നടന്റെ മരണത്തിന് കാരണം അര്‍ബുദമില്ലാതെ ആറ് കീമോ ചെയ്തത്; ആരോപണവുമായി കുടുംബം 

തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറ് തവണ കീമോ തെറാപ്പി ചെയ്തതോടെ പ്രതിരോധശേഷി നഷ്ടപ്പെട്ട് ന്യുമോണിയ ബാധിച്ചാണ് അദ്ദേഹം മരിച്ചത്
നടന്റെ മരണത്തിന് കാരണം അര്‍ബുദമില്ലാതെ ആറ് കീമോ ചെയ്തത്; ആരോപണവുമായി കുടുംബം 

കൊച്ചി; അര്‍ബുദമില്ലാത്ത യുവതിയ്ക്ക് കീമോതെറാപ്പി നടത്തിയെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇതിന് പിന്നാലെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. നടന്‍ കുഞ്ഞുകുഞ്ഞിന്റെ മരണം അര്‍ബുദമില്ലാത്ത കീമോ തെറാപ്പി കാരണമാണ് സംഭവിച്ചത് എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം. തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറ് തവണ കീമോ തെറാപ്പി ചെയ്തതോടെ പ്രതിരോധശേഷി നഷ്ടപ്പെട്ട് ന്യുമോണിയ ബാധിച്ചാണ് അദ്ദേഹം മരിച്ചതെന്നാണ് മാധ്യമ ദിനപ്പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 

സിനിമ നാടക നടനും സാമൂഹിക പ്രവര്‍ത്തകനുമായ കുഞ്ഞുകുഞ്ഞ് ഫെബ്രുവരി 24 നാണ് മരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു മരണം. 2018 ലാണ് കടുത്ത ചുമയെ തുടര്‍ന്ന് പള്ളുരുത്തിയിലെ സ്വകാര്യ ആശുപത്രിയില്‍ കുഞ്ഞുകുഞ്ഞ് ചികിത്സ തേടിയത്. ഉടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കാണിക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി രക്തവും മറ്റും പരിശോധനയ്ക്ക നല്‍കി. ശ്വാസകോശാര്‍ബുധം രണ്ടാം ഘട്ടം കഴിഞ്ഞു എന്നായിരുന്നു ഹരിയാനയിലെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധന ഫലം. 

ചികിത്സക്ക് 15 ലക്ഷം ചെലവുവരുമെന്നും ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് പരിചയക്കാരായ ചില ഡോക്ടര്‍മാെര പരിശോധന ഫലം കാണിച്ചപ്പോള്‍ അര്‍ബുദം ഗുരുതര  ഘട്ടത്തിലാണെന്നും ഏറിയാല്‍ മൂന്നുമാസമേ ജീവിക്കൂ എന്നും കീമോ ചെയ്താല്‍ ആയുസ്സ് നീട്ടിക്കിട്ടുമെന്നുമായിരുന്നു മറുപടി. തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയില്‍ എത്തിയത്. സ്വകാര്യലാബിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ 2018 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെ ആറ് കീമോ ചെയ്തു. ഈ സമയത്തൊന്നും അര്‍ബുദത്തിന്റെ ഒരു ലക്ഷണവും കുഞ്ഞുകുഞ്ഞ് പ്രകടിപ്പിച്ചിരുന്നില്ലെന്നാണ് ഭാര്യ മേഴ്‌സി പറയുന്നത്.

അദ്ദേഹം പൂര്‍ണ ആരോഗ്യവാനായിരുന്നെന്നും ഇതിനിടെ ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചെന്നുമാണ് അവര്‍ പറയുന്നത്. കീമോക്കുശേഷം ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ നിലവില്‍ അര്‍ബുദം ഇല്ലെന്നാണ് രേഖപ്പെടുത്തിയത്. രോഗം മാറിയതാണെന്ന ധാരണയില്‍ തിരിച്ചുപോന്നു. കഴിഞ്ഞ ജനുവരി അവസാനമാണ് കുഞ്ഞുകുഞ്ഞിന് പനി പിടിച്ചത്. അത് ന്യുമോണിയയായി. ചികിത്സക്കിടെയായിരുന്നു മരണം. 

അര്‍ബുദമാണെന്ന ലാബ് റിപ്പോര്‍ട്ട് തെറ്റായിരുന്നെന്നും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇക്കാര്യം രണ്ടാമത് പരിശോധിക്കാതെ ചികിത്സ തുടങ്ങുകയായിരുന്നെന്നും മേഴ്‌സി പറയുന്നത്. കുറ്റക്കാര്‍ക്കെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് അവര്‍. കോട്ടയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനും നിയമനടപടി സ്വീകരിക്കാനുമാണ് കുടുംബത്തിന്റെ തീരുമാനം. 'ഈ.മ.യൗ', 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍', 'ഫ്രഞ്ച് വിപ്ലവം', 'മട്ടാഞ്ചേരി' തുടങ്ങിയ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്. 

എന്നാല്‍ ആരോപണം ജനറല്‍ ആശുപത്രി അധികൃതര്‍ തള്ളി. കുഞ്ഞുകുഞ്ഞിന്റെ കിമോ തെറാപ്പി നടപടിക്രമം പാലിച്ചുതന്നെയായിരുന്നു എന്നാണ് ആശുപത്രിയുടെ സൂപ്രണ്ട് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com