ധൈര്യം നല്‍കിയ ചിത്രമെന്ന് ആസിഫ്, നഷ്ടപ്പെട്ട കരുത്ത് തിരിച്ച്കിട്ടിയെന്ന് പാര്‍വതി; 'ഉയരെ' 100ാം ദിനവും കടന്ന് 

ധൈര്യം നല്‍കിയ ചിത്രമെന്ന് ആസിഫ്, നഷ്ടപ്പെട്ട കരുത്ത് തിരിച്ച്കിട്ടിയെന്ന് പാര്‍വതി; 'ഉയരെ' 100ാം ദിനവും കടന്ന് 

ആസിഡ് ആക്രമണത്തിന് വിധേയായ പല്ലവി രവിന്ദ്രനായി പാര്‍വ്വതി ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

മകാലികവിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ചിത്രമാണ് മനു അശോകന്‍ സംവിധാനം ചെയ്ത 'ഉയരെ'. ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് വിധേയായ പല്ലവി രവിന്ദ്രനായി പാര്‍വ്വതി ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

പല്ലവിയെ ജീവന് തുല്യം സ്‌നേഹിച്ച് ഒടുവില്‍ അവളെ വേദനയുടെ ലോകത്തേക്ക് തള്ളിവിട്ട ഗോവിന്ദ് ബാലകൃഷ്ണന്‍ എന്ന നെഗറ്റീവ് റോളില്‍ ആസിഫ് അലി എത്തിയപ്പോള്‍ പ്രേക്ഷകര്‍ കണ്ണ് മിഴിച്ചിരുന്നു. കണ്ടവരെല്ലാം ഹൃദയത്തോട് ചേര്‍ത്തുവെച്ച 'ഉയരെ' എന്ന സിനിമ നൂറുദിവസത്തിന്റെ വിജയാവകാശം സ്വന്തമാക്കിയിരിക്കുകയാണ്.

ഇന്നലെ കൊച്ചിയിലെ ഐഎംഎ ഹൗസില്‍ ആയിരുന്നു നൂറാംദിനത്തിന്റെ ആക്ഷോഷരാവ്. പാര്‍വതിയും ആസിഫ് അലിയും ആയിരുന്നു ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം. മഴവില്‍ ബോര്‍ഡര്‍ ഉള്ള കറുപ്പ് സാരിയുടുത്ത് പതിവിലും സുന്ദരിയായിട്ടായിരുന്നു പാര്‍വതി ചടങ്ങിനെത്തിയത്. 

എല്ലാവരുടെയും മനസിനെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു കഥയും കഥാപാത്രങ്ങളുമായി 'ഉയരെ' എന്ന സിനിമ 'എസ് ക്യൂബ്' എന്ന ബാനറില്‍ തന്റെ മക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ക്ക് നിര്‍മിക്കാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പിവി ഗംഗാധരന്‍ പറഞ്ഞു.

പല്ലവി കൃത്യസമയത്ത് വന്നുചേര്‍ന്ന കഥാപാത്രമാണെന്ന് പാര്‍വതി പറഞ്ഞു. നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ കരുത്ത് പല്ലവിയിലൂടെ വീണ്ടുകിട്ടിയെന്നും പാര്‍വതി പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരുപാട് ധൈര്യം സമ്മാനിച്ച ചിത്രമായിരുന്നു 'ഉയരെ' എന്ന് ആസിഫ് അലി പറഞ്ഞു.

പെണ്‍മക്കളുടെ ആഗ്രഹങ്ങള്‍ക്കും വീഴ്ചകള്‍ക്കുമൊപ്പം നില്‍ക്കുന്നവരാകണം അച്ഛനെന്ന സന്ദേശം ജീവിതത്തിലേക്ക് ആഴത്തില്‍ തന്നതാണ് ഈ ചിത്രമെന്ന് നടന്‍ സിദ്ദിഖ് പറഞ്ഞു. പാര്‍വതി, ആസിഫ് അലി, നിര്‍മാതാക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ, ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പി.വി. ഗംഗാധരന്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. 

ചിത്രത്തിന്റെ സംവിധായകന്‍ മനു അശോകന്‍, തിരക്കഥാകൃത്തുകളായ ബോബിസഞ്ജയ്, ചിത്രത്തിലെ അഭിനേതാക്കളായ പ്രതാപ് പോത്തന്‍, പ്രേം പ്രകാശ്, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി, നാസര്‍ ലത്തീഫ്, സംഗീത സംവിധായകന്‍ ഗോപീ സുന്ദര്‍, സംവിധായകന്‍ സത്യന്‍ അന്തിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com