കര്‍ണന്റെ കാഞ്ചനമാലയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വിക്രം ചിത്രത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരേ പരാതിയുമായി ആര്‍.എസ് വിമല്‍

ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി തട്ടിപ്പ് നടത്തുകയാണ് ഒരു സംഘം
കര്‍ണന്റെ കാഞ്ചനമാലയാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്; വിക്രം ചിത്രത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരേ പരാതിയുമായി ആര്‍.എസ് വിമല്‍

വിക്രമിനെ നായകനാക്കി ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം കര്‍ണന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. അതിനിടെ ചിത്രത്തിന്റെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. ചിത്രത്തിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കി തട്ടിപ്പ് നടത്തുകയാണ് ഒരു സംഘം. ഇതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിയ്ക്കും വിമല്‍ പരാതി നല്‍കി. 

സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് തട്ടിപ്പ് നടക്കുന്നത്. കാസ്റ്റിംഗ് ഡയറക്ടര്‍ ആണെന്ന് പറഞ്ഞ് മിടേഷ് നായിഡു എന്ന വ്യക്തിയാണ് തട്ടിപ്പ് നടത്തുന്നത്. ഇയാള്‍ക്കെതിരേയാണ് വിമല്‍ പരാതി നല്‍കിയത്. ചെന്നൈ ആസ്ഥാനമായുള്ള ആര്‍.എസ് വിമല്‍ ഫിലിംസ്, മുംബൈ ആസ്ഥാനമായുള്ള ഇംപാക്ട് ഫിലിംസ് പ്രൈവറ്റ്‌ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ പേരിലാണ്  തട്ടിപ്പ് നടക്കുന്നത്. ചിത്രത്തിന്റെ ലോഗോ പരസ്യ ഡിസൈന്‍ എന്നിവ വ്യാജമായി നിര്‍മിക്കുകയും ഇത് കര്‍ണ്ണന്റെ ഔദ്യോഗിക സാമൂഹ്യമാധ്യമ പേജുകള്‍ക്ക് സമാനമായ വ്യാജ പേജുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്.

പരസ്യം കണ്ട് ഓണ്‍ലൈന്‍ വഴി ബന്ധപ്പെടുന്നരില്‍ നിന്ന് ഫോണ്‍ നമ്പര്‍വാങ്ങി കാസ്റ്റിംഗ് ഡയറക്ടര്‍ എന്ന വ്യാജേന വിളിക്കും. ചിത്രത്തിന്റെ റോളിനെക്കുറിച്ചും ഷൂട്ടിനെക്കുറിച്ചുമെല്ലാം വിശദമായി സംസാരിക്കും. 76 ദിവസത്തെ ഷൂട്ടിങ്ങ് ഉണ്ടാകുമെന്നും ഇതിനായി രണ്ട് ലക്ഷം രൂപ ചെലവാകുമെന്നും പറയും. ഇത് അഭിനേതാക്കള്‍ തന്നെ വഹിക്കണമെന്നും പണം മുന്‍കൂട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടും. ഇത് സമ്മതിക്കുന്നവര്‍ 8500 രൂപ ഓണ്‍ലൈന്‍ വഴി അടച്ച് കരാറില്‍ ഒപ്പിടണം. 

കര്‍ണന്റെ കാമുകിയായ കാഞ്ചനമാലയുടെ റോളിലേക്കാണ് അഭിനേതാക്കളെ ക്ഷണിക്കുന്നത്. അങ്ങനെയൊരു കഥാപാത്രം മഹാഭാരതത്തില്‍ ഇല്ല എന്ന് അറിയാത്തവരാണ് കെണിയില്‍ വീഴുന്നത്. പരസ്യം ശ്രദ്ധയിക്കപ്പെട്ട  മുംബൈ സ്വദേശിനി സിമ്രാന്‍ ശര്‍മ്മ എന്ന യുവതി അപേക്ഷ നല്‍കിയിരുന്നു. ഫോണിലൂടെയുളള അഭിമുഖത്തിന് ശേഷം യുവതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് സംഘം ഇവരെ പ്രധാന നായികയുടെ വേഷത്തില്‍ തിരഞ്ഞെടുത്തുയെന്ന് അറിയിച്ചു. ഇത് കാട്ടി വ്യാജ ലെറ്ററുകള്‍ അയച്ചിരുന്നുയെന്നും പറയുന്നു. തുടര്‍ന്ന് യുവതിയുടെ സഹോദരന്‍ ഗൗരവ് ശര്‍മ്മയെ ബന്ധപ്പെട്ട സംഘം ഷൂട്ടിങ് ആരംഭിക്കുകയാണന്നും മുന്‍കൂട്ടി അറിയിച്ചത് അനുസരിച്ച് താമസ ചെലവായി  രണ്ടുലക്ഷം രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതില്‍ സംശയം തോന്നിയ ഗൗരവ് പണം നല്‍കിയില്ല. പല തവണയായി ഗൗരവിനെ ബന്ധപ്പെടുന്ന സംഘം സഹോദരിയുടെ റോള്‍ നഷ്ടമാകാതെയിരിക്കാന്‍ ഉടനെ ഒരു ലക്ഷം രൂപ അടയ്ക്കണം എന്ന് പറഞ്ഞെങ്കിലും  അന്വേഷണത്തില്‍ തട്ടിപ്പ് മനസിലാക്കിയ ഗൗരവ് വിവരം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് സംവിധായകന്‍ വിമല്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ആറ് മാസങ്ങള്‍ക്ക് മുന്‍പ് കാസ്റ്റിങ് കഴിഞ്ഞതാണെന്നും തനിക്ക് ഹൈദരാബാദില്‍ മാത്രമാണ് ഓഫീസ് ഉള്ളതെന്നുമാണ് വിമല്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com