എട്ട് മണിക്കൂര്‍ ഇടവിട്ട് സ്റ്റിറോയിഡ് എടുക്കണം, മുടി കൊഴിഞ്ഞു, മുഖം ചുക്കിചുളിഞ്ഞു; ഭ്രാന്ത് പിടിപ്പിച്ച രണ്ട് വര്‍ഷങ്ങളെക്കുറിച്ച് സുസ്മിത സെന്‍ 

ബംഗാളി ചിത്രം നിര്‍ബാക്കിന്റെ സെറ്റില്‍ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് സുസ്മിതയെ ആശുപത്രിയില്‍ എത്തിക്കുന്നത്...
എട്ട് മണിക്കൂര്‍ ഇടവിട്ട് സ്റ്റിറോയിഡ് എടുക്കണം, മുടി കൊഴിഞ്ഞു, മുഖം ചുക്കിചുളിഞ്ഞു; ഭ്രാന്ത് പിടിപ്പിച്ച രണ്ട് വര്‍ഷങ്ങളെക്കുറിച്ച് സുസ്മിത സെന്‍ 

ഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കടന്നുപോയ ഇരുട്ട് നിറഞ്ഞ രണ്ട് വര്‍ഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി സുഷ്മിത സെന്‍. കടുത്ത ആരോഗ്യപ്രശ്‌നങ്ങളെ നേരിടേണ്ടിവന്ന ആ നാളുകളാണ് സ്വയം തിരിച്ചറിയാന്‍ സഹായിച്ചതെന്നും താരം പറയുന്നു. 

ബംഗാളി ചിത്രം നിര്‍ബാക്കിന്റെ സെറ്റില്‍ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് സുസ്മിതയെ ആശുപത്രിയില്‍ എത്തിക്കുന്നത്. വൃക്കഗ്രന്ഥികള്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. "ഇതിന്റെ അടുത്ത തലത്തില്‍ അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുമായിരുന്നു. എന്തുകൊണ്ടോ ഞാന്‍ അതില്‍ നിന്നെല്ലാം തിരിച്ചുവന്നു. പക്ഷെ ജീവിതകാലം മുഴുവന്‍ സ്റ്റിറോയിഡുകളെ ആശ്രയിക്കണം എന്ന അവസ്ഥയിലായി. ദിവസവും എട്ട് മണിക്കൂര്‍ ഇടവിട്ട് ഹൈഡ്രോകോര്‍ട്ടിസണ്‍ എന്ന സ്റ്റിറോയിഡ് എടുക്കണം", സുസ്മിത പറഞ്ഞു. 

ഇതിന്റെ അനന്തരഫലം പിന്നീടുള്ള രണ്ട് വര്‍ഷം പ്രകടമായി കണ്ടിരുന്നെന്നും തനിക്ക് ആ വര്‍ഷങ്ങള്‍ ക്ലേശകരമായിരുന്നെന്നും താരം പറയുന്നു. എന്നെ എപ്പോഴും ആളുകള്‍ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നത്. ഞാന്‍ മുന്‍ വിശ്വ സുന്ദരിയാണ്. അതുകൊണ്ടുതന്നെ വളരെ സുന്ദരിയായ ഒരു സ്ത്രീയായിരിക്കണം എന്നാണ് സങ്കല്‍പം. എന്റെ മുടി കൊഴിഞ്ഞുപോകുന്നത് ഞാന്‍ എന്നും നോക്കികൊണ്ടിരുന്നു. ശരീരത്തില്‍ പലയിടത്തും സ്റ്റിറോയിഡ് അടിഞ്ഞുകിടക്കാന്‍ തുടങ്ങി. തീരെ വയ്യാതെയായി. അപ്പോള്‍ ഞാനൊരു സിംഗിള്‍ മദര്‍ ആണ്. എന്റെ കുട്ടികള്‍ക്ക് അവരുടെ പല ആവശ്യങ്ങള്‍ക്കും ഞാന്‍ വേണമായിരുന്നു. ചുറ്റിനുമുള്ള കാര്യങ്ങളെ ഓര്‍ത്ത് എനിക്ക് ഭ്രാന്ത് പിടിക്കാന്‍ തുടങ്ങി. 

ആ സമയം 'ഞാന്‍ ആരാണ്' എന്ന് സ്വയം ചിന്തിക്കാന്‍ തുടങ്ങി. അത് എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു.

പിന്നീട് ലണ്ടനിലും ജര്‍മനിയിലും ചികിത്സ നടത്തി. അവിടെ നടത്തിയ പരിശോധനകളിലും ജീവിതകാലം മുഴുവന്‍ സ്റ്റിറോയിഡുകളെ ആശ്രയിക്കേണ്ടിവരും എന്നാണ് ഫലങ്ങള്‍ വന്നത്. എനിക്ക് പക്ഷെ അതിന് കഴിയുമായിരുന്നില്ല. അതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്നെ ഒരുപാട് അസ്വസ്ഥമാക്കി. എന്റെ കണ്ണുകള്‍ തളര്‍ന്ന് തുടങ്ങിയിരുന്നു. ദിവസവും 60 മില്ലിഗ്രാം സ്റ്റിറോയിഡ് പതിവായിരുന്നു. ടെലിവിഷന്‍ ഷോയോ മറ്റോ ചെയ്യുന്ന ദിവസങ്ങളില്‍ 100ഗ്രാം വരെ അത് ഉയര്‍ത്താറുണ്ട്. 

എന്നാല്‍ ഈ അവസ്ഥയെ മറികടന്നില്ലെങ്കില്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ലോകം അറിയാതെപോകും എന്ന ചിന്തയാണ് ധൈര്യമായത്. ചില പത്രവാര്‍ത്തകളിലും മറ്റും വായിച്ചറിഞ്ഞതിലപ്പുറം എന്നെക്കുറിച്ച് ആരും ഒന്നും അറിയില്ല. അന്ന് രാത്രി ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പേജ് തുടങ്ങി. എന്നെക്കുറിച്ച് മറ്റുള്ളവരോട് പറയാനാണ് ആ പേജ് തുടങ്ങിയത്. ഇന്നും ഇന്‍സ്റ്റഗ്രാമില്‍ ഞാന്‍ ആരെയും ഫോളോ ചെയ്യുന്നില്ല. കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ല. 

ഒരു രോഗിയായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലായിരുന്നു. എന്റെ ജോലി മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഡോക്ടര്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഒരു അഭിനേതാവായിരിക്കുന്നിടത്തോളം എനിക്കുള്ള സമ്മര്‍ദ്ദത്തെ നിയന്ത്രിക്കുക എളുപ്പമായിരുന്നില്ല. മുടി കൊഴിയുന്നതും മുഖത്തെ പേശികളും തൊലിയും ചുക്കിചുളിയുന്നതും നിങ്ങളെ ബാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരഭാരം കൂടുമെന്ന് അവര്‍ എന്നോട് പറഞ്ഞു. പക്ഷെ അതൊക്കെ കേട്ടിട്ടും പിന്നോട്ട് പോകാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പോകുന്നിടത്തോളം തുടരാന്‍ തന്നെ ഞാന്‍ ഉറപ്പിച്ചു. 

2016 ഓക്ടോബറിലാണ് ആ സന്തോഷവാര്‍ത്ത എന്നിലേക്കെത്തിയത്. അബുദാബിയില്‍ നടത്തിയ പരിശോധനയില്‍ എന്റെ ശരീരം വീണ്ടും കോര്‍ട്ടിസോള്‍ ഉല്‍പാദിപ്പിച്ച് തുടങ്ങി എന്ന് കണ്ടെത്തി. ആ വാര്‍ത്ത കേട്ടപ്പോല്‍ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നുപോലും എനിക്കറിയില്ലായിരുന്നു. അന്നുമുതല്‍ ഞാന്‍ സ്റ്റിറോയിഡുകള്‍ ഉപേക്ഷിച്ചു. പക്ഷെ അതില്‍ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമായിരുന്നില്ല. 2018 ഓഗസ്റ്റുവരെ ഞാന്‍ ആ പ്രയാസം അനുഭവിച്ചു, സുസ്മിത പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com