ങളുണ്ടായി'; പ്രിയ 

നടന്‍ കുഞ്ചാക്കോ ബോബന്റേയും ഭാര്യ പ്രിയയുടേയും ജീവിതം ഇപ്പോള്‍ മകന് ചുറ്റുമാണ്. ഓരോ നിമിഷവും കുഞ്ഞ് ഇസഹാക്കിനൊപ്പം ചെലവഴിക്കാന്‍ മത്സരിക്കുകയാണ് ഇരുവരും. 14 വര്‍ഷത്തെ കാത്തരിപ്പിനൊടുവിലാണ് ചാക്കോച്ചന്റെയും പ്രിയയുടേയും ജീവിതത്തിലേക്ക് ഇസഹാക്ക് എത്തുന്നത്. കഴിഞ്ഞ കാലത്ത് കുഞ്ഞില്ലാത്തതിന്റെ പേരില്‍ അനുഭവിക്കേണ്ടിവന്ന ദുഃഖത്തെക്കുറിച്ച് തുറന്നു പറയുകയാണ് പ്രിയ ഇപ്പോള്‍. പല ആളുകളില്‍ നിന്നും ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയ പറയുന്നത്. എന്നാല്‍ പോസിറ്റീവ് എനര്‍ജി നല്‍കി എന്നും ചാക്കോച്ചന്‍ കൂടെ നില്‍ക്കാറുണ്ടെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. 

'കരഞ്ഞുപോയ അവസരങ്ങളുണ്ടായിട്ടുണ്ട്. ചില പിറന്നാള്‍ ആഘോഷങ്ങള്‍ക്കു പോകുമ്പോള്‍ മനസ്സിനെ എത്ര ശാന്തമാക്കി വയ്ക്കാന്‍ ശ്രമിച്ചാലും ചെറിയൊരു സങ്കടച്ചില്ല് മുറിവേല്‍പിച്ചു തുടങ്ങും. തിരിച്ചിറങ്ങുമ്പോള്‍ കരഞ്ഞുപോയിട്ടുണ്ട്. അപ്പോള്‍ ഞാന്‍ വലിയ കൂളിങ് ഗ്ലാസ് വയ്ക്കും. 'പോയതിനെക്കാള്‍ ജാടയ്ക്കാണല്ലോ തിരിച്ചു വരുന്നതെന്ന്' പലരും ഓര്‍ത്തിട്ടുണ്ടാകും. എന്നാലും കരയുന്നത് മറ്റുള്ളവര്‍ കാണില്ലല്ലോ...' പ്രിയ പറഞ്ഞു. 

പ്രായമായവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്ന് പലപ്പോഴും മാറി നില്‍ക്കുമായിരുന്നെന്നും പ്രിയ പറയുന്നു. ചോദ്യങ്ങളും 'അഭിപ്രായ പ്രകടനങ്ങളും' നമ്മളെ എത്ര മുറിവേല്‍പിക്കുമെന്ന് അവര്‍ ചിന്തിക്കാറില്ലെന്നും മലയാളികളില്‍ ചിലരുടെ പൊതു സ്വഭാവമാണിതെന്നുമാണ് ഇസഹാക്കിന്റെ അമ്മ പറയുന്നത്. കുഞ്ഞെന്ന സ്വപ്നത്തിനായി നീറിനില്‍ക്കുന്നവരെ സഹായിച്ചില്ലെങ്കിലും ചോദ്യങ്ങളും ഉപദേശങ്ങളും കൊണ്ട് ഉപദ്രവിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

'മോളേ കുഞ്ഞുങ്ങളില്ലല്ലേ... ഇത്രയും പ്രായമായ സ്ഥിതിക്ക് ഇനി ഒരു കുഞ്ഞുണ്ടാകാന്‍ പ്രയാസമായിരിക്കും അല്ലേ?' എന്നൊക്കെ ചോദിച്ചവരുണ്ട്. ഇത്തരം ഭയത്തിന്റെ വിത്തുകള്‍ മനസ്സില്‍ വീഴുമ്പോള്‍ ചാക്കോച്ചന്‍ തന്ന എല്ലാ പോസിറ്റിവ് ചിന്തകളും ഉണങ്ങിപ്പോകും. പിന്നെ, ഒന്നില്‍ നിന്നു തുടങ്ങും. ഇങ്ങനെയുള്ള സംശയാലുക്കള്‍ ദയവായി ഒരു കാര്യം ഓര്‍ക്കണം, കുഞ്ഞെന്ന സ്വപ്നത്തിനായി നീറിനില്‍ക്കുന്നവരെ സഹായിച്ചില്ലെങ്കിലും ചോദ്യങ്ങളും ഉപദേശങ്ങളും കൊണ്ട് ഉപദ്രവിക്കരുത്. പ്രിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com