സല്‍മാന്‍ ഖാന് കോടതിയുടെ താക്കീത്: ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദ് ചെയ്യും

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ ഇന്ന് (ജൂണ്‍ 4 2019) ഹാജരാകാനായിരുന്നു കോടതിയുടെ നിര്‍ദേശം.
സല്‍മാന്‍ ഖാന് കോടതിയുടെ താക്കീത്: ഹാജരായില്ലെങ്കില്‍ ജാമ്യം റദ്ദ് ചെയ്യും

ജോധ്പൂര്‍: കൃഷ്ണമൃഗത്തിനെ വേട്ടയാടിയ കേസില്‍ ഹാജരാകത്തതിന് സല്‍മാന്‍ ഖാനെ താക്കീത് ചെയ്ത് കോടതി. ജോധ്പൂര്‍ സെഷന്‍സ് കോടതിയിലാണ് സല്‍മാന്‍ ഖാന്റെ കേസ് നടക്കുന്നത്. പറയുന്ന സമയത്ത് കോടതിക്ക് മുന്‍പാകെ ഹാജരായില്ലെങ്കില്‍ നടന്റെ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി അറിയിച്ചു.

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ ഇന്ന് (ജൂണ്‍ 4 2019) ഹാജരാകാനായിരുന്നു കോടതിയുടെ നിര്‍ദേശം. അടുത്ത ഹിയറിങ് സെപ്റ്റംബര്‍ 27ന് ആണ് വെച്ചിരിക്കുന്നത്. അടുത്ത വിചാരണ ദിവസവും സല്‍മാന്‍ ഖാന്‍ കോടതിയിലെത്തിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കുമൈന്ന് ജഡ്ജി ചന്ദ്രകുമാര്‍ സൊങ്കാര മുന്നറിയിപ്പ് നല്‍കി. 

കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതി കോടതിയില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ നേരത്തെ അറിയക്കണം എന്നാണ് വ്യവസ്ഥ. പക്ഷേ സല്‍മാന്‍ ഹാജരാകേണ്ട ദിവസമായ ഇന്നാണ് തനിക്ക് എത്താന്‍ കഴിയില്ല എന്ന് അറിയിച്ചത്. 

ഷൂട്ടിങ് തിരക്കുകള്‍ കാരണം കോടതിയില്‍ ഹാജരാകാന്‍ കഴിയില്ല എന്നായിരുന്നു സല്‍മാന്റെ അഭിഭാഷകന്‍ സരസ്വത് കോടതിയെ അറിയിച്ചത്. മാത്രമല്ല, അടുത്ത വിചാരണയ്ക്ക് ബഹുമാനുപ്പെട്ട കോടതിക്ക് മുന്‍പാകെ തങ്ങള്‍ ഹാജരാകുമെന്നും അഭിഭാഷകന്‍ അറിയിച്ചു.

കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ ജോധ്പൂര്‍ വിചാരണക്കോടതി സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചതിനെത്തുടര്‍ന്ന് രണ്ടു ദിവസം ജയിലില്‍ കഴിഞ്ഞ സല്‍മാന്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

1998 ഒക്ടോബറില്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസിലാണ് സല്‍മാന് കോടതി തടവ് ശിക്ഷ വിധിച്ചത്. കേസില്‍ കൂട്ടുപ്രതികളായിരുന്ന ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സോണാലി ബിന്ദ്ര എന്നിവരെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 

'ഹം സാത്ത് സാത്ത് ഹേ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി രാജസ്ഥാനിലെ ജോധ്പൂരില്‍ എത്തിയപ്പോഴാണു കന്‍കാനി ഗ്രാമത്തിനു സമീപം ഗോധ ഫാമില്‍ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com