മാര്‍ക്കോണി മത്തായി; അഞ്ചങ്ങാടിയിലെ വിശ്വപ്രണയം

മനോഹരമായ പാട്ടുകളും ചങ്ങാതി കൂട്ടങ്ങളും പങ്കുവയ്ക്കലുകളുമായിഒരു പ്രസാദാത്മക പ്രണയചിത്രമാണ് 'മാര്‍ക്കോണി മത്തായി'
മാര്‍ക്കോണി മത്തായി; അഞ്ചങ്ങാടിയിലെ വിശ്വപ്രണയം


        
മത്തായിക്കു തന്റെ സന്തതസഹചാരിയായ റേഡിയോ, മാര്‍ക്കോണിയെന്ന ഇരട്ടപ്പേരു സമ്മാനിച്ചിട്ടുണ്ട്.  അവന്‍ പോസ്റ്റില്‍ കയറുന്നത് വാശിയോടും തികഞ്ഞ ആത്മവിശ്വാസത്തോടുമാണ്. റേഞ്ച് കിട്ടാത്ത അഞ്ചങ്ങാടി ഗ്രാമത്തില്‍ എഫ് എം സ്‌റ്റേഷന്‍ ട്യൂണ്‍ ചെയ്‌തെടുത്തേ മതിയാകൂ സര്‍വിസ് കോപ്പറേറ്റീവ് ബാങ്കിലെ സെക്യൂരിറ്റിക്കാരനായ മത്തായിക്കു.  വിജയിച്ച അവനോടൊപ്പം റേഡിയോ ഗാനത്തില്‍ സകല ഗ്രാമവാസികളും തിമിര്‍ത്തു പാടി നൃത്തമാടുകയാണ് . നിതാന്തം ഉല്ലാസത്തിരകളിളകുന്ന ബാങ്കിന്റെയും നാട്ടുകാരുടേയും ആഹ്ലാദജീവിതത്തിന്റെ ഊര്‍ജ്ജ സ്രോതസ്സു മത്തായി തന്നാണ്. കാരണം അവനു റേഡിയോയോടും പാട്ടിനോടും പുഴയോടും മനുഷ്യരെല്ലാവരോടും നിറഞ്ഞ പ്രണയമാണ്. 

പക്ഷേ തന്റെ മുന്‍ പട്ടാള മഹിമയെല്ലാം നിര്‍ദ്ദോഷ ഗരിമയോടെ കാത്തു സൂക്ഷിക്കുന്ന മത്തായി ഏകനാണ്. പള്ളി പാട്ടിനിടയില്‍ പ്രേമക്കത്തു കൈമാറി ഏണിവച്ചു കയറിയ കൗമാരപ്രേമം ഏണിയോടെ വലിച്ചിടപ്പെട്ടപ്പോള്‍ ഒറ്റത്തടിയാകാന്‍ തന്നെ തീരുമാനിച്ചു, ചുറ്റുമുള്ള സകലരെയും സകലതിനെയും പ്രണയിച്ചുകൊണ്ട്. കൂടിയാടിപ്പാടി എല്ലാവര്‍ക്കും എപ്പോഴും സന്തോഷം സമ്മാനിക്കുന്നു തെല്ലു പ്രായം കവിഞ്ഞ മത്തായി.

ഗര്‍വ്വോടെ മിനുക്കി വച്ച തന്റെ തോക്കിനെ ഉരുമ്മിയൊരു ചൂല്‍വച്ചു കൊണ്ടാണ് ബാങ്കിലെ പുതിയ അടിച്ചുതളിക്കാരി, അന്ന, അവന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പ്രായംകടന്ന മുന്‍ പട്ടാളക്കാരെന്റെയും സുന്ദരിയായ ജോലിക്കാരിയുടെയും പ്രണയം ചര്‍വിതചര്‍വണ പൈങ്കിളി പ്രേമമായി മാറുന്നില്ല. സിനിമയുടെ വ്യാകരണം നന്നായി ഗ്രഹിച്ച സംവിധായകന്‍ തികഞ്ഞ മൗലികതയോടെ നൂതനമായി മാറ്റിമാറിക്കുകയാണ്, ആരുമിതുവരെ പറയാത്ത പ്രണയസഞ്ചാരവഴികളിലൂടെ. തോക്കും ചൂലും ബിംബവല്ക്കരിക്കുന്ന രസാത്മകതയോടെ. പുതുമയുള്ള ഗാന നൃത്തത്തിരകളില്‍ ഗ്രാമത്തെയും കാണികളെയും ലയിപ്പിച്ച് മുന്നേറുമ്പോള്‍ സ്വഭാവികതയോടെ വരുന്ന സംഭവഗതികള്‍ ദര്‍ശകനെ വൈകാരികതയുടെ നവതീരങ്ങളിലെത്തിക്കുന്നു. ഇടയ്ക്കിടെ കണ്ണുനിറയുന്നു.

പട്ടണത്തിലെ റെഡ് എഫ് എം റേഡിയോ അവതാരകനായി വന്ന വിജയ് സേതുപതി തന്റെ സ്വന്തം പേരില്‍ തന്നെ നൈസര്‍ഗിക ഭാവതീവ്രതയില്‍ റേഡിയോ അവതരണം നടത്തിക്കൊണ്ടു അവരുടെ സ്‌നേഹവഴികളെ ജനങ്ങളോടൊപ്പം അടയാളപ്പെടുത്തുന്നു. കഥാഗതിയെ ആകര്‍ഷകമാക്കി കൊണ്ടു മുഖ്യമായ റോളില്‍ തന്നെയാണ് വിജയ് സേതുപതി വരുന്നത്. 


 
ജയറാമിന്റെ അഭിനയ ജീവിതത്തിലെ മാസ്റ്റര്‍ പീസായി 'മാര്‍ക്കോണി മത്തായി'യെ പ്രേക്ഷകന്‍ വിലയിരുത്തും. ആഹ്ലാദത്തിരകളും ഗാന നൃത്തങ്ങളും കൂടാതെ നിറപ്പകിട്ടാര്‍ന്ന ഛായാഗ്രഹണം ഈ ചിത്രത്തിന്റെ സവിശേഷതയാണ്

ജോയ് മാത്യു, , അജു വര്‍ഗീസ്, നരേന്‍ മല്ലിക സുകുരമാരന്‍, ലക്ഷ്മിപ്രിയ, ദേവി അജിത്ത് തുടങ്ങി മുന്‍നിര താരങ്ങള്‍ വിവിധ റോളുകളിലുണ്ട്. .
ജോസഫ് എന്ന സിനിമയിലൂടെ മലയാളികള്‍ക്കു പരിചിതയായ ആത്മീയ നായികാ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കുന്നു. സനില്‍ കളത്തിലാണു കഥാകൃത്തും സംവിധായാകനും. സഹോദരന്‍ സജന്‍ കളത്തില്‍ ഛായാഗ്രാഹകനും. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമന്ദ്രനാണ് നിര്‍മ്മാതാവ്. സനില്‍ കളത്തില്‍, രജീഷ് മിഥില എന്നിവരുടേതാണ് തിരക്കഥയും സംഭാഷണവും.

പ്രണയത്തിന്റെ നവോന്മേഷ കാല്‍പനിക മുഖമാണ് യവ്വനത്തിന്റെ വാര്‍ദ്ധക്ക്യത്തിലെത്തിയ മത്തായി കാണിച്ചു തരുന്നത്. മനോഹരമായ പാട്ടുകളും ചങ്ങാതി കൂട്ടങ്ങളും പങ്കുവയ്ക്കലുകളുമായിഒരു പ്രസാദാത്മക പ്രണയചിത്രമാണ് 'മാര്‍ക്കോണി മത്തായി' .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com