'മോഹന്‍ലാലിന്റെ അഭിനയം കണ്ടുനില്‍ക്കാന്‍ അതിരാവിലെ വരും'; ഷീല കാപട്യമില്ലാത്ത മനസിന്റെ ഉടമയാണെന്ന് സത്യന്‍ അന്തിക്കാട്

'വളരെ കൗതുകത്തോടെയും ആരാധനയോടെയുമാണ് മോഹന്‍ലാലിന്റെ അഭിനയം ഷീല നോക്കിനിന്നിരുന്നത്'
'മോഹന്‍ലാലിന്റെ അഭിനയം കണ്ടുനില്‍ക്കാന്‍ അതിരാവിലെ വരും'; ഷീല കാപട്യമില്ലാത്ത മനസിന്റെ ഉടമയാണെന്ന് സത്യന്‍ അന്തിക്കാട്

മോഹന്‍ലാലിനേയും ഷീലയേയും പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് സ്‌നേഹവീട്. ചിത്രത്തില്‍ പറയുന്നത് അമ്മയും മകനും തമ്മിലുള്ള ബന്ധമാണ്. ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന്റെ അഭിനയം കാണാന്‍ വേണ്ടി മാത്രമായി ഷീല രാവിലെ ലൊക്കെഷനില്‍ എത്തുമായിരുന്നു എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. ജെ.സി ഡാനിയല്‍ അവാര്‍ഡ് സ്വന്തമാക്കിയ ഷീലയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് മാതൃഭൂമിയില്‍ എഴുതിയ കുറിപ്പിലാണ് സത്യന്‍ അന്തിക്കാട് ഇത് വ്യക്തമാക്കിയത്. 

വളരെ കൗതുകത്തോടെയും ആരാധനയോടെയുമാണ് മോഹന്‍ലാലിന്റെ അഭിനയം ഷീല നോക്കിനിന്നിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ''ഉച്ചകഴിഞ്ഞേ ചേച്ചിയുടെ സീന്‍ എടുക്കുന്നുള്ളൂ. അതുവരെ മുറിയില്‍ വിശ്രമിച്ചോളൂ'' എന്നുപറഞ്ഞാലും അതിരാവിലെ ഞങ്ങളെത്തും മുന്‍പ് ലൊക്കേഷനിലെത്തും. ചോദിച്ചാല്‍ പറയും, ''മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ടുകൊണ്ട് നില്‍ക്കാമല്ലോ.'' ലാല്‍ സിനിമയെന്ന മാധ്യമത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലാത്ത കാലത്ത് അന്നത്തെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മത്സരിച്ചഭിനയിച്ച നടിയാണ്. പക്ഷേ, കൗതുകത്തോടെ, ആരാധനയോടെ മോഹന്‍ലാല്‍ അഭിനയിക്കുന്നതും നോക്കി നില്‍ക്കും. സത്യന്‍ അന്തിക്കാട് പറഞ്ഞു. 

രാവിലെ ആറുമണിക്ക് ഷൂട്ടിങ് തുടങ്ങുമെന്നു പറഞ്ഞാല്‍ അതിനും പത്തുമിനിറ്റ് മുന്‍പുതന്നെ സെറ്റിലെത്തും. സമയം ഏറെ വിലപിടിച്ചതാണെന്ന് അവര്‍ക്ക് അറിയാമെന്നും സത്യന്‍ കുറിച്ചു. ഷീല മലയാളത്തിന്റെ സ്വന്തം നടിയാണ്, കഥാകൃത്താണ്, ചിത്രകാരിയാണ്. 'യക്ഷഗാനം' എന്ന മനോഹരമായ സിനിമയുടെ സംവിധായികയാണ്.എല്ലാത്തിനുമുപരിയായി കാപട്യമില്ലാത്ത ഒരു നല്ല മനസ്സിന്റെ ഉടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയല്‍ അവാര്‍ഡിന് ഇത്തവണ അര്‍ഹയായത് മലയാളത്തിന്റെ പ്രിയ താരം ഷീലയാണ്. വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് നല്‍കുന്ന സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com