'നിറം കുറഞ്ഞവരെ സിനിമയില്‍ കാണാന്‍ ആരും ഇഷ്ടപ്പെടില്ല'; മൂന്നര വര്‍ഷം സംവിധായകരില്‍ നിന്ന് കേട്ട പരിഹാസത്തെക്കുറിച്ച് നടി

അവസരം ചോദിച്ച് സംവിധായകരെ സമീപിക്കുമ്പോള്‍ നിറം കുറവാണെന്നും തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ലെന്നുമാണ് അവര്‍ പറയുക
'നിറം കുറഞ്ഞവരെ സിനിമയില്‍ കാണാന്‍ ആരും ഇഷ്ടപ്പെടില്ല'; മൂന്നര വര്‍ഷം സംവിധായകരില്‍ നിന്ന് കേട്ട പരിഹാസത്തെക്കുറിച്ച് നടി

നിറത്തിന്റെയും ശരീരഭാരത്തിന്റേയും പേരില്‍ പരിഹാസത്തിന് ഇരയാകുന്നവര്‍ നിരവധിയാണ്. സിനിമ പോലുള്ള ഗ്ലാമറസ് ലോകത്ത് ഇതിന്റെ അളവ് കുറച്ച് കൂടുതലായിരിക്കും. ഇപ്പോള്‍ ഇരുണ്ട നിറത്തിന്റേ പേരില്‍ നേരിടേണ്ടിവന്നിട്ടുള്ള ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് തമിഴ് നടി കീര്‍ത്തി പാണ്ഡ്യന്‍. കീര്‍ത്തി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന തുമ്പയുടെ പ്രചാരണ പരിപാടിയ്ക്കിടെയാണ് സിനിമയില്‍ നിന്ന് നേരിട്ട പരിഹാസങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞത്. സിനിമയില്‍ അവസരം ലഭിക്കാന്‍ നിറം കുറഞ്ഞവര്‍ എത്ര കഷ്ടപ്പെടണം എന്ന് വ്യക്തമാക്കുന്നതാണ് കണ്ണീരോടെയുള്ള കീര്‍ത്തിയുടെ വാക്കുകള്‍. 

അവസരം ചോദിച്ച് സംവിധായകരെ സമീപിക്കുമ്പോള്‍ നിറം കുറവാണെന്നും തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമാവില്ലെന്നുമാണ് അവര്‍ പറയുക. കഴിഞ്ഞ മൂന്നര വര്‍ശം തന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയിലുള്ള കമന്റുകള്‍ കേട്ടിരുന്നതായും കീര്‍ത്തി വ്യക്തമാക്കി. തുമ്പയുടെ സംവിധായകനായ ഹരീഷാണ് തന്റെ ശരീരത്തെക്കുറിച്ച് മോശം പറയാത്ത ആദ്യ സംവിധായകനെന്നും കൂട്ടിച്ചേര്‍ത്തു. 

'എന്റെ ശരീരപ്രകൃതത്തെപ്പറ്റി മോശം കമന്റുകള്‍ പറയാത്ത ആദ്യ സംവിധായകനാണ് ഹരീഷ്. ഞാനെങ്ങനെയാണോ അതില്‍ അദ്ദേഹത്തിന് ആത്മവിശ്വാസം ഉണ്ടായിരുന്നു. ക്യാമറ ടെസ്റ്റിനു വിളിച്ചപ്പോഴും എന്റെ നിറമോ ആകാരമോ അദ്ദേഹത്തിന് പ്രശ്‌നമായി തോന്നിയല്ല. ഇതു പറയാന്‍ കാരണം, ഏകദേശം മൂന്നര വര്‍ഷമായി പല സംവിധായകരും എന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന തരത്തില്‍ കമന്റുകള്‍ പറയുമായിരുന്നു. എന്നെപ്പോലെ ഇരിക്കുന്ന ഒരാളെ ആരെങ്കിലും സിനിമയില്‍ കാണാന്‍ ഇഷ്ടപ്പെടുമോ, നിറം കുറവല്ലേ... എന്നുള്ള ചോദ്യങ്ങളായിരുന്നു അവസരങ്ങള്‍ തേടിപ്പോയപ്പോള്‍ എനിക്ക് ലഭിച്ചത്. ഇങ്ങനെ ആവര്‍ത്തിച്ച് കേള്‍ക്കേണ്ടി വന്നപ്പോള്‍ എനിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. എന്നാല്‍ ഹരീഷ് അങ്ങനെയായിരുന്നില്ല. എന്നോടു തടി വയ്ക്കണമെന്നോ, ഏതെങ്കിലും രീതിയില്‍ കാഴ്ചയില്‍ മാറ്റം വരുത്തണമെന്നോ ആവശ്യപ്പെട്ടിരുന്നില്ല,' കീര്‍ത്തി പറഞ്ഞു. 

ഒരു അഭിനയത്രി എന്ന നിലയില്‍ അദ്ദേഹത്തിന് തന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നെന്നും അദ്ദേഹം തനിക്ക് വേണ്ടി ചെയ്ത കാര്യം ഒരിക്കലും മറക്കാനാവില്ലെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു. നടനും സംവിധായകനും നിര്‍മാതാവുമായ അരുണ്‍ പാണ്ഡ്യന്റെ മകളാണ് കീര്‍ത്തി. മോഹന്‍ലാന്‍ ചിത്രം ശ്രദ്ധയില്‍ വില്ലനായും അദ്ദേഹം എത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com