'ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്, ഒടുവില്‍ ഞാന്‍ മാനേജരോട് പറഞ്ഞു'; മനസു തുറന്ന് അമല പോള്‍

താന്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ലഭിക്കാതെ വന്നതോടെ അഭിനയം നിര്‍ത്താന്‍ വരെ തീരുമാനിച്ചിരുന്നു എന്നാണ് അമല പറയുന്നത്
'ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്, ഒടുവില്‍ ഞാന്‍ മാനേജരോട് പറഞ്ഞു'; മനസു തുറന്ന് അമല പോള്‍

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് അമല പോള്‍. ഇപ്പോള്‍ താരം പ്രധാന വേഷത്തില്‍ എത്തിയ ആടൈ റിലീസിന് ഒരുങ്ങുകയാണ്. അമല ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും ശക്തമായ വേഷമാണ് ആടൈയിലേത്. എന്നാല്‍ ചിത്രത്തിലെ ട്രെയ്‌ലര്‍ പുറത്തുവന്നത് വലിയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു. നഗ്നയായി എത്തുന്ന രംഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ അമലയെ വിജയ് സേതുപതി നായകനായി എത്തുന്ന ചിത്രത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതിനെയെല്ലാം ശക്തമായി നേരിടാന്‍ ഒരുങ്ങുകയാണ് താരം. 

താന്‍ പ്രതീക്ഷിക്കുന്ന രീതിയിലുള്ള കഥാപാത്രങ്ങള്‍ ലഭിക്കാതെ വന്നതോടെ അഭിനയം നിര്‍ത്താന്‍ വരെ തീരുമാനിച്ചിരുന്നു എന്നാണ് അമല പറയുന്നത്. ആടൈയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് കരിയറിലെ പ്രതിസന്ധിയെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. സ്ത്രീ പ്രാധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പലരും സമീപിച്ചിരുന്നെന്നും എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് തനിക്ക് തോന്നിയതെന്നും താരം വ്യക്തമാക്കി. 

'നായികാ പ്രധാന്യമുള്ള വേഷമാണെന്ന് പറഞ്ഞ് പലരും എന്നോട് കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് എനിക്ക് തോന്നിയത്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പ്രതികാരം കഥ അല്ലെങ്കില്‍ സര്‍വവും ത്യജിക്കുന്ന അമ്മയുടെ ജീവിതം അതുമല്ലെങ്കില്‍ ഭര്‍ത്താവിനെ മതിമറന്നു സ്‌നേഹിക്കുന്ന ഭാര്യയുടെ വേഷം ഇത്തരത്തിലുള്ള കഥാപാത്രങ്ങളാണ് തേടിയെത്തിയിരുന്നത്. എനിക്ക് അതിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ഞാന്‍ എന്റെ മാനേജരോട് പറഞ്ഞു, ഇനി മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് ആടൈയുടെ കഥ കേള്‍ക്കുന്നത്. സത്യത്തില്‍ തിരക്കഥ വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. സംവിധായകന്‍ രത്‌നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്.' അമല പറഞ്ഞു. 

ചിത്രത്തില്‍ പൂര്‍ണ നഗ്നയായി അഭിനയിക്കുന്ന രംഗമുണ്ട്. ആ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ അനുഭവിക്കേണ്ടിവന്ന മാനസികസംഘര്‍ഷത്തെക്കുറിച്ചും താരം തുറന്നു പറഞ്ഞു. 15 ആളുകള്‍ മാത്രമാണ് ആ സമയത്ത് സെറ്റിലുണ്ടായിരുന്നതെന്നും അവരെ വിശ്വസിച്ചതുകൊണ്ടാണ് അഭിനയിക്കാന്‍ സാധിച്ചതെന്നും അമല വ്യക്തമാക്കി. 

'പൂര്‍ണനഗ്‌നയായി അഭിനയിക്കുന്ന ഒരു രംഗമുണ്ട്. അതിന് പ്രത്യേകമായി ഒരു കോസ്റ്റിയൂം നല്‍കാമെന്ന് നിര്‍മാതാവ് എന്നോട് പറഞ്ഞു. അതെക്കുറിച്ചൊന്നും വിഷമിക്കേണ്ടെന്ന് ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു. പക്ഷേ ആ രംഗം ചിത്രീകരിക്കുന്ന ദിവസമെത്തിയപ്പോള്‍ എനിക്ക് വല്ലാത്ത ആശങ്ക തോന്നി. അതോടൊപ്പം കടുത്ത മാനസിക സംഘര്‍ഷവും. സെറ്റില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നോര്‍ത്തപ്പോള്‍ ഞാന്‍ വല്ലാതായി. 15 ആളുകള്‍ മാത്രമേ ആ സമയത്ത് സെറ്റില്‍ ഉണ്ടായിരുന്നുള്ളൂ. അവരെ പൂര്‍ണമായി വിശ്വസിച്ചത് കൊണ്ടു മാത്രമാണ് ആ രംഗത്തില്‍ എനിക്ക് അഭിനയിക്കാന്‍ സാധിച്ചത്. സിനിമ ഇറങ്ങുന്നതിനും മുന്‍പ് തന്നെ മുന്‍ധാരണ വച്ച് വിമര്‍ശിക്കുന്നവരുണ്ട്. അവരെക്കുറിച്ച് എനിക്കൊന്നും പറയാനില്ല' അമല കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com