മാധ്യമ പ്രവർത്തകനോട് വേദിയില്‍ വച്ച് പരസ്യമായി തട്ടിക്കയറി കങ്കണ റണാവത്ത്; വിവാദം (വീഡിയോ)

പുതിയ ചിത്രമായ 'ജഡ്ജ്‌മെന്റല്‍ ഹെ ക്യാ' യുടെ ഗാനങ്ങളുടെ റിലീസിങ് വേദിയില്‍ വച്ചാണ് താരം പിടിഐ മാധ്യമ പ്രവര്‍ത്തകനുമായി തര്‍ക്കിച്ചത്
മാധ്യമ പ്രവർത്തകനോട് വേദിയില്‍ വച്ച് പരസ്യമായി തട്ടിക്കയറി കങ്കണ റണാവത്ത്; വിവാദം (വീഡിയോ)

മുംബൈ: ബോളിവുഡ് താരം കങ്കണ റണാവത്ത് വീണ്ടും വിവാദത്തില്‍. ഇത്തവണ ഒരു മാധ്യമ പ്രവര്‍ത്തകനുമായി പരസ്യമായി തര്‍ക്കിച്ചാണ് കങ്കണ വിവാദത്തിലായിരിക്കുന്നത്. വരാനിരിക്കുന്ന പുതിയ ചിത്രമായ 'ജഡ്ജ്‌മെന്റല്‍ ഹെ ക്യാ' യുടെ ഗാനങ്ങളുടെ റിലീസിങ് വേദിയില്‍ വച്ചാണ് താരം പിടിഐ മാധ്യമ പ്രവര്‍ത്തകനുമായി തര്‍ക്കിച്ചത്. 

ചിത്രീകരണത്തിനിടെ വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച, താരത്തിന്റെ ആദ്യ സംവിധാന സംരംഭമായി മാറുകയും ചെയ്ത 'മണികര്‍ണിക' യുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. മണികര്‍ണികയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി മോശമായി പ്രചാരണം നടത്തിയെന്ന് ആരോപിച്ച് കങ്കണ മാധ്യമപ്രവര്‍ത്തകനെ പരസ്യമായി തട്ടിക്കയറുകയായിരുന്നു. 

പുതിയ ചിത്രവുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ അത് പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ തന്നെ കങ്കണ മാധ്യമപ്രവര്‍ത്തകനോട് കയര്‍ക്കുകയായിരുന്നു. മണികര്‍ണികയെ നിങ്ങള്‍ ചവറ്റുക്കുട്ടയിലേക്ക് എറിഞ്ഞതായും ഇത്രയും തരംതാഴ്ന്ന തരത്തില്‍ എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നതെന്നും താരം പൊട്ടിത്തെറിച്ചു. പുതിയ ചിത്രത്തിലെ സഹ താരമായ രാജ്കുമാര്‍ റാവുവും ഈ സമയത്ത് വേദിയില്‍ കങ്കണക്കൊപ്പമുണ്ടായിരുന്നു. 

നിങ്ങള്‍ മണികര്‍ണികയെന്ന ചിത്രത്തെ അവഹേളിക്കുകയായിരുന്നു. ദേശ സ്‌നേഹവുമായി ബന്ധപ്പെട്ട സിനിമ എടുത്തതിന്റെ പേരില്‍ ഞാന്‍ തീവ്ര ദേശീയ വാദിയാണെന്ന് നിങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കങ്കണ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. 

എന്നാല്‍ മണികര്‍ണികയെ കുറിച്ച് മോശമായൊന്നും താന്‍ ട്വീറ്റ് ചെയ്തിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ വ്യക്തമാക്കി. നിങ്ങള്‍ അധികാര സ്ഥാനത്തിരിക്കുന്നവരാണെന്നും എന്നുകരുതി ഒരു മാധ്യമ പ്രവര്‍ത്തകനെ ഭയപ്പെടുത്താമെന്ന് കരുതരുതെന്നും അയാള്‍ പ്രതികരിച്ചു. 

എന്നാല്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം വീണ്ടും നീളുകയായിരുന്നു. മണികര്‍ണികയുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറോളം വാനിറ്റി വാനില്‍ തന്നെ ഇന്റര്‍വ്യൂ ചെയ്ത കാര്യവും ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ച കാര്യവും കങ്കണ ഓര്‍മിപ്പിച്ചു. മാധ്യമപ്രവര്‍ത്തകനാണെന്നു പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തേണ്ടെന്ന് കങ്കണ തിരിച്ചടിച്ചു. മാധ്യമപ്രവര്‍കന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തനിക്ക് താത്പര്യമില്ലെന്നും കങ്കണ വ്യക്തമാക്കി. 

ഇരുവരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിച്ചതോടെ മറ്റ് മാധ്യമ പ്രവര്‍ത്തകരും ഇടപെട്ടു. ഇത്തരം തര്‍ക്കങ്ങളുമായി ചോദ്യോത്തര സമയം തടസപ്പെടുത്തരുതെന്ന് അവര്‍ വ്യക്തമാക്കി. പിന്നീട് സംഘാടകരടക്കമുള്ളവര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com