കൈക്കൂലി കൊടുക്കേണ്ടെന്ന് വച്ചു, 'ഡ്രാമ'യിലെ രംഗം ഒഴിവാക്കി: രഞ്ജിത്ത്

സിനിമയില്‍ മൃഗങ്ങളെ ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് എന്‍ഒസി  ലഭിക്കാന്‍ മൃഗ സംരക്ഷണ ബോര്‍ഡിന് നിലവില്‍ നല്‍കേണ്ടിവരുന്നത് ലക്ഷങ്ങളുടെ കൈക്കൂലിയെന്ന് സംവിധായകന്‍ രഞ്ജിത്ത്
കൈക്കൂലി കൊടുക്കേണ്ടെന്ന് വച്ചു, 'ഡ്രാമ'യിലെ രംഗം ഒഴിവാക്കി: രഞ്ജിത്ത്

കോഴിക്കോട് : സിനിമയില്‍ മൃഗങ്ങളെ ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് എന്‍ഒസി  ലഭിക്കാന്‍ മൃഗ സംരക്ഷണ ബോര്‍ഡിന് നിലവില്‍ നല്‍കേണ്ടിവരുന്നത് ലക്ഷങ്ങളുടെ കൈക്കൂലിയെന്ന് സംവിധായകന്‍ രഞ്ജിത്ത്. കുറച്ചുകാലം മുന്‍പ് ചെന്നൈയില്‍ നിന്നും ഫരീദാബാദിലേക്ക് മാറ്റിയ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഒരു സിനിമയ്ക്ക് ആവശ്യപ്പെടുന്നത് അഞ്ച് ലക്ഷത്തിലധികം തുകയാണെന്നും രഞ്ജിത്ത്. കോഴിക്കോട്  ഗുഡ്‌നൈറ്റ് മോഹന്‍ എഴുതിയ പുസ്തകത്തിന്റെ  പ്രകാശന ചടങ്ങിലായിരുന്നു രഞ്ജിത്ത് ഈ രംഗത്തെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാണിച്ചത്. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയും വേദിയില്‍ ഉണ്ടായിരുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കൂടി ഉള്ള വേദി ആയതിനാലാണ് ഇക്കാര്യം താന്‍ തുറന്ന് പറയുന്നതെന്ന മുഖവുരയോടെയാണ് രഞ്ജിത്ത് ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

ചിത്രീകരണത്തിന് മൃഗങ്ങളെ ഉപയോഗിക്കുന്ന സിനിമകള്‍ക്കാണ് മൃഗസംരക്ഷണ ബോര്‍ഡിന്റെ എന്‍ഒസി വേണ്ടത്. അതില്ലാതെ സെന്‍സര്‍ ബോര്‍ഡ് അത്തരം സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കില്ല. എന്നാല്‍ മുന്‍പ് ചെന്നൈയിലുണ്ടായിരുന്ന അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫീസ് ഫരീദാബാദിലേക്ക് മാറ്റിയതിന് ശേഷമാണ് പരസ്യമായി കൈക്കൂലി ആവശ്യപ്പെടാന്‍ തുടങ്ങിയതെന്ന് രഞ്ജിത്ത് പറയുന്നു. 'സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തുന്ന രേഖകള്‍ സമര്‍പ്പിച്ച് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നേടേണ്ട ഓഫീസ് മുന്‍പ് മദിരാശിയിലായിരുന്നു. ഇപ്പോള്‍ ഫരീദാബാദിലാണ്. ഫരീദാബാദില്‍ ഇപ്പോള്‍ നടക്കുന്നത് പിടിച്ചുപറി അല്ലെങ്കില്‍ പകല്‍ക്കൊള്ളയാണ്. നിങ്ങള്‍ എന്തുതരം പേപ്പറുകളുമായി പോയാലും അഞ്ച് ലക്ഷം മുതലാണ് കൈക്കൂലി. അത് വാങ്ങിയിട്ടേ സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയുള്ളൂ.'- രഞ്ജിത്ത് പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കി താന്‍ ഒരുക്കിയ 'ഡ്രാമ'യിലെ ഒരു സ്വീക്വന്‍സ് ഇക്കാരണത്താല്‍ ഒഴിവാക്കേണ്ടിവന്നുവെന്നും രഞ്ജിത്ത് പറയുന്നു. 'ഡ്രാമയില്‍ ഒരു ക്രിസ്ത്യന്‍ മരണയാത്രയുടെ ഭാഗമായി കുതിരകളെ പൂട്ടിയ വണ്ടി കാണിക്കുന്നുണ്ട്. ആ കുതിരകള്‍ക്ക് ആപത്ത് സംഭവിച്ചിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡുകാര്‍ പറഞ്ഞു. കുതിരകളുടെ ഉടമസ്ഥയായ സ്ത്രീ തന്നെയാണ് സിനിമയിലും കുതിരകളെ ഓടിച്ചത്. അവരെ വിളിച്ച് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കിയിട്ടും ഫലമുണ്ടായില്ല. ഫരീദാബാദില്‍ പോകണമെന്നാണ് പറഞ്ഞത്. ഫരീദാബാദില്‍ പോവുക എന്നുവച്ചാല്‍ അഞ്ച് ലക്ഷം മുതല്‍ അവര്‍ ആവശ്യപ്പെടുന്ന കൈക്കൂലി കൊടുക്കുക എന്ന് തന്നെയാണ്. ഫരീദാബാദില്‍ ചെന്നപ്പോള്‍ രണ്ടുമൂന്ന് ദിവസത്തേക്ക് അവിടെ ഓഫീസില്‍ സ്റ്റാഫ് ഇല്ലെന്ന് പറഞ്ഞു. ചിത്രത്തിന്റെ റിലീസ് അതിനകം തീരുമാനിക്കപ്പെട്ടിരുന്നു. എനിക്ക് വളരെ വേദനാപൂര്‍വ്വം കുതിരകള്‍ ഉള്ള ആ രംഗം ഒഴിവാക്കേണ്ടിവന്നു'-രഞ്ജിത്ത് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com