ഇനിയും കണ്ണിറുക്കാനില്ല, അടുത്ത ഹിന്ദി ചിത്രം 'ലവ് ഹാക്കേഴ്‌സ്'; ബോളിവുഡില്‍ തിളങ്ങാനാഗ്രഹിച്ച് പ്രിയ വാര്യര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2019 04:20 PM  |  

Last Updated: 16th July 2019 04:20 PM  |   A+A-   |  

priya

ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിക്കാനുള്ള താത്പര്യം തുറന്നുപറഞ്ഞ് നടി പ്രിയ പ്രകാശ് വാര്യര്‍. ശ്രീദേവി ബംഗ്ലാവിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന താരം ഇപ്പോഴിതാ വീണ്ടും ഒരു ഹിന്ദി ചിത്രത്തിനായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. ലവ് ഹാക്കേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് ബോളിവുഡിലെ പ്രിയയുടെ രണ്ടാമത്തെ ചിത്രം. തുടര്‍ന്നും നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഏറെ സന്തോഷമാണെന്നാണ് പ്രിയയുടെ വാക്കുകള്‍. 

സൈബര്‍ ക്രൈം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ലവ് ഹാക്കേഴ്‌സ്. ശ്രീദേവി ബംഗ്ലാവിന്റെ സെറ്റിലിരുന്നാണ് രണ്ടാം ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പ്രിയ പങ്കുവച്ചത്. 

ഒരു കണ്ണിറുക്കലിലൂടെ വൈറലായ പ്രിയയ്ക്ക് പക്ഷെ തന്റെ ആ ഇമേജ് മാറ്റിയെടുക്കണമെന്നുണ്ട്. ആ സീന്‍ ഒരുപാട് പേര്‍ക്ക് ഇഷ്ടപ്പെട്ടതുകൊണ്ട് അത് തനിക്ക് വളരെയധികം പ്രശസ്തി നേടിതന്നെന്നും എന്നാല്‍ അത് തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നാല്‍ ആളുകള്‍ ചോദ്യം ചെയ്ത് തുടങ്ങുമെന്നും പ്രിയ പറയുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യണമെന്നും ഒരു അഭിനേതാവ് എന്ന നിലയില്‍ മെച്ചപ്പെടണമെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. 

ശ്രീദേവി ബംഗ്ലാവിന്റെ പേരില്‍ ഉയരുന്ന വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച പ്രിയ അത് സംവിധായകനെയും നിര്‍മാതാവിനെയും ബാധിക്കുന്ന വിഷയമാണെന്നും ലഭിച്ച കഥാപാത്രം അവതരിപ്പിക്കുക എന്നത് മാത്രമാണ് താന്‍ ചെയ്തതെന്നും പ്രിയ പറഞ്ഞു. ബോധപൂര്‍വ്വം ആരെയും വിഷമിപ്പിക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും താനും ശ്രീദേവിയുടെ വലിയ ആരാധികയാണെന്നും പ്രിയ പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തും.