''പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല്‍ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെ''

ഇതിനിടെ ഷാങ്ഹായില്‍ നിന്നുളള ഒരു രസകരമായ വീഡിയോ കൂടി ഇന്ദ്രന്‍സ് പങ്കുവെച്ചിട്ടുണ്ട്.
''പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല്‍ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെ''

ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ഡോ. ബിജുവും നടന്‍ ഇന്ദ്രന്‍സും. സിനിമയ്ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് അവാര്‍ഡാണ് ചലച്ചിത്രമേളയില്‍ നിന്ന് സ്വന്തമാക്കിയത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള്‍. 

അവാര്‍ഡ് ലഭിച്ച നിമിഷം മുതലുള്ള ചില ചിത്രങ്ങള്‍ ഇന്ദ്രന്‍സും ഡോ ബിജുവും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിനിടെ ഷാങ്ഹായില്‍ നിന്നുളള ഒരു രസകരമായ വീഡിയോ കൂടി ഇന്ദ്രന്‍സ് പങ്കുവെച്ചിട്ടുണ്ട്. ഇന്ദ്രന്‍സും ഡോ ബിജുവും ചേര്‍ന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

ഒരു ഹോട്ടലില്‍ ഇരുന്നാണ് ഇരുവരും ഭക്ഷണം കഴിക്കുന്നത്. ചൈനക്കാരനായ ഷെഫ് ഇന്ദ്രന്‍സിനെ ചോപ്പ് സ്റ്റിക് വെച്ച് ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കുകയാണ്. ഇതിനിടെ തന്നാലാവും വിധം ചോപ്പ് സ്റ്റിക് കൈകാര്യം ചെയ്യുന്ന ബിജുവിനെയും കാണാം. 'പാവം.. പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല്‍ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെ'- ഇങ്ങനെയൊരു ക്യാപ്ഷനോടുകൂടിയായിരുന്നു ഇന്ദ്രന്‍സിന്റെ പോസ്റ്റ്. 

കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദലിത് കുടുംബത്തിന്റെ കഥയാണ് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന സിനിമ പറയുന്നത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 

ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍,അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇറാനിയന്‍ ചിത്രം കാസില്‍ ഓഫ് ഡ്രീംസ് മികച്ച സിനിമയ്ക്കുള്ള ഗോള്‍ഡന്‍ ഗോബ്ലെറ്റ് പുരസ്‌കാരം നേടി. സിനിമയൊരുക്കിയ റിസ മിര്‍കരിമിയാണ് മികച്ച സംവിധായകന്‍. മികച്ച നടന്‍ ഈ സിനിമയിലെ കേന്ദ്രകഥാപാത്രമായെത്തിയ ഹമീദ് സബേരിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com