'ആ രണ്ടാം വരവ് തീരെ അങ്ങ് ബോധിച്ചില്ല, പരസ്യങ്ങളിലെ പുള്ളിക്കാരിയുടെ അഭിനയം എനിക്ക് 'കണ്ണു കീറെ കണ്ടുകൂടാ'യിരുന്നു'; മഞ്ജുവിന്റെ കട്ട ആരാധകന്‍ പറയുന്നു

ഒടുവില്‍ ഷൂട്ട് അവസാനിക്കുന്നതിന്റെ തലേന്ന് പുള്ളിക്കാരിക്ക് ചെറിയൊരു പരുക്ക് പറ്റുന്നതു കണ്ട് നിയന്ത്രിക്കാനാവാതെ സ്വയം കരഞ്ഞ് ഞാന്‍ എന്റെ ആ പഴയ ആരാധനയിലേക്ക് പൂര്‍ണമായും മടങ്ങിപ്പോയി
'ആ രണ്ടാം വരവ് തീരെ അങ്ങ് ബോധിച്ചില്ല, പരസ്യങ്ങളിലെ പുള്ളിക്കാരിയുടെ അഭിനയം എനിക്ക് 'കണ്ണു കീറെ കണ്ടുകൂടാ'യിരുന്നു'; മഞ്ജുവിന്റെ കട്ട ആരാധകന്‍ പറയുന്നു


വിവാഹ ശേഷം നീണ്ട നാള്‍ അഭിനയ രംഗത്തുനിന്ന് മാറി നിന്ന മഞ്ജു വാര്യര്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. തിരിച്ചു വരവ് നടത്തിയതിന് ശേഷമുള്ള ആദ്യ ചിത്രങ്ങളില്‍ താരത്തിന്റെ പ്രകടനത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഇപ്പോള്‍ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ കയ്യടി വാങ്ങുകയാണ് താരം. ഇപ്പോള്‍ മഞ്ജു വാര്യരെ വാനോളെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് താരത്തിന്റെ ആരാധകനും സിനിമ പ്രവര്‍ത്തകനുമായ സുരേഷ് കുമാര്‍ രവീന്ദ്രന്‍. 

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്ലിലെ സംഭാഷണ രചയിതാവായ സുരേഷ്‌കുമാര്‍ മഞ്ജുവാര്യരുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചതിന്റെ അനുഭവവും പങ്കുവെക്കുന്നുണ്ട്. 96- 99 കാലത്തെ മഞ്ജുവിന്റെ കടുത്ത ആരാധകനായിരുന്നു താനെന്നാണ് അദ്ദേഹം തന്റെ ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പറയുന്നത്. എന്നാല്‍ പ്രതീക്ഷിച്ച് കാത്തിരുന്നു കിട്ടിയ ആ രണ്ടാം വരവ് തീരെ അങ്ങ് ബോധിച്ചില്ലെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. സൈറ ബാനുവിലാണ് പഴയ പ്രതിഭയുടെ മിന്നലാട്ടം കാണാനായത്.

ജാക്ക് ആന്‍ഡ് ജില്ലിന്റെ ഷൂട്ടിങ്ങില്‍ നാല്‍പത്തി അഞ്ചോളം ദിവസങ്ങള്‍ പ്രിയപ്പെട്ട താരത്തെ നേരില്‍ കണ്ട്, ചിരിച്ചു കൊണ്ട് സ്‌നേഹത്തോടെ സംസാരിച്ച്, ഡയലോഗ് പറഞ്ഞു കൊടുത്ത്, ക്യാമറയുടെ മുന്നില്‍ അഭിനയിക്കുന്നതു കണ്ട്, വലുതോ ചെറുതോ എന്ന വ്യത്യാസമില്ലാതെ ആ വ്യക്തി എല്ലാ മനുഷ്യരോടും പെരുമാറുന്നതു കണ്ട്, ഒടുവില്‍ ഷൂട്ട് അവസാനിക്കുന്നതിന്റെ തലേന്ന് പുള്ളിക്കാരിക്ക് ചെറിയൊരു പരുക്ക് പറ്റുന്നതു കണ്ട് നിയന്ത്രിക്കാനാവാതെ സ്വയം കരഞ്ഞ് ഞാന്‍ എന്റെ ആ പഴയ ആരാധനയിലേക്ക് പൂര്‍ണമായും മടങ്ങിപ്പോയി എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. 

സുരേഷ് കുമാറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം


'ജാക്ക് ആന്‍ഡ് ജില്‍' ഷൂട്ട് നടക്കുന്ന സമയം. ഒരു ദിവസം ഞാന്‍ മഞ്ജു വാരിയരുടെ അടുത്തു പോയി ചോദിച്ചു, 'ഞാനും എന്റെ സുഹൃത്ത് വിജീഷും ചേര്‍ന്നാണ് സംഭാഷണം എഴുതുന്നത്. എങ്ങനെയുണ്ട്, ഓക്കേ ആണോ?'

അതിനു കിട്ടിയ മറുപടി, 'കലക്കി...ഗംഭീരം...ഞാനത് ഡെലിവര്‍ ചെയ്തത് നന്നായിരുന്നോ? ഇഷ്ടപ്പെട്ടോ?

ജഗതിയും, മുകേഷും, സുരാജ് വെഞ്ഞാറമൂടുമൊക്കെ പറയുന്നതു പോലെ 'പോ അവിടുന്ന്' എന്നാണ് പറയാന്‍ തോന്നിയത്! ഫീല്‍ഡില്‍ ഇത്രയും പരിചയസമ്പത്തുള്ള, അപാരമായ കഴിവുള്ള ഒരു അഭിനേത്രി, നവാഗതനായ എന്നോട് ചോദിക്കുകയാണ്, 'ഞാന്‍ ഡയലോഗ് പറഞ്ഞത് ശരിയായോ' എന്ന്! 

1996, ഞാന്‍ ബീകോം ഡിഗ്രി ആദ്യത്തെ വര്‍ഷം പഠിക്കുന്ന സമയത്താണ്, ആ വര്‍ഷത്തെ കലാതിലകമായ മഞ്ജു വാരിയര്‍ സിനിമയിലെത്തുന്നത്. 'സാക്ഷ്യം' എന്ന സിനിമയിലൂടെ, തൊട്ടു മുന്‍പത്തെ വര്‍ഷം തന്നെ സിനിമാ അഭിനയം തുടങ്ങിയെങ്കിലും, മറ്റുള്ളവരെപ്പോലെ എന്റെ മനസ്സിലും മഞ്ജു വാരിയരുടെ ആദ്യത്തെ സിനിമ 'സല്ലാപം' തന്നെയാണ്. 

'സല്ലാപം' തിയറ്ററില്‍ പോയി കണ്ടില്ല. കാരണം, പലവട്ടം കണ്ടിട്ടും മതിയാകാത്ത 'കാലാപാനി' കണ്ടു തീര്‍ത്ത് സുല്ല് പറഞ്ഞ് തിയറ്ററില്‍ നിന്ന് ഇറങ്ങിയിട്ടു വേണ്ടേ 'സല്ലാപം' കാണാന്‍! ആദ്യമായി തിയേറ്ററില്‍ കാണുന്ന മഞ്ജു വാരിയര്‍ സിനിമ 'ദില്ലിവാലാ രാജകുമാരന്‍' ആണ്, തിരുവനന്തപുരം ശ്രീപത്മനാഭയില്‍ നിന്നും. 

പുള്ളിക്കാരി സ്വയം ഡബ്ബ് ചെയ്ത ആദ്യത്തെ സിനിമയും അതു തന്നെയായിരുന്നു ('സല്ലാപം' ശ്രീജ ചേച്ചിയായിരുന്നു ഡബ്ബ് ചെയ്തത്). അതേ ദിവസം വൈകിട്ട് അജന്തയില്‍ പോയി 'തൂവല്‍കൊട്ടാരം' കാണുകയും ചെയ്തു. അന്നു തൊട്ട്, 1999'ല്‍ റിലീസായ 'കണ്ണെഴുതി പൊട്ടും തൊട്ട്' വരെ എന്തോ ഒരു സ്വപ്നസമാനമായ സ്ഥാനമായിരുന്നു 'മഞ്ജു വാരിയര്‍' എന്ന പേരിന്, എന്റെ ഹൃദയത്തില്‍. തനി നാടന്‍ ശൈലിയില്‍ ഡയലോഗ് പറയുന്ന, ചെയ്ത കഥാപാത്രങ്ങള്‍ക്കെല്ലാം തന്റേതായ ഒരു സ്‌പെഷല്‍ ടച്ച് കൊടുത്ത മഞ്ജു വാരിയര്‍.

റിലീസ് ദിവസം രാവിലെ ന്യൂ തിയേറ്ററില്‍ നിന്നും 'ഹരികൃഷ്ണന്‍സ്', രാത്രി അജന്തയില്‍ സെക്കന്റ് ഷോ 'സമ്മര്‍ ഇന്‍ ബെത്‌ലഹേം', അങ്ങനെ ഓടി നടന്ന് സിനിമ കാണുന്ന സമയം (1998 ഓണം). 'ചൂളമടിച്ചു കറങ്ങി നടക്കും' എന്ന പാട്ട് സ്‌ക്രീനില്‍ ഓടുന്നു. അതിലെ രണ്ടാമത്തെ ഇന്റര്‍ലൂഡ് മ്യൂസിക് പോര്‍ഷനില്‍ (ചരണത്തിനു മുന്‍പുള്ള), പുള്ളിക്കാരിയുടെ ഒരു മോഡേണ്‍ ഡാന്‍സ് സ്‌റ്റെപ്പുണ്ട്. വലിയ നര്‍ത്തകിയാണ് എന്ന് അറിയാമായിരുന്നെങ്കിലും, ആള്‍ക്ക് അത്തരം സംഗതികള്‍ വഴങ്ങുമോ എന്ന് അറിയില്ലായിരുന്നു. സത്യം പറഞ്ഞാല്‍, ശരിക്കും അദ്ഭുതം തോന്നി, അദ്ഭുതം അല്ല രോമാഞ്ചം. ആ ഒരു മോഡേണ്‍ ശൈലി തീരെയങ്ങു തുടരാതെ പെട്ടെന്ന് തന്നെ നാടന്‍ ശൈലിയിലേക്ക് മാറുന്നുമുണ്ട് ആ സീക്വന്‍സില്‍. അപ്പോഴൊക്കെ മഞ്ജു വാരിയര്‍ എന്ന സിനിമാ താരത്തോട് എന്തോ ഒരു വെരി വെരി സ്‌പെഷല്‍ ഇഷ്ടമായിരുന്നു. സത്യം. 

കുറേ നേരമായല്ലോ മോനേ, എന്താണ് ഈ 'ആയിരുന്നു...ആയിരുന്നു'? ഇപ്പൊ ഇഷ്ടമല്ലേ? തുറന്നു പറയാല്ലോ, ഏറെ പ്രതീക്ഷിച്ച് കാത്തിരുന്നു കിട്ടിയ ആ രണ്ടാം വരവ് തീരെ അങ്ങ് ബോധിച്ചില്ല. കാരണം, പ്രധാനമായും ആ മോസ്റ്റ് മോഡേണ്‍ ഹെയര്‍ സ്‌റ്റൈല്‍, അത് ഒട്ടും ദഹിച്ചിരുന്നില്ല! പിന്നെ, നയന്‍താരയൊക്കെ ചെയ്തതു പോലെ 'പുരികം ത്രെഡിങ്ങ്' എന്ന കൃത്രിമത്വം, എല്ലാം കൂടെ ചേര്‍ന്ന് എന്റെ മനസ്സിലെ ആ പഴയ രാജകുമാരി കണ്‍സപ്റ്റ് ഞാനറിയാതെ മാഞ്ഞു പോയി. 

'ഹൗ ഓള്‍ഡ് ആര്‍ യു'വും, അതിനു ശേഷമുള്ള മറ്റു സിനിമകളുമൊക്കെ കണ്ടെങ്കിലും ഒന്നിലും ആ പഴയ '96-99' മഞ്ജു വാര്യരെ കാണാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ആ പഴയ പ്രതിഭയുടെ മിന്നലാട്ടം കുറച്ചെങ്കിലും കിട്ടിയത് 'കെയര്‍ ഓഫ് സൈറ ബാനു'വിലാണ്. പിന്നെ, പരസ്യങ്ങളില്‍ പുള്ളിക്കാരി അഭിനയിക്കുന്നതൊക്കെ, നമ്മുടെ തിരുവനന്തപുരം ഭാഷയില്‍ പറഞ്ഞാല്‍ എനിക്ക് 'കണ്ണു കീറെ കണ്ടുകൂടാ'യിരുന്നു! ദേഷ്യമോ വെറുപ്പോ അല്ല, ഒരു പരിധിയില്‍ കൂടുതലുള്ള ഇഷ്ടം കൊണ്ടുള്ള മനോവിഷമം, അതായിരുന്നു കാരണം.

ഇപ്പോള്‍ എല്ലാം മാറി, അടപടലം മാറി! 'ജാക്ക് ആന്‍ഡ് ജില്‍' സമയത്ത്, ഏതാണ്ട് നാല്‍പത്തി അഞ്ചോളം ദിവസങ്ങള്‍ എന്റെ പ്രിയപ്പെട്ട താരത്തെ നേരില്‍ കണ്ട്, ചിരിച്ചു കൊണ്ട് സ്‌നേഹത്തോടെ സംസാരിച്ച്, ഡയലോഗ് പറഞ്ഞു കൊടുത്ത്, ക്യാമറയുടെ മുന്നില്‍ അഭിനയിക്കുന്നതു കണ്ട്, വലുതോ ചെറുതോ എന്ന വ്യത്യാസമില്ലാതെ ആ വ്യക്തി എല്ലാ മനുഷ്യരോടും പെരുമാറുന്നതു കണ്ട്, ഒടുവില്‍ ഷൂട്ട് അവസാനിക്കുന്നതിന്റെ തലേന്ന് പുള്ളിക്കാരിക്ക് ചെറിയൊരു പരുക്ക് പറ്റുന്നതു കണ്ട് നിയന്ത്രിക്കാനാവാതെ സ്വയം കരഞ്ഞ് ഞാന്‍ എന്റെ ആ പഴയ ആരാധനയിലേക്ക് പൂര്‍ണമായും മടങ്ങിപ്പോയി! മനസ്സിന്റെ അടിത്തട്ടില്‍ പതിഞ്ഞു പോയ ആ പഴയ മഞ്ജു വാരിയരുടെ എല്ലാ ഭാവങ്ങളും, ചേഷ്ടകളും, ശൈലികളും വീണ്ടും ക്യാമറയ്ക്കു മുന്നില്‍ സംഭവിക്കുന്നത് ഏറെ സന്തോഷത്തോടെ നോക്കി നില്‍ക്കാന്‍ കഴിഞ്ഞു എന്നതാണ് സത്യം!

ആകപ്പാടെ ഉണ്ടായിരുന്ന ആശയക്കുഴപ്പം, 'മഞ്ജു വാരിയര്‍' എന്നു വിളിക്കണോ അതോ 'മാഡം' എന്നു വിളിയ്ക്കണോ എന്നതായിരുന്നു? 'എന്തു വേണോ വിളിച്ചോ, പക്ഷെ തെറി വിളിക്കാതിരുന്നാല്‍ മതി' എന്ന രീതിയിലുള്ള ആ ഒരു നിഷ്‌കളങ്കമായ സമീപനം കണ്ടപ്പോള്‍, അറിയാതെ വിളിച്ചു, വിളിക്കുന്നു, ഇനി നാളെയും വിളിക്കും, 'മാഡം' എന്ന്....സര്‍വ്വ ഐശ്വര്യങ്ങളോടും കൂടി, ആയൂരാരോഗ്യസൗഖ്യത്തോടെ നീണ്ടകാലം ഇവിടെ തുടരാന്‍ കഴിയട്ടെ മഞ്ജു മാഡം, എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

എന്ന്,ഒരു '96-99' തീവ്ര ആരാധകന്‍, ഒപ്പ്...

ചആ : നീണ്ട ഒരു ഡയലോഗ് കൊടുത്താല്‍ പോലും, 'എന്തിരന്‍ ചിട്ടി'യെ പോലെ ആ പേപ്പര്‍ ഒരു പ്രാവശ്യം വാങ്ങി നോക്കി, ഒന്നു ചിന്തിച്ച് തിരികെ ഏല്‍പ്പിച്ചതിനു ശേഷം, ക്യാമറയുടെ മുന്നില്‍ പോയി പയറ് പയറു പോലെ അഭിനയിച്ച്, സന്തോഷ് സാറിന്റെ വെരി ഗുഡും വാങ്ങി, കസേരയില്‍ പോയി ഇരിക്കുന്ന ആ പ്രത്യേക പ്രക്രിയ മാത്രം എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല മാഡം!

2011ല്‍ റിലീസായ 'ഉറുമി'ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'ജാക്ക് ആന്‍ഡ് ജില്‍'. സന്തോഷ് ശിവന്‍ തന്നെ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിന്‍ ഷാഹിറും പ്രധാനവേഷത്തില്‍ എത്തുന്നു. സുരേഷ് കുമാര്‍ രവീന്ദ്രന്‍, വിജേഷ് തോട്ടിങ്ങല്‍ എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com