'നടന്മാര്‍ക്ക്‌ യാതൊരു ഉത്തരവാദിത്വവുമില്ലേ'; ഷാഹിദ് കപൂറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗായിക

ഇത്തരം സ്ത്രീ വിരുദ്ധ കഥാപാത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമൂഹത്തെ ഒന്നടങ്കം പിന്നോട്ടടിക്കുകയാണ് എന്നാണ് വിമര്‍ശകരുടെ പക്ഷം
'നടന്മാര്‍ക്ക്‌ യാതൊരു ഉത്തരവാദിത്വവുമില്ലേ'; ഷാഹിദ് കപൂറിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഗായിക

തെന്നിന്ത്യയില്‍ വലിയ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് അര്‍ജുന്‍ റെഡ്ഡി വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തത്. ഹിന്ദിയില്‍ കബീര്‍ സിങ് എന്ന പേരില്‍ ഇറങ്ങിയ ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഷാഹിദ് കപൂറിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് കബീര്‍ സിങ്ങ്. എന്നാല്‍ ചിത്രത്തിനെതിരേ പലഭാഗത്തു നിന്നും രൂക്ഷവിമര്‍ശനവും ഉയരുന്നുണ്ട്. ഇത്തരം സ്ത്രീ വിരുദ്ധ കഥാപാത്രത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സമൂഹത്തെ ഒന്നടങ്കം പിന്നോട്ടടിക്കുകയാണ് എന്നാണ് വിമര്‍ശകരുടെ പക്ഷം. 

ഇപ്പോള്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായിക സോന മഹാപത്ര. നടന്മാര്‍ക്ക് യൊതൊരു ഉത്തരവാദിത്വവുമില്ലേ എന്നാണ് സോന ട്വിറ്ററിലൂടെ ചോദിക്കുന്നത്. ഷാഹിദിനെ പ്രശംസിച്ചുകൊണ്ടുള്ള നകുല്‍ മെഹ്തയുടെ ട്വീറ്റിനെ വിമര്‍ശിച്ചുകൊണ്ടാണ് സോനയുടെ ട്വീറ്റ്. രാഷ്ട്രീയം മാറ്റിവെച്ച് ഷാഹിദിന്റെ പ്രകടനത്തെ പ്രശംസിക്കണം എന്നാണ് നകൂല്‍ കുറിച്ചത്. എന്നാല്‍ രാഷ്ട്രീയം മാറ്റിവെച്ച് അപകടകരമായ ചിത്രത്തെ എങ്ങനെ ചര്‍ച്ച ചെയ്യും എന്നാണ് സോന കുറിച്ചത്. 

വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്ന, ഇരുണ്ട, അപകചകരമായ രാഷ്ട്രീയത്തെ എങ്ങനെയാണ് നമുക്ക് മാറ്റിനിര്‍ത്താനാവുക? സമൂഹത്തെ പിന്നോട്ടടിക്കുന്ന ഇത്തരം കഥാപാത്രങ്ങളെ ഏറ്റെടുക്കുന്നതിലൂടെ ആ  നടന് യാതൊരു ഉത്തരവാദിത്വവുമില്ലേ? ഇങ്ങനെയാണോ നമ്മള്‍ എല്ലാവരും ആകേണ്ടത്? സോന കുറിച്ചു. 

ഷാഹിദിന്റെ പ്രകടനത്തെ പുകഴ്ത്തിയ ദേശിയ വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മയേയും ഗായിക വിമര്‍ശിച്ചു. ചിത്രത്തിലെ കടുത്ത പുരുഷാധിപത്വം ശ്രദ്ധിച്ചില്ലേ എന്നാണ് സോന ചോദിക്കുന്നത്. ഇത്തരത്തിലെ സാഹചര്യം സ്ത്രീകള്‍ക്ക് ഉണ്ടായാല്‍ എന്ത് പ്രതീക്ഷയാണ് ഉണ്ടാകാന്‍ പോകുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനെതിരേ രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്. ഇത്തരം ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് അപകടമാണെന്നാണ് സമൂഹം ഒന്നടങ്കം പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com