അശ്ലീല ഭാഷാപ്രയോഗങ്ങളും അക്രമരംഗങ്ങളും പാടില്ല: കുട്ടികളുടെ റിലയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണം

സിനിമയിലെ മുതിര്‍ന്നവരുടെ നൃത്തച്ചുവടുകളാണ് ടിവി റിയാലിറ്റി ഷോകളില്‍ ചെറിയ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നാണ് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാലിറ്റി ഷോകള്‍ ഇന്ന് നമ്മുടെ ആസ്വാദനത്തിന്റെ ഭാഗമായിട്ടുണ്ട്. പാട്ട്, നൃത്തം കോമഡി, അഭിനയം എന്നിങ്ങനെ എല്ലാത്തിനും റിയാലിറ്റി ഷോയാണ്. എന്നാല്‍ അടുത്തിടെ ഷോകളില്‍ കാണുന്ന ചില മോശം പ്രവണതകള്‍ കേന്ദ്രത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. ചെറിയ കുട്ടികളെ ഇത്തരം ഷോകളില്‍ മോശമായി ചിത്രീകരിക്കുന്നതാണ് പ്രശ്‌നം.

കുട്ടികളുടെ റിയാലിറ്റി ഷോകളില്‍ ചിലത് ഉചിതമല്ലെന്ന്  കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് കേന്ദ്രം ഈ വിഷയത്തില്‍ ടിവി ചാനലുകള്‍ക്ക് താക്കീത് നല്‍കിയത്. 

സിനിമയിലെ മുതിര്‍ന്നവരുടെ നൃത്തച്ചുവടുകളാണ് ടിവി റിയാലിറ്റി ഷോകളില്‍ ചെറിയ കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നാണ് വിശദമായ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. സിനിമയിലെ നായികാനായകന്‍മാര്‍ അഭിനയിക്കുന്ന ഗാനരംഗങ്ങളും മറ്റും അതേ പടി അനുകരിച്ചുകൊണ്ട് വേദിയിലെത്തുന്നത് കുട്ടികളെ മോശമാക്കുന്ന പ്രവണതയാണെന്നും ഇതു തുടരാന്‍ അനുവദിക്കാനാവില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കി.

കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോകളില്‍ അശ്ലീല ഭാഷാപ്രയോഗങ്ങളോ അക്രമരംഗങ്ങളോ ഉണ്ടാകാന്‍ പാടില്ല. പ്രായത്തിനും അതീതമായി കുട്ടികള്‍ ചെയ്യുന്ന ഇത്തരം അനുകരണങ്ങള്‍ അവരില്‍ മോശം സ്വാധീനമാണ് സൃഷ്ടിക്കുന്നത്. ഈ പ്രവണത നല്ലതല്ലെന്നും കേന്ദ്രം വ്യക്തമാക്കി. 

കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക്‌സ് റെഗുലേഷന്‍ ആക്ടിലെ പ്രോഗ്രാം ആന്റ് അഡ്വര്‍ടൈസിങ് കോഡ്‌സ് പ്രകാരമുള്ള നിബന്ധനകള്‍ ടിവി ചാനലുകള്‍ പാലിക്കേണ്ടതാണെന്നുള്ള താക്കീതു നല്‍കുകയാണ് കുറിപ്പിലൂടെ കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com