വൈറസ് പറഞ്ഞത് ഞങ്ങളുടെ കഥയല്ല; മെഡിക്കൽ കോളജിനപ്പുറത്തേക്ക് ആഷിഖിന്റെ ക്യാമറ സഞ്ചരിച്ചിട്ടില്ല; കുറിപ്പുമായി പേരാമ്പ്ര സ്വദേശി

സിനിമക്കെതിരെ കോഴിക്കോട് പേരാമ്പ്ര സ്വദേശി ഇട്ട ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുകയാണ്
വൈറസ് പറഞ്ഞത് ഞങ്ങളുടെ കഥയല്ല; മെഡിക്കൽ കോളജിനപ്പുറത്തേക്ക് ആഷിഖിന്റെ ക്യാമറ സഞ്ചരിച്ചിട്ടില്ല; കുറിപ്പുമായി പേരാമ്പ്ര സ്വദേശി

കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് സിനിമ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. അതിനിടെ സിനിമക്കെതിരെ കോഴിക്കോട് പേരാമ്പ്ര സ്വദേശി ഇട്ട ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഭയപ്പാടിന്റെയും ആശങ്കയുടെയും നാളുകളിൽ പേരാമ്പ്രക്കാർ കാട്ടിയ അസാമാന്യമായ പോരാട്ടവീര്യം വൈറസ് എന്ന സിനിമയിലും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചത് തെറ്റായിപ്പോയെന്ന് കുറിപ്പിൽ പറയുന്നു. സിനിമ പേരാമ്പ്രക്കാരോട് നീതി പുലർത്തിയില്ലെന്നു മാത്രമല്ല അങ്ങേയറ്റം ഇൻസെൻസിറ്റീവായി കഥ കൈകാര്യം ചെയ്തുവെന്നാണ് പേരാമ്പ്രക്കാരൻ എന്ന നിലയിൽ പലയിടത്തും ഫീൽ ചെയ്തതെന്നും കുറിപ്പിൽ പറയുന്നു. 

പേരാമ്പ്രയെ, അതിന്റെ ചെറുത്തുനില്പിനെ എവിടെയാണ് ആഷിക് അബു വരച്ചുകാട്ടിയത്? കോഴിക്കോട് മെഡിക്കൽ കോളേജിനപ്പുറത്തേക്ക് ആഷിക്കിന്റെ കാമറ സഞ്ചരിച്ചിട്ടില്ല. മാസങ്ങൾക്കു മുൻപു മാത്രം നടന്നൊരു സംഭവത്തിന്‌ ചലച്ചിത്ര ഭാഷ്യം നൽകുമ്പോൾ, ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായവരുടെ കഥ പറയാൻ അവരോട് രൂപ സാദൃശ്യമുള്ളവരെ കാസ്റ്റ് ചെയ്യുമ്പോൾ, അത് വെച്ച് പടം മാർക്കറ്റ് ചെയ്യുമ്പോൾ മിനിമം നിങ്ങൾ പേരാമ്പ്രയോട് നീതി പുലർത്തുകയെങ്കിലും വേണമായിരുന്നു. 

കുറിപ്പിന്റെ പൂർണ രൂപം

നിപയെന്ന മഹാമാരിയെ നിശ്ചയദാർഢ്യം കൊണ്ടുനേരിട്ട ഒരു ജനതയായാണ് ചരിത്രം പേരാമ്പ്രയെന്ന ദേശത്തേയും അവിടുത്തെ നാട്ടുകാരെയും അടയാളപ്പെടുത്തുക. ഭയപ്പാടിന്റെയും ആശങ്കയുടെയും നാളുകളിൽ പേരാമ്പ്രക്കാർ കാട്ടിയ അസാമാന്യമായ പോരാട്ടവീര്യം വൈറസ് എന്ന സിനിമയിലും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിടത്താണ് തെറ്റ്. മൗദൂദിസ്റ്റിന്റെ രചനയിൽ ആഷിക് അബു സംവിധാനം ചെയ്ത സിനിമ പേരാമ്പ്രക്കാരോട് നീതി പുലർത്തിയില്ലെന്നുമാത്രമല്ല അങ്ങേയറ്റം ഇൻസെൻസിറ്റീവായി കഥ കൈകാര്യംചെയ്തുവെന്നാണ് പേരാമ്പ്രക്കാരൻ എന്നനിലയിൽ പലയിടത്തും ഫീൽ ചെയ്തത്.

നിപയെ ജാഗ്രതയോടെ ഒറ്റക്കെട്ടായാണ് പേരാമ്പ്ര നേരിട്ടത്. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരു ജനതയുടെ ചെറുത്തുനിൽപ്പായിരുന്നു അവിടെ നാം കണ്ടത്. ആദ്യമൊന്ന് ഭയന്നുവിറങ്ങലിച്ചുപോയെന്നത് നേരാണ്. എന്നാൽ വളരെ പെട്ടന്നുതന്നെ ജാഗ്രത്തായ പ്രവർത്തനങ്ങളുമായി നിപയെ തുരത്തുകയെന്ന സംഘടിത ചെറുത്തുനിൽപ്പിന്റെ ഘട്ടമായിരുന്നു പിന്നീട്. പൊളിറ്റിക്കൽ ലീഡർഷിപ്പുതന്നെയാണ് ഈ ഘട്ടത്തിൽ ഫൈറ്റ്ബാക്കുചെയ്യാനുള്ള ഉൽപ്രേരണോർജ്ജം പകർന്നത്. ഷൈലജ ടീച്ചറും ടിപി രാമകൃഷ്ണനും തുടക്കമിട്ട ആ സംഘടിത യജ്ഞത്തിൽ ഇങ്ങുതാഴെ പഞ്ചായത്ത് വാർഡ്‌ മെമ്പർമാർ വരെയുള്ളവർ അണിനിരന്നു. കേരളം മുഴുവൻ ഞങ്ങൾ പേരാമ്പ്രക്കാർക്കൊപ്പമായിരുന്നു.

ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആരോഗ്യവകുപ്പ്, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, ജില്ലാ ഭരണകൂടം, ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആശുപത്രി ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, ആശാ വർക്കേഴ്സ്, അംഗൻവാടി വർക്കേഴ്സ് തുടങ്ങി എല്ലാവരും ഒരേ മനസ്സോടെയാണ് പേരാമ്പ്രയിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ഭീതി പരത്താതെ കൃത്യമായ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂന്നിയായിരുന്നു നിപാ ഭീഷണിയെ നാട്ടുകാർ നേരിട്ടത്. സ്‌ഥലം എംഎൽഎയും തൊഴിൽ മന്ത്രിയുമായ ടിപി രാമകൃഷ്ണൻ സ്വന്തം ആരോഗ്യം പോലും നോക്കാതെ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങി. ഷൈലജ ടീച്ചർ കോഴിക്കോട് ക്യാമ്പുചെയ്ത് പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആത്മവിശ്വാസം നൽകി കൂടെനിന്നു.

ബ്യൂറോക്രാറ്റുകൾക്ക് ഇവിടെ റോളുണ്ടായിരുന്നില്ലെന്നല്ല, എന്നാൽ അതിലും വലിയ എഫർട്ടാണ് പൊളിറ്റിക്കൽ ലീഡർഷിപ്പും ഇന്നാട്ടിലെ ജനങ്ങളും നടത്തിയത്. വൈറസ് സിനിമ ബ്യൂറോക്രാറ്റുകളുടെ കണ്ണിലൂടെയാണ് നിപയെ കണ്ടത്. പക്ഷേ, സിനിമയിലെപ്പോലെ ഗ്ലോറിഫൈഡ് ക്ലറിക്കലുദ്യോഗസ്‌ഥരുടെ തള്ളിമറിക്കലിലല്ല നിപ്പയെ ഞങ്ങൾ തുരത്തിയത്. മറിച്ച് പബ്ലിക് ആക്ഷനെന്ന് പേരിട്ടുവിളിക്കുന്ന ജനതയുടെ സംഘടിത പൊട്ടൻഷ്യലിലാണ് ഭയന്നുവിറങ്ങലിച്ച ഒരുനാട് അതിശയകരമായി തിരിച്ചുവന്നത്. പേരാമ്പ്രയെ, അതിന്റെ ചെറുത്തുനില്പിനെ എവിടെയാണ് ആഷിക് അബു വരച്ചുകാട്ടിയത്? കോഴിക്കോട് മെഡിക്കൽ കോളേജിനപ്പുറത്തേക്ക് ആഷിക്കിന്റെ കാമറ സഞ്ചരിച്ചിട്ടില്ല. മാസങ്ങൾക്കുമുൻപുമാത്രം നടന്നൊരു സംഭവത്തിന്‌ ചലച്ചിത്ര ഭാഷ്യം നൽകുമ്പോൾ, ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായവരുടെ കഥ പറയാൻ അവരോട് രൂപസാദൃശ്യമുള്ളവരെ കാസ്റ്റ് ചെയ്യുമ്പോൾ, അത് വെച്ച് പടം മാർക്കറ്റ് ചെയ്യുമ്പോൾ മിനിമം നിങ്ങൾ പേരാമ്പ്രയോട് നീതി പുലർത്തുകയെങ്കിലും വേണമായിരുന്നു.

നിപ്പാ അതിജീവനപ്പോരാട്ടത്തിൽ പൊളിറ്റിക്കൽ ലീഡർഷിപ്പിനെ ഡൗൺപ്‌ളേ ചെയ്യാനുള്ള വ്യഗ്രത പടത്തിൽ അങ്ങോളം ദൃശ്യമാണ്. വൈറസ് സിനിമയിലെ ആരോഗ്യ മന്ത്രിക്ക് മുഴുനീളെ നിസ്സഹായഭാവമാണ്. നിപ്പാക്കാലത്ത് ഞങ്ങൾ കണ്ട ഷൈലജ ടീച്ചർ അങ്ങനെയല്ലായിരുന്നു. ടീച്ചറുടെ ദിനേനയുള്ള പത്രസമ്മേളനങ്ങൾക്കും മറ്റ് ബ്രീഫിങ്ങുകൾക്കും കാതോർത്തിരിക്കുകയായിരുന്നു നാട് മുഴുവൻ. പേരാമ്പ്രക്കാരെ കണ്ടാൽ മറ്റുള്ളവർ ഓടിയൊളിക്കുന്ന, ബാംഗ്ലൂരിലും ചെന്നൈയിലുമുള്ള കോഴിക്കോട്ടുകാർക്കുപോലും മറ്റുള്ളവരിൽനിന്നും ഒറ്റപ്പെടലനുഭവിക്കേണ്ടിവന്ന അക്കാലത്ത് ടീച്ചറുടെ വാക്കുകൾ ആ നാടിന് അത്രയും ആശ്വാസമായിരുന്നു. എത്ര നിശ്ചയദാർഢ്യത്തോടും ആത്മവിശ്വാസത്തോടും കൂടിയാണ് ടീച്ചറന്ന് ഇടപെട്ടത്. രേവതിയുടെ കഥാപാത്രത്തിന് സ്ക്രീൻ പ്രസൻസ് നൽകാത്തതും കളക്ടറുടെ വേഷത്തിന് പ്രാധാന്യം നൽകിയതും തിരക്കഥാകൃത്തുകളുടെ മൗദൂദിയൻ ബുദ്ധിയാണെന്ന് പറയേണ്ടി വരും.

എന്തിനാണ് ഇത്രയും സൂപ്പർ താരങ്ങൾ എന്ന് സിനിമയുടെ നിർമ്മാതാവായ റിമയോട് ഒരിന്റർവ്യൂയിൽ ചോദിക്കുന്നുണ്ട്. ഓരോ കഥാപാത്രവും ഇതിൽ അത്രയും പ്രധാനപ്പെട്ടതാണെന്നും അവരെ അവതരിപ്പിക്കാൻ അറിയപ്പെടുന്ന നടീനടന്മാർ വേണ്ടതുണ്ടെന്നുമെല്ലാമാണ് അന്നവർ പറഞ്ഞത്. പേരാമ്പ്ര എംഎൽഎ കൂടിയായ മന്ത്രി ടിപി രാമകൃഷ്ണൻ നാട്യങ്ങളേതുമില്ലാത്ത ജനപ്രതിനിധിയാണ്. മറ്റെല്ലാ കഥാപാത്രങ്ങളേയും സൂപ്പർതാരങ്ങളോ, മറ്റ് അറിയപ്പെടുന്ന താരങ്ങളോ അവതരിപ്പിച്ചപ്പോൾ ടിപിയായി അഭിനയിച്ചത് താരതമ്യേനെ പുതുമുഖമായ നടൻ സെന്തിലാണ്. സെന്തിൽ നല്ല നടനാണെന്നതിൽ സംശയമില്ല. എന്നാൽ ആ കഥാപാത്രത്തിന് വേണ്ടത്ര റോളുകൊടുക്കാതിരിക്കാൻ തിരക്കഥാകൃത്തിന് പ്രത്യേക താല്പര്യമുള്ളതുപോലെ തോന്നി. കോഴിക്കോട് കളക്‌ടറേറ്റിലെ കോർ കമ്മിറ്റി റിവ്യൂ മീറ്റിങ്ങുകളിലെ സെന്തിലിന്റെ തലതാഴ്ത്തിയുള്ള ഇരിപ്പും വോട്ടുബാങ്ക് നോക്കിയായും മറ്റുമുള്ള സീനുകളും കണ്ടപ്പോൾ പേരാമ്പ്രക്കാരനെന്ന നിലയിൽ പടത്തിന്റെ അണിയറപ്രവർത്തകരോട് നല്ല ദേഷ്യമാണ് തോന്നിയത്. പൂർണ്ണിമയുടെ കഥാപാത്രം മന്ത്രിയെ തിരുത്തുന്ന രംഗമുണ്ട്. അരോചകമായ രീതിയിലാണ് ആ സീൻ മൊത്തം എടുത്തത്. സിനിമയിലെ കോർ കമ്മിറ്റി മീറ്റിങ്ങുകളിൽ സ്‌ഥലം എംഎൽഎക്ക് ഒന്നും ചെയ്യാനില്ലായിരുന്നു.

നിപാ കാലത്തെ മന്ത്രി ടിപി രാമകൃഷ്ണൻ അങ്ങനെ ആയിരുന്നെന്നാണോ മുഹ്‌സിന്റെ കണ്ടെത്തൽ? ലോക്കൽ ബോഡികളിലെ ജനപ്രതിനിധികൾ മുതൽ മുകളിലോട്ടുള്ള സകല ജനപ്രതിനിധികളേയും സംയോജിപ്പിച്ചുകൊണ്ട് ബോധവൽക്കരണ പ്രവർത്തനത്തിനും പ്രാദേശിക മേഖലകളിലെ ഇടപെടലുകൾക്കും നേതൃത്വം കൊടുത്തത് ടിപി രാമകൃഷ്ണനായിരുന്നു. ആശാ വർക്കർമാർ വീടുകൾ കയറിയിറങ്ങി. രോഗത്തിന്റെ റൂട്ട് ട്രേസുചെയ്യാൻ ഏറ്റവും സഹായകമായത് ആശാ വർക്കർമാരുടെ ഇടപെടലുകളാണ്. സിനിമയിലേതുപോലെ സിഐഡി ഡോക്ടർമാരല്ല ആശാ വർക്കർമാരാണ് അതിൽ മുന്നിൽ നിന്നത്. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ ആ ഡോക്ടർ വലിയ സഹായം ചെയ്തിട്ടുണ്ടാകാം. എന്നാൽ സിനിമയിലേതുപോലെ അതൊരു ഒറ്റയാൾ പോരാട്ടം അല്ലതന്നെ. ആശങ്കയകറ്റാനും ജാഗ്രത പാലിക്കാനും നോട്ടീസുകൾ വിതരണം ചെയ്തതും കുടുംബശ്രീ പ്രവർത്തകരാണ്. ടിപി രാമകൃഷ്ണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളാകെ ആളുകളോട് സംസാരിച്ചുകൊണ്ട് അവരുടെ ഭീതിയകറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി ജാഗ്രതാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താനുള്ള നടപടികൾക്ക് വേഗം കൂട്ടി. പ്രാദേശിക ലാബുകളിലെ ടെക്നീഷ്യൻമാരെയുൾപ്പെടെ അണിനിരത്തി ഹെൽത്ത് സെന്ററുകൾ സജ്ജമാക്കി നിർത്തി. ഇങ്ങനെ പേരാമ്പ്രയിൽ ചെറുത്തുനിൽപ്പിന്റെ ഭാഗമായി നടന്നത് പലതുണ്ട്.

ഒരു വർഷത്തെ റിസേർച്ചിനുശേഷമാണത്രേ മുഹ്സിൻ പരാരിയും ടീമും വൈറസിന്റെ തിരക്കഥയെഴുതിയത്. ഇങ്ങനെയൊരു സിനിമയെടുക്കാൻ റിസേർച് വേണ്ടിവരും എന്നത് ശരിയാണ്. എന്നാൽ മുഹ്സിൻ റിസേർച് നടത്തിയത് ഏതായാലും ഞങ്ങൾ ജീവിക്കുന്ന പേരാമ്പ്രയിൽ അല്ല. പരാരിയുടെ സ്വന്തം മീഡിയാ വണ്ണുൾപ്പെടെ ഒരൊറ്റ ചാനലുകാരനും പേരാമ്പ്ര ഭാഗത്തേക്ക് തിരിഞ്ഞുനോക്കാത്തതുകൊണ്ട് പേരാമ്പ്രയിൽ അന്നുനടന്നതിനെക്കുറിച്ച് വല്ലതും അറിയണമെങ്കിൽ നാട്ടുകാരോടുതന്നെ ചോദിക്കണം. അങ്ങനെ വല്ലതും ചെയ്തിരുന്നെങ്കിൽ വൈറസ് സിനിമയിൽ അന്നത്തെ പേരാമ്പ്രയെ കാണുമായിരുന്നു. കണ്ടില്ലെന്നുമാത്രമല്ല ഒരു നാടിനെക്കുറിച്ച് തീർത്തും അവാസ്തവമായ ചിത്രങ്ങളാണ് മുഹ്‌സിനും കൂട്ടരും നൽകിയതും. പന്തിരിക്കര സൂപ്പിക്കടയിൽ നിന്ന് നൂറോളം കുടുംബങ്ങൾ പലായനം ചെയ്‌തെന്ന കള്ളവാർത്ത പടച്ചുവിട്ട് പേരാമ്പ്രക്കാരെയാകെ പാനിക്കാക്കാനായിരുന്നു മുഖ്യധാരാ മാധ്യമങ്ങളുടെ ഉത്സാഹം. ചാനൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെയുള്ള റിപ്പോർട്ടിങ്ങുകളായിരുന്നു മുഴുവനും. അന്ന് മുഹ്‌സിന്റെ പാർടിയുടെ ചാനലിന്റെ ഡൽഹി ബ്യൂറോ ചീഫ് ഉണ്ടാക്കിയ വിവാദവും പേരാമ്പ്രക്കാർ മറക്കില്ല. സംഘപരിവാരം വേട്ടയാടിയ ഗോരഖ്പൂരിലെ ശിശുരോഗവിദഗ്ധൻ കഫീൽ ഖാൻ പേരാമ്പ്രയിലേക്ക് വരാൻ താല്പര്യം പ്രകടിപ്പിച്ചെന്നും ആരോഗ്യമന്ത്രിയും മറ്റും അനുകൂലമായി പ്രതികരിച്ചില്ലെന്നുമായിരുന്നു ഇയാളുടെ കണ്ടെത്തൽ. ശിശുരോഗ വിദഗ്ധൻ നിപയിൽ എന്തുകാട്ടാനാണ് എന്നൊന്നും ചോദിക്കരുത്. പിണറായി വിജയൻ കഫീൽ ഖാനെ തടഞ്ഞെന്ന വാർത്ത കൊടുക്കാൻ എത്രത്തോളം ദുഷിച്ച വൈറസ്സായിരിക്കും അയാളിലെന്ന് ചിന്തിച്ചാലറിയാവുന്നതേയുള്ളൂ. നിപ്പാ മരണങ്ങളുമായി ബന്ധപ്പെട്ട കോഴിക്കോട്ടെ ആരോഗ്യ മന്ത്രിയുടെ ഒരു പത്രസമ്മേളനത്തിൽ മീഡിയാ വൺ പ്രതിനിധിക്കറിയേണ്ടത് ഇതിനെപ്പറ്റിയായിരുന്നു. സർക്കാരിന് ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്നും നിങ്ങളുടെ താളത്തിന് തുള്ളലല്ല ജോലിയെന്നും പറഞ്ഞാണ് ഷൈലജ ടീച്ചർ മീഡിയാ വണ്ണിനെ ഓട്ടിച്ചത്‌. മുഹ്സിൻ പരാരി റിസേർച് ഫീൽഡ് വർക്ക് നടത്തിയത് മീഡിയാ വൺ ഡൽഹി ബ്യൂറോ ചീഫിന്റെയടുത്തും കോഴിക്കോട് ബ്യൂറോയിലും ആയിരിക്കണം. മറ്റൊരു കാര്യം കൂടി, മുഖ്യധാരാ മാധ്യമങ്ങൾ സെൻസേഷണലിസം കലർത്തി അങ്ങേയറ്റം ഇറസ്പോൺസിബിളായി വാർത്തകൾ നൽകിയപ്പോൾ പേരാമ്പ്രയിലെ പൊതുപ്രവർത്തകരാണ് തുടരെ ഫേസ്‌ബുക്ക് ലൈവുകൾ നടത്തി ഭീതിയകറ്റാൻ സഹായകമായത്.

അങ്ങേയറ്റം ഇൻസെൻസിറ്റീവായാണ് മരണത്തിന് കീഴടങ്ങിയ രണ്ട് നിപാ ഇരകളെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഭയമേതുമില്ലാതെ നിപ്പകാലത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഓടിപ്പാഞ്ഞിരുന്ന ആംബുലൻസ് ഡ്രൈവർമാരെ അപമാനിക്കുന്നുണ്ട് സിനിമയിൽ. കള്ളനോട്ടിന്റെ ഇടപാടുകാരായ ഇവർ ആംബുലൻസിൽ പണം കൈമാറുമ്പോഴാണത്രെ അവർക്ക് നിപാ എക്സ്പോഷർ കിട്ടിയത്. സിഐഡി ഡോക്ടറുടെ കണ്ടെത്തലാണ്. മലബാറിനെക്കുറിച്ച് പടമെടുക്കുമ്പോൾ പിന്നെ കള്ളനോട്ട് മസ്റ്റാണല്ലോ അല്ലേ മുഹ്സിൻ ഭായ്? ഉത്തരകാലം പോർട്ടലൊക്കെ ഇപ്പോഴും ഇറങ്ങുന്നുണ്ടല്ലോ ല്ലേ? ഒരു ദേശത്തെ അപരവൽക്കരിക്കാൻ മുഖ്യധാരാ പൊതുബോധത്തോടൊപ്പം തുള്ളുന്ന സിനിമാക്കാർ എക്കാലവുമുപയോഗിക്കുന്ന ഈ കള്ളനോട്ട് കഥതന്നെ രോഗത്തിന്റെ റൂട്ട് ട്രേസ് ചെയ്തുപോയ സിഐഡി ഡോക്ടറെക്കൊണ്ട് പറയിപ്പിച്ച എന്റെ മുഹ്സിൻ പരാരി താൻ വല്ലാത്ത ദുരന്തം തന്നെയാണ്. രോഗികൾ തമ്മിലുള്ള ലിങ്ക് കണ്ടെത്താൻ വേറെ എന്തെല്ലാം വഴിയിൽ കഥ വികസിപ്പിക്കാനുള്ള സാധ്യതയുണ്ടായിട്ടും മുഹ്‌സിന്റെ തലയിൽ വന്നത് കള്ളനോട്ട്. നിപക്ക് കീഴടങ്ങേണ്ടി വന്ന രണ്ടുപേരുടെ ജീവിതത്തെ അങ്ങേയറ്റം ഇൻസെൻസിറ്റീവായാണ് വൈറസ് സിനിമയിൽ തിരക്കഥാകൃത്ത് വരച്ചുകാട്ടിയിരിക്കുന്നത്.

പേരാമ്പ്രയിലാരും നിപാ രോഗിയെ തലയ്ക്കടിച്ചുവീഴ്ത്തിയിട്ടില്ല. ഒരു നിപാ രോഗിക്കും റോട്ടിൽ ഇറങ്ങി അലയേണ്ടി വന്നിട്ടില്ല. ആംബുലൻസുകൾ എല്ലായിടത്തും സജ്ജമായിരുന്നു. ആംബുലൻസ് ഡ്രൈവർമാർ സദാസമയം വിളിക്ക് കാതോർത്ത് ഉണർന്നിരിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവറെ കള്ളനോട്ടടിക്കാരനാക്കിയ മുഹ്സിൻ പരാരി സിനിമയിൽ പേരാമ്പ്രക്കാരെ നിപാ രോഗിയെ തലക്കടിച്ചുവീഴ്ത്തുന്ന ക്രൂരൻമാരുമാക്കി. കോഴിക്കോട്ടൊരിടത്തും നാട്ടുകാർ കൂട്ടം ചേർന്ന് മൃതദേഹവും വഹിച്ചുപോയ വാഹനം തടഞ്ഞിട്ടില്ല. എന്നാൽ വൈറസ് സിനിമയിൽ അങ്ങനെയുണ്ട്. നിപാ രോഗിയുടെ മൃതദേഹം ഐവർ മഠം രീതിയിൽ സംസ്കരിക്കാൻ തീരുമാനിച്ചത് വാർത്തയായിരുന്നു. എന്നാൽ അതിന് നേതൃത്വം നൽകിയ ആളുകളെ കാവി പുതപ്പിച്ച്, കുറി തൊടീപ്പിച്ച് പരിവാർ രാഷ്ട്രീയത്തിന് സിനിമയിൽ ദൃശ്യതനൽകിയത് ആരാണ്? യഥാർത്ഥത്തിൽ അങ്ങനെയൊരു ഡ്രസ്കോഡ് അവർക്കില്ലാഞ്ഞിട്ടും എന്തിനാണ് സിനിമയിൽ അങ്ങനെ ചിത്രീകരിച്ചത്? ഇന്റെർവെല്ലിനുശേഷം കേന്ദ്രസംഘത്തിന്റെ ഇസ്ലാമോഫോബിക് നിലപാടിനെ സിനിമ വിമർശിക്കുന്നുണ്ടല്ലോ. ഇതിനെ നൈസായി ബാലൻസുചെയ്യാനാവണം കാവിയണിഞ്ഞ ശിവപാദം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.

ആകെമൊത്തം നിരാശയാണ് ആഷിക് അബുവിന്റെ വൈറസ് തന്നത്. ഒരു ജനതയുടെ പോരാട്ടത്തെ ബ്യൂറോക്രാറ്റുകളുടെ ചെറുത്തുനിൽപ്പായി ചുരുക്കിക്കാട്ടുകയാണ് വൈറസ് ചെയ്തത്. ഗ്രൗണ്ട് ലെവലിൽ പൊരുതിനിന്ന ജനത്തെയവർ കാണാതെ പോയി.

എൻബി :

നിപ വൈറസ് ബാധയുടെ സമയത്ത് ജക്കാർത്ത ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ അത്ലറ്റിക്സ് ടീമിന്റെ തീവ്ര പരിശീലന ക്യാമ്പിലായിരുന്നു പേരാമ്പ്രക്കാരായ ജിൻസൺ ജോൺസണും വി നീനയും. 2018 മെയ്, ജൂൺ മാസങ്ങളിൽ പേരാമ്പ്രക്കാർ പൊതുവേ അനുഭവിച്ച മാനസിക പിരിമുറുക്കവും ഭീതിയും പറഞ്ഞറിയിക്കാൻ പറ്റാത്തത്രയും വലിയ അളവിലായിരുന്നു. ജിൻസണും നീനയും സ്വാഭാവികമായും ആ ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടുണ്ടാവണം. വൈറസ് ബാധയേറ്റ് മരണപ്പെട്ട സിസ്റ്റർ ലിനിയുടെ നാടായ ചക്കിട്ടപാറക്കാരനാണ് ജിൻസൺ. നീന പേരാമ്പ്രയിലെ മേപ്പയ്യൂർ പഞ്ചായത്തിലും. ഏഷ്യൻ ഗെയിംസ് പോലെ വലിയൊരു ഒരു മത്സരത്തിന് തയ്യാറെടുക്കുന്ന അത്ലീറ്റിന് ഏകാഗ്രതയും ഫോക്കസും നഷ്ടപ്പെടാൻ ഇതില്പരം എന്താണ് വേണ്ടത്? ഭീതിയുടെ ആ നാളുകളിൽ രണ്ടുപേർക്കും ഉറക്കം പോലും നഷ്ട്ടപ്പെട്ടിട്ടുണ്ടാകുമെന്ന് തീർച്ച. വീട്ടുകാരെയും നാട്ടുകാരെയുമോർത്ത് ഇരുവരും ഒരുപാട് ടെൻഷനടിച്ചിട്ടുമുണ്ടാകും. എന്നാൽ തോറ്റുകൊടുക്കാൻ ഇവർ രണ്ടുപേരും തയ്യാറല്ലായിരുന്നു. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി മത്സരിക്കാൻ അവർ വിമാനം കയറിയത് ജൂലൈ മാസമായിരുന്നു.

റിലേ ഇനങ്ങൾ ഉൾപ്പെടെ ഏഴ് സ്വർണ്ണവും പത്ത് വെള്ളിയും രണ്ടുവെങ്കലവുമാണ് അത്‌ലറ്റിക്‌സിൽ നിന്നും ഇന്ത്യ ആകെ സമ്പാദിച്ചത്. മിക്കവയും ടീമിനത്തിലെ മെഡലുകൾ. ഒരു സ്വർണ്ണവും മൂന്നുവെള്ളിയും ഒരു വെങ്കലവുമാണ് വ്യക്തിഗത ഇനങ്ങളിൽ കേരളത്തിന്റെ സംഭാവന. ഇതിൽ ഒരു സ്വർണ്ണവും രണ്ടുവെള്ളിയുമായി അഭിമാനമായത് ഈ രണ്ട് പേരാമ്പ്രക്കാരാണ്. പുരുഷന്മാരുടെ 1500 മീറ്ററിൽ സ്വർണ്ണം നേടിയ ജിൻസൺ 800 മീറ്ററിൽ വെള്ളിയും നേടി. വനിതകളുടെ ലോങ്ങ്‌ ജമ്പിലാണ് നീന വെള്ളി മെഡൽ കരസ്‌ഥമാക്കിയത്. ഒരു സ്വർണ്ണവും രണ്ടു വെള്ളിയുമുൾപ്പെടെ മൂന്ന് മെഡൽ പേരാമ്പ്രയ്ക്ക്. രാജ്യത്തിന് ഏറ്റവും കൂടുതൽ ഏഷ്യാഡ്‌ മെഡൽ നൽകിയത് പേരാമ്പ്രയായിരുന്നു. ഒരർത്ഥത്തിൽ പേരാമ്പ്രയുടെ അതിജീവനം പൂർത്തിയായത് ജക്കാർത്തയുടെ മണ്ണിലായിരുന്നു.

അതിജീവനത്തിന്റെ പേരാണ് പേരാമ്പ്ര. നിപാ കാലത്തെ നമ്മൾ അതിജീവിച്ചതിന്റെ ഡോക്കുമെന്റേഷനാണ് വൈറസ് സിനിമയെന്ന് അണിയറ പ്രവർത്തകർ വീണ്ടും വീണ്ടും പറയുന്നത് കേട്ടു. എന്നെ സംബന്ധിച്ച് വൈറസ് പറഞ്ഞത് പേരാമ്പ്രയുടെ കഥയല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com