'ഹലോ, സണ്ണി ലിയോണി അല്ലേ'; നാല് ദിവസം കൊണ്ട് വന്നത് 500 ഫോണ്‍കോള്‍, നട്ടംതിരിഞ്ഞ് യുവാവ്‌

സണ്ണി ലിയോണിയുടെ നമ്പര്‍ അല്ലേ എന്ന് ചോദിച്ച് രാത്രിയും പകലും എന്നില്ലാതെ നൂറുകണക്കിന് പേരാണ് ഫോണ്‍വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്യുന്നത്
'ഹലോ, സണ്ണി ലിയോണി അല്ലേ'; നാല് ദിവസം കൊണ്ട് വന്നത് 500 ഫോണ്‍കോള്‍, നട്ടംതിരിഞ്ഞ് യുവാവ്‌

രാജ്യത്ത് ഏറ്റവും ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. ഭാഷഭേദമന്യേ എല്ലാവര്‍ക്കും താരത്തെ ഇഷ്ടമാണ്. എന്നാല്‍ സണ്ണി ലിയോണി കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കഷ്ടപ്പെടുകയാണ് ഡല്‍ഹി സ്വദേശിയായ 26 കാരന്‍. സണ്ണി ലിയോണിയുടെ നമ്പര്‍ അല്ലേ എന്ന് ചോദിച്ച് രാത്രിയും പകലും എന്നില്ലാതെ നൂറുകണക്കിന് പേരാണ് ഫോണ്‍വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്യുന്നത്. കഴിഞ്ഞ ദിവസം റിലീസായ സണ്ണി ലിയോണിയുടെ ഒരു പഞ്ചാബി സിനിമയാണ് പുനീത് അഗര്‍വാള്‍ എന്നയുവാവിന് തലവേദയായി മാറിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സണ്ണി ലിയോണി അഭിനയിച്ച അര്‍ജുന്‍ പാട്യാല എന്ന ചിത്രം തീയെറ്ററില്‍ എത്തിയത്. ചിത്രത്തില്‍ സണ്ണിയുടെ കഥാപാത്രം തന്റെ നമ്പറാണെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പര്‍ പറയുന്നുണ്ട്. എന്നാല്‍ ഈ നമ്പറിന് സ്വന്തമായി ഒരു ഉടമയുണ്ടായിരുന്നെന്നും സണ്ണിയോ അണിയറ പ്രവര്‍ത്തകരോ അറിഞ്ഞു കാണില്ല. എന്തായാലും അവരുടെ അശ്രദ്ധമൂലം ഇപ്പോള്‍ കഷ്ടപ്പെടുന്നത് പുനീതാണ്. 

500 ല്‍ അധികം ഫോണ്‍ കോളുകളാണ് ഇതിനോടകം പുനീതിന്റെ നമ്പറിലേക്ക് വന്നത്. അതിനൊപ്പം തന്നെ നിരവധി മെസേജുകളും. ഫോണ്‍ ശല്യമായി മാറിയതോടെ അദ്ദേഹം പൊലീസിന് പരാതി നല്‍കിയെങ്കിലും സണ്ണി ലിയോണിയെ തേടിയുള്ള ഫോണ്‍വിളികള്‍ക്ക് കുറവില്ലെന്നാണ് പറയുന്നത്. 

ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് പുനീത്. കൂടാതെ ചെറിയ ബിസിനസും നടത്തുന്നുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി ഇതേ നമ്പര്‍ തന്നെയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ബിസിനസിനെ ബാധിക്കുന്നതിനാല്‍ നമ്പര്‍ മാറ്റാന്‍ പറ്റാത്ത അവസ്ഥയാണ്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സണ്ണി ലിയോണിയെതേടിയുള്ള ആദ്യ ഫോണ്‍ കോള്‍ എത്തുന്നത്. സണ്ണി ലിയോണിയെ പരിചയപ്പെടുത്തി തരുമോ എന്ന് ചോദിച്ചായിരുന്നു ആദ്യത്തെ കോള്‍. തെറ്റായി നമ്പര്‍ ഡയല്‍ ചെയ്തതായിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീട് ഇതേ ആവശ്യവുമായി കൂടുതല്‍ പേര്‍ വിളിക്കുകയായിരുന്നു. രാജ്യത്തിനുള്ളില്‍ നിന്ന് മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ഫോണ്‍ വരുന്നുണ്ട്. ഫോണ്‍ വിളിച്ച ഒരാള്‍ തന്നെയാണ് സിനിമയിലെ രംഗത്തെക്കുറിച്ച് പുനീതിനോട് പറയുന്നത്. ഫോണ്‍വിളി തന്റെ ജീവിതം പ്രശ്‌നത്തിലാക്കിയിരിക്കുകയാണ് എന്നാണ് അദ്ദേഹം പറയുന്നത്. രണ്ട് ദിവസമായി ജോലിക്ക് പോകാനോ ശരിക്ക് ഉറങ്ങാനോ സാധിക്കുന്നില്ലെന്നാണ് പറയുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇത് അറിഞ്ഞെങ്കിലും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com