ഭേദഗതി മാറ്റിവെച്ചു, രാജിവെച്ചവര്‍ക്ക് അപേക്ഷ നല്‍കി തിരിച്ചുവരാം: മോഹന്‍ലാല്‍

അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തത്കാലം മാറ്റിവെച്ചു
ഭേദഗതി മാറ്റിവെച്ചു, രാജിവെച്ചവര്‍ക്ക് അപേക്ഷ നല്‍കി തിരിച്ചുവരാം: മോഹന്‍ലാല്‍

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തത്കാലം മാറ്റിവെച്ചു.നിയമാവലി ഭേദഗതി ചെയ്യുന്ന കാര്യത്തില്‍ എല്ലാ അംഗങ്ങളുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു. ഭേദഗതികള്‍ സംബന്ധിച്ച് അംഗങ്ങളാരും എതിര്‍പ്പ് പറഞ്ഞിട്ടില്ല. ചില മാറ്റങ്ങള്‍ മാത്രമാണ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടുതല്‍ അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജനറല്‍ ബോഡി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബൈലോയിലെ മാറ്റങ്ങള്‍ സംബന്ധിച്ച് ചില പുതിയ ആശയങ്ങള്‍ ചിലര്‍ മുന്നോട്ടുവെച്ചിരുന്നു. അതു കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. ഭരണഘടന ഭേദഗതി ചെയ്യുന്ന  കാര്യം എങ്ങനെ വേണമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കും. തുടര്‍ന്ന് ജനറല്‍ ബോഡി ചേര്‍ന്ന് പാസ്സാക്കും.

പുറത്തുപോയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. അവര്‍ക്ക് മടങ്ങിവരുന്നതിന് തടസ്സങ്ങളില്ല. അതിനുള്ള നടപടിക്രമങ്ങളിലൂടെ അവര്‍ക്ക് തിരിച്ചുവരാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അക്രമിക്കപ്പെട്ട നടി സ്വമേധയാ സംഘടന വിട്ടതാണ്. സിനിമകളിലേയ്ക്ക് വിളിച്ചിട്ട് അവര്‍ വരുന്നില്ലെന്നാണ് പറഞ്ഞത്. അവര്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യം ഇല്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

സംഘടനയുടെ നിയമാവലി ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്യുകയും പുതിയ നിയമാവലി തയ്യാറാക്കുകയുമായിരുന്നു.ഈ നിയമാവലിയാണ് ഇന്ന് നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്തത്.

അതേസമയം താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതിക്കെതിരെ സിനിമയിലെ നടിമാരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഉപസമിതികളില്‍ ഒന്നിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ലെന്നും കരട് തയ്യാറാക്കിയത് എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ താത്പര്യം മാത്രം കണക്കിലെടുത്താണെന്നും നടിമാരുടെ സംഘടന പ്രതിനിധികള്‍ ആരോപിച്ചു. 

കരട് തയ്യാറാക്കിയത് ചര്‍ച്ചകള്‍ നടത്താതെയാണെന്നും അതിനാല്‍ കരടിന്മേല്‍ ഇനിയും ചര്‍ച്ച വേണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെട്ടു. നിര്‍ദേശങ്ങളില്‍ ചിലത് ജനാതിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. തൊഴില്‍ സുരക്ഷ ഉറപ്പാക്കുംവിധം കരടില്‍ മാറ്റം വരുത്തണമെന്നാണ് ആവശ്യം. നിലപാട് രേഖാമൂലം അറിയിക്കുമെന്നും അവര്‍ പറഞ്ഞു. 

ഭേദഗതി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് നടി ആക്രമിക്കപ്പെട്ട സംഭവമാണെന്നും എന്നാല്‍ അനിഷ്ടസംഭവങ്ങള്‍ തടയാന്‍ നടപടികള്‍ ഇല്ലെന്നും നടിമാര്‍ ആരോപിച്ചു. 'അമ്മ' ഡബ്യൂസിസിയുടെ അടിസ്ഥാന ഉദ്ദേശത്തെപ്പറ്റി നിശബ്ദത പാലിക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. 

രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്ന വിഷയത്തില്‍ അമ്മ യോഗത്തില്‍ തന്നെ ഭിന്നാഭിപ്രായമുയര്‍ന്നു. രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന നിലപാടാണ് സംഘടന അറിയിച്ചത്. എന്നാല്‍ ഇതിനെ ഡബ്ലൂസിസി അംഗങ്ങളായ പാര്‍വതിയും രേവതിയും എതിര്‍ത്തു. യോഗത്തില്‍ പങ്കെടുത്ത ഒരു വിഭാഗം അംഗങ്ങള്‍ ഇവരെ പിന്തുണയ്ക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com