മോദിയുടെ ഡോക്യുമെന്ററിക്ക് മാറ്റ് കൂട്ടാന്‍ ട്രെയിന്‍ കത്തിക്കല്‍: നിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ

അതേസമയം ഈ ആരോപണങ്ങളെല്ലാം റെയില്‍വേ അധികൃതരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും നിഷേധിക്കുകയാണ് ചെയ്തത്.
മോദിയുടെ ഡോക്യുമെന്ററിക്ക് മാറ്റ് കൂട്ടാന്‍ ട്രെയിന്‍ കത്തിക്കല്‍: നിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്ര ഡോക്യുമെന്ററിക്ക് വേണ്ടി ട്രെയിന്‍ കത്തിച്ചത് വിവാദത്തില്‍. ഗോധ്ര സംഭവം പുനരാവിഷ്‌കരിക്കാന്‍ വേണ്ടിയാണ് ട്രെയിനിന്റെ ബോഗി കത്തിച്ചതെന്നാണ് ആരോപണമുയരുന്നത്. വഡോദരദബോയി പാതയിലെ പ്രതാപ്നഗര്‍ സ്‌റ്റേഷനില്‍ വച്ച് ചിത്രീകരണത്തിന്റെ ഭാഗമായി റെയില്‍വേ നല്‍കിയ പഴയ ബോഗി കത്തിച്ച് ഷൂട്ടിങ് നടത്തിയതെന്നാണ് വിവാദത്തിനിടയാക്കിയത്.

അതേസമയം ഈ ആരോപണങ്ങളെല്ലാം റെയില്‍വേ അധികൃതരും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും നിഷേധിക്കുകയാണ് ചെയ്തത്. റെയില്‍വേ മോക്ക്  ഡ്രില്ലുകള്‍ക്കായി ഉപയോഗിക്കുന്ന കേടുപാടുകള്‍ സംഭവിച്ച ബോഗിയാണ് ഷൂട്ടിങ്ങിനായി വിട്ട് നല്‍കിയതെന്നും ഇത് ഷൂട്ടിങ്ങിന്റെ ഭാഗമായി അഗ്‌നിക്കിരയാക്കിയിട്ടില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.  

'ചില മാധ്യമങ്ങള്‍ പറയുന്നത് പോലെ ഞങ്ങള്‍ തീവണ്ടി ബോഗി കത്തിച്ചട്ടില്ല. ചിത്രീകരണത്തിനായി വിട്ടുനല്‍കിയ ബോഗിയില്‍ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം ബാക്കിയെല്ലാം ഗ്രാഫിക്‌സ് ഉപയോഗിച്ചാണ്  പൂര്‍ത്തിയാക്കുക'- ചിത്രത്തിന്റെ സൂപ്പര്‍വൈസിങ് എക്‌സിക്യുട്ടീവ് ജയരാജ് ഗദ്‌വിയും സീനിയര്‍ എക്‌സിക്യുട്ടീവ് ധവാല്‍ പാണ്ഡ്യയും വ്യക്തമാക്കി. 

ഇതോടൊപ്പം വാര്‍ത്തകളെല്ലാം നിഷേധിച്ച് പശ്ചിമറെയില്‍വേ പിആര്‍ഒ (വഡോദര ഡിവിഷന്‍) കേംരാജ് മീനയും രംഗത്ത് വന്നിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹിക മാധ്യമങ്ങളില്‍ റിലീസ് ചെയ്യുന്ന 'നരേന്ദ്രമോദി' ഡോക്യുമെന്ററിക്കായാണ് ഗോധ്ര സംഭവം ചിത്രീകരിക്കുന്നത്. 2002 ഫെബ്രുവരി 27ന് 59 കര്‍സേവകരുടെ മരണത്തിന് ഇടയാക്കിയ ഗോധ്ര സംഭാവം ഉണ്ടാകുന്നത്. ഇതാണ് ഗുജറാത്ത് കലാപത്തിന് തിരികൊളുത്തിയത്.

അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അഭിമുഖീകരിച്ച പ്രതിസന്ധികള്‍ കാണിക്കുന്നതിനാണ് ഗോധ്ര തീവണ്ടി തീവെപ്പ് ചിത്രീകരിക്കുന്നതെന്ന് പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ജയരാജ് ഗധവി പറഞ്ഞു. റെയില്‍വേ, കോര്‍പ്പറേഷന്‍, ഫയര്‍ വിഭാഗങ്ങളുടെ അനുമതിയോടുകൂടിയാണ് തങ്ങള്‍ ചിത്രീകരണം നടത്തിയതെന്നും ഇവര്‍ പറയുന്നു. 

ഗോധ്രയില്‍ തീവെച്ച സാബര്‍മതി എക്‌സ്പ്രസിന്റെ എസ്6 കോച്ച് ഇപ്പോഴും അതേ സ്‌റ്റേഷനില്‍ പൊലീസ് കാവലില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ചുരുക്കിയിരുന്നു. 17ാം വാര്‍ഷികമായിരുന്ന കഴിഞ്ഞ ബുധനാഴ്ച വിഎച്ച്പി പ്രവര്‍ത്തകര്‍ ഇവിടെയെത്തി പുഷ്പാര്‍ച്ചനയും നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com