'എനിക്കും ദുരനുഭവമുണ്ടായിട്ടുണ്ട്, തുറന്നുപറയണമെന്ന് ആ​ഗ്രഹിച്ചു പക്ഷെ അവരൊക്കെ മുതലാളിമാരാണ്': വിഷ്ണു വിശാൽ 

നിര്‍മാതാക്കളില്‍ നിന്ന് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടന്‍ വിഷ്ണു വിശാല്‍ 
'എനിക്കും ദുരനുഭവമുണ്ടായിട്ടുണ്ട്, തുറന്നുപറയണമെന്ന് ആ​ഗ്രഹിച്ചു പക്ഷെ അവരൊക്കെ മുതലാളിമാരാണ്': വിഷ്ണു വിശാൽ 

വിജയ് സേതുപതി ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കുകയായിരുന്നെന്ന നടി അമലാ പോളിന്റെ തുറന്നുപറച്ചിലിന് പിന്നാലെ നിര്‍മാതാക്കളില്‍ നിന്ന് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് തമിഴ്‌ നടന്‍ വിഷ്ണു വിശാല്‍. നിര്‍മാതാക്കളില്‍ നിന്നും തനിക്കും പലപ്പോഴും ദുരനുനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും പലതവണ തുറന്നുപറയാൻ ആ​ഗ്രഹിച്ചിട്ടുണ്ടെങ്കിലും മുതലാളിമാരായതിനാൽ അവരെ വീണ്ടും ബഹുമാനിക്കേണ്ടി വന്നെന്നാണ് വിശാലിന്റെ വാക്കുകൾ. 

"ഒരു അഭിനേതാവ് ഇങ്ങനെ തുറന്നു പറഞ്ഞു കണ്ടതില്‍ സന്തോഷമുണ്ട്. പലപ്പോഴും അഭിനേതാക്കളാണ് ഇത്തരം സന്ദർഭങ്ങളിൽ തെറ്റുകാരായി കണക്കാക്കപ്പെടാറ്. പല നിർമാതാക്കളുടെയും മോശം പെരുമാറ്റത്തെക്കുറിച്ച് തുറന്നുപറയാൻ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ മുതലാളിമാരായതിനാല്‍ അവരെയൊക്കെ പിന്നെയും ബഹുമാം കൊടുക്കേണ്ടിവരും" വിശാല്‍ ട്വീറ്റ് ചെയ്തു. 

ഏതൊരു നാണയത്തിനും രണ്ട് വശങ്ങളുള്ളതുപോലെ സിനിമയ്ക്കും അങ്ങനെയാണെന്ന് വിശാൽ പറയുന്നു. "ചില നല്ല നിര്‍മാതാക്കള്‍ക്കൊപ്പവും ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. പക്ഷെ അഭിനേതാക്കള്‍ എന്ന നിലയില്‍ നമ്മളോടൊക്കെ ചെയ്യുന്ന അനീതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്. വികാരപരമായും ഔദ്യോഗികപരമായും പ്രത്യക്ഷമായും..."വിഷ്ണു കുറിച്ചു.

വിജയ് സേതുപതി നായകനാകുന്ന ചിത്രത്തില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ പുറത്താക്കിയതാണെന്ന നടി അമല പോളിന്റെ വിശദീകരണത്തിന് പിന്നാലെയാണ് വിശാലിന്റെ പ്രതികരണം. വിഎസ്പി 33 എന്ന് തല്‍ക്കാലം പേരിട്ടിരുന്ന ചിത്രത്തില്‍ തുടക്കത്തില്‍ നായികയായി പ്രഖ്യാപിച്ചത് അമലയുടെ പേരായിരുന്നു. പിന്നീട് അമലയ്ക്ക് പകരം മേഘ്‌ന ആകാശ് അഭിനയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നു. 

തുടര്‍ന്നാണ് അമല വിശദീകരണവുമായി രംഗത്ത് വന്നത്. അമലയുടെ നീണ്ട കുറിപ്പില്‍ താന്‍ സിനിമാ ജീവിതത്തില്‍ ഇതുവരെ സംവിധായകരോടും നിര്‍മ്മാതാക്കളോടും എത്രത്തോളം വിനീതമായാണ് ഇടപെട്ടിരുന്നതെന്നുള്ള കാര്യങ്ങളെല്ലാം വെളിപ്പെടുത്തുന്നുണ്ട്. മാത്രമല്ല, ആടൈ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനാല്‍ തന്റെ പ്രതിച്ഛായ നഷ്ടപ്പെടുമെന്ന് ഭയന്നാണ് ഈ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതെന്നും അമല ആരോപിക്കുന്നു. 

"എനിക്കെതിരെ ആരും ഇതുവരെ ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചിട്ടില്ല. പ്രതിസന്ധഘട്ടങ്ങളില്‍ ഞാന്‍ വേണ്ടത്ര പിന്തുണ നിര്‍മാതാക്കള്‍ക്ക് നല്‍കിയിട്ടുമുണ്ട്. ഉദാഹരണത്തിന് നിര്‍മാതാവ് പ്രതിസന്ധിയിലായപ്പോള്‍ ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്ന സിനിമയില്‍ ഞാന്‍ എന്റെ പ്രതിഫലം ഉപേക്ഷിച്ചു. അദ്ദേഹത്തിന് വേണ്ടി പണം അങ്ങോട്ടു നല്‍കുകയും ചെയ്തു. ഒരിക്കലും എന്റെ ശമ്പളം തരണമെന്ന് പറഞ്ഞ് ഞാന്‍ കേസ് കൊടുത്തിട്ടില്ല",അമല വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com