സ്റ്റേഷനിലേക്ക് നിര്‍ത്താതെ കോളുകള്‍: ആശാ ശരത്തിന്റെ പറ്റിക്കല്‍ പോസ്റ്റില്‍ വലഞ്ഞ് കട്ടപ്പന പൊലീസ്

സ്വന്തക്കാരെ കാണാതായി എന്ന് പോസ്റ്റിടുന്നവര്‍ വളരെ പ്രതീക്ഷയോടെയാണ് അത് ചെയ്യുന്നത്. അത്തരത്തിലുള്ള പോസ്റ്റുകളുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവൃത്തിയായിപ്പോയി ഇത്.
സ്റ്റേഷനിലേക്ക് നിര്‍ത്താതെ കോളുകള്‍: ആശാ ശരത്തിന്റെ പറ്റിക്കല്‍ പോസ്റ്റില്‍ വലഞ്ഞ് കട്ടപ്പന പൊലീസ്

മൂവി പ്രമോഷന്റെ ഭാഗമായാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് നടി ആശാ ശരത് ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്. എന്നാല്‍ നടിയുടെ പ്രവൃത്തിയില്‍ സമാധാനം പോയത് കട്ടപ്പന പോലീസിന്റെയും. 'എവിടെ' എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് 'ഭര്‍ത്താവിനെ' കാണാനില്ലെന്നും കണ്ടെത്താന്‍ സഹായിക്കണമെന്നും പറഞ്ഞുള്ള വീഡിയോ അവര്‍ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തത്. 

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നും ആശാ ശരത് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ വീഡിയോ യഥാര്‍ത്ഥമാണെന്ന് തെറ്റിദ്ധരിച്ച് ചിലര്‍ കാര്യമറിയാനായി കട്ടപ്പന സ്‌റ്റേഷനിലേക്കും വിളിച്ചു. ഔദ്യോഗിക മൊബൈലിലേക്കുവരെ ഫോണ്‍ വന്നെന്നും സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടുണ്ടായെന്നും എസ്‌ഐ സന്തോഷ് സജീവന്‍ പറഞ്ഞു.

മേക്കപ്പില്ലാതെ 'ദുഃഖിത'യായാണ് ആശ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവമമറിയാതെ ആയിരക്കണക്കിനുപേര്‍ വീഡിയോ ഷെയര്‍ ചെയ്തു. കളിപ്പിക്കലാണെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആശയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. 

സ്വന്തക്കാരെ കാണാതായി എന്ന് പോസ്റ്റിടുന്നവര്‍ വളരെ പ്രതീക്ഷയോടെയാണ് അത് ചെയ്യുന്നത്. അത്തരത്തിലുള്ള പോസ്റ്റുകളുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവൃത്തിയായിപ്പോയി ഇതെന്നായിരുന്നു പ്രേക്ഷകരുടെ പ്രധാന വിമര്‍ശനം.

എന്നാല്‍, ഇതൊരു പ്രമോഷണല്‍ വീഡിയോ ആണെന്ന് വ്യക്തമാക്കിത്തന്നെയാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതെന്ന് ആശാ ശരത്ത് പ്രതികരിച്ചു. മാത്രമല്ല, തന്റെ പ്രവൃത്തി ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അതില്‍ മാപ്പു പറഞ്ഞും ആശ രംഗത്തെത്തിയിരുന്നു. 

'വീഡിയോയുടെ തുടക്കത്തിലും അവസാനത്തിലും ചിത്രത്തിന്റെ പ്രമോഷണല്‍ വീഡിയോ ആണെന്ന് പറയുന്നുണ്ട്. ചിത്രത്തിന്റെ കഥാപാത്രമായാണ് അതില്‍ പ്രത്യക്ഷപ്പെട്ടത്. അതില്‍നിന്നും ചില ഭാഗങ്ങള്‍ അടര്‍ത്തിമാറ്റി പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലായില്ല. ആദ്യതവണ പോസ്റ്റുചെയ്തശേഷം തെറ്റിദ്ധരിക്കുമോ എന്നുതോന്നിയപ്പോള്‍ പ്രമോഷണല്‍ വീഡിയോ എന്ന് ചിത്രത്തിന്റെ പേരുംചേര്‍ത്ത് വീണ്ടും ഹാഷ് ടാഗ് ചെയ്തിരുന്നു.'- ആശ പ്രതികരിച്ചു. 

അതേസമയം ആശാ ശരത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് പരാതിനല്‍കിയിട്ടുണ്ട്. പൊലീസിന്റെ പേരും ഔദ്യോഗിക വിവരങ്ങളും മുന്‍കൂര്‍ അനുമതിയില്ലാതെ വ്യാജമായി ഉപയോഗിച്ചതിനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നരീതിയില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനുമാണ് അഭിഭാഷകന്‍ പരാതി നല്‍കിയിരിക്കുന്നത്. 

ഐപിസി 107, 117, 182 വകുപ്പുകള്‍, ഐടി ആക്ട് സിആര്‍പിസി വകുപ്പുകള്‍, കേരള പൊലീസ് ആക്ട് എന്നിവ പ്രകാരം ഇത് കുറ്റകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ അടിയന്തരമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി ലോക്‌സഭയില്‍ പ്രസ്താവിച്ച അതേ ദിവസമാണ് ഇത്തരമൊരു സംഭവം നടന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഭര്‍ത്താവിനെ കാണാനില്ലെന്ന മുഖവുരയോടെയാണ് നടി ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ ദിവസം ലൈവിലെത്തിയത്. കഴിഞ്ഞ 45 ദിവസത്തോളമായി ഭര്‍ത്താവിനെ കാണാനില്ല. സക്കറിയ എന്നാണ് അദ്ദേഹത്തിന്റെ പേര്, തബല ആര്‍ട്ടിസ്റ്റാണ്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ കട്ടപ്പന പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം,' എന്നാണ് ഫെയ്‌സ്ബുക്ക് ലൈവിന്റെ സാരാംശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com