ആടുതോമ ഓടിച്ച ജീപ്പ് തന്റെ നെഞ്ചത്തുകൂടി കയറിയിറങ്ങിയേനെ; കാലില്‍ കയറ്റി ഇറക്കി; വേദനിച്ച ഓര്‍മ്മകളുമായി സ്ഫടികം ജോര്‍ജ്ജ്

ഷൂട്ട് തീരുന്നത് വരെ ലാല്‍ തിരക്കുമായിരുന്നു. 'കാലിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന്
ആടുതോമ ഓടിച്ച ജീപ്പ് തന്റെ നെഞ്ചത്തുകൂടി കയറിയിറങ്ങിയേനെ; കാലില്‍ കയറ്റി ഇറക്കി; വേദനിച്ച ഓര്‍മ്മകളുമായി സ്ഫടികം ജോര്‍ജ്ജ്

സ്ഫടികം സിനിമയിലെ അഭിനയത്തിനിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ സ്ഫടികം ജോര്‍ജ്ജ്. വളരെ യാദൃശ്ചികമായാണ് ചിത്രത്തിന്റെ ഭാഗമായത്. നടന്‍ നാസറിന്റെ ഡേറ്റ് പ്രശ്‌നമായതിനാലാണ് വേഷം തന്നെ തേടിയെത്തിയത്. കോട്ടയത്ത് അഞ്്ജലി ഹോട്ടലില്‍  എത്തിയപ്പോള്‍ ഒരാള്‍ തന്നോട് ചോദിക്കുകയായിരുന്നു എടോ തനിക്ക് സിനിമയില്‍ അഭിനയിക്കാമോ?. മറ്റൊന്നും ആലോചിക്കാതെ താന്‍ അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നു. അതാണ് സ്ഫടികം ജോര്‍ജ്ജെന്ന നടന്റെ ഉദയമെന്ന് ജോര്‍ജ്ജ് പറയുന്നു.  

സ്ഫടികം സിനിമയുടെ ചിത്രീകരണത്തിനിടെ വലിയ ഒരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ചിത്രത്തിന്റെ അവസാനഭാഗത്തെ ഫൈറ്റ് ചെന്നൈയിലെ ഒരു പാറമടയിലാണ് ചിത്രീകരിച്ചത്. ലാല്‍ എന്നെ ജീപ്പില്‍ പിന്തുടരുന്ന സീന്‍ ചിത്രകരിക്കുന്ന സമയം. പാറക്കൂട്ടത്തിന്റെ മുകളില്‍ നിന്ന് ഞാന്‍ ജീപ്പിന്റെ മുന്നിലേക്ക് എടുത്തുചാടി. ലാല്‍ ജീപ്പ് വേഗത്തില്‍ ഓടിച്ചുവരികയാണ്. എന്നാല്‍ എന്റെ ഭാരക്കൂടുതല്‍ കൊണ്ട് എനിക്ക് ഉരുണ്ട് മാറാന്‍ പറ്റിയില്ല. സത്യത്തില്‍ ജീപ്പ് എന്റെ നെഞ്ചത്തുകൂടി കയറിയിറങ്ങിയേനെ. എന്തോ ഭാഗ്യം കൊണ്ട് ഞാന്‍ തിരിഞ്ഞുമാറി. വേഗത്തിലെത്തിയ ജീപ്പാകട്ടെ എന്റെ കാലിലൂടെ കയറിയിറങ്ങി. കണ്ടുനിന്നവരെല്ലാം പേടിച്ചുപോയി. ഭദ്രന്‍ സാര്‍ അടക്കം ഓടിവന്നു. ലാലും വേഗം ജീപ്പില്‍ നിന്നിറങ്ങി എന്റെ അടുത്തുവന്നു സംസാരിച്ചു. പിന്നീട് ഷൂട്ട് തീരുന്നത് വരെ ലാല്‍ തിരക്കുമായിരുന്നു. 'കാലിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന്..' അന്നും ഇന്നും എനിക്ക് ഒരുകുഴപ്പവുമില്ല. കുറച്ച് ദിവസത്തെ വേദന അതിനപ്പുറം ഒന്നുമില്ലായിരുന്നെന്നും ജോര്‍ജ്ജ് പറയുന്നു. 

സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചെന്ന കാരണം പറഞ്ഞാണ് എന്നെയും തിലകന്‍ ചേട്ടനെയും മാളച്ചേട്ടനെയുമൊക്കെ സംഘടന വിലക്കിയത്. മൂന്നുവര്‍ഷം സിനിമ ഒന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വന്നു. പിന്നീട് രോഗിയായി. അതോടെ ജീവിതം ആകെ തളര്‍ന്നു. പക്ഷേ അപ്പോഴെല്ലാം ജീവിക്കാന്‍ പ്രേരിപ്പിച്ചത് സിനിമ തന്നെയാണ്. അന്ന് സുരേഷ്‌ഗോപി വിളിച്ച് രോഗത്തിന്റെ കാര്യങ്ങള്‍ തുടര്‍ച്ചയായി തിരക്കിയിരുന്നു. ഇടയ്ക്ക് ഞാന്‍ മരിച്ചെന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ പതിയെ ഞാന്‍ ജീവിതം തിരിച്ചു പിടിച്ചു. പിന്നീട് ചെറിയ വേഷങ്ങളൊക്കെ കിട്ടിയെന്നും ജോര്‍ജ്ജ് പറയുന്നു. ഇപ്പോള്‍ വിനയനും സംഘടനകളും തന്നിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നുവരികയാണ്. ആകാശഗംഗ രണ്ടാം ഭാഗത്തിനൊപ്പം ഒരു മോഹന്‍ലാല്‍ ചിത്രവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കിന്റെ കാലം മാറി നല്ല കാലത്തിലേക്ക് വരുന്നതിന്റെ ആശ്വാസത്തിലാണ് ഞാനെന്നും ജോര്‍ജ്ജ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com