'ആ എക്‌സ്പ്രഷന്‍ വേണ്ട, അത് ഞാന്‍ വേറെ എവിടെയോ കണ്ടിട്ടുണ്ട്'; പൃഥ്വിരാജിന്റെ സംവിധാന മികവിനെ പുകഴ്ത്തി ഷാജോണ്‍; വീഡിയോ

സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ചുമാണ് ലൂസിഫറിന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഷാജോണ്‍ പറയുന്നത്
'ആ എക്‌സ്പ്രഷന്‍ വേണ്ട, അത് ഞാന്‍ വേറെ എവിടെയോ കണ്ടിട്ടുണ്ട്'; പൃഥ്വിരാജിന്റെ സംവിധാന മികവിനെ പുകഴ്ത്തി ഷാജോണ്‍; വീഡിയോ

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പൃഥ്വിരാജിന്റെ സംവിധാന പാടവത്തെ പുകഴ്ത്തി മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പൃഥ്വിരാജിനെക്കുറിച്ചും ലൂസിഫര്‍ ചിത്രത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കലാഭവന്‍ ഷാജോണ്‍. ലൂസിഫറില്‍ മോഹന്‍ലാലിന്റെ സഹായി ആയിട്ടാണ് ഷാജോണ്‍ എത്തുന്നത്. സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ചുമാണ് ലൂസിഫറിന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയില്‍ ഷാജോണ്‍ പറയുന്നത്.

ലൂസിഫര്‍ പോലുള്ള വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നാണ് ഷാജോണ്‍ പറയുന്നത്. ചിത്രത്തില്‍ ചെറിയ വേഷത്തില്‍ എങ്കിലും എത്തണമെന്നാണ് താരം ആഗ്രഹിച്ചത്. തന്റെ ആഗ്രഹം ഒരിക്കല്‍ പൃഥ്വിരാജിനോട് പറയാനും മറന്നില്ല. സിനിമ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുന്‍പാണ് പൃഥ്വിരാജിന്റെ കോള്‍ എത്തുന്നത്. ചേട്ടാ വളരെ പെട്ടെന്നുള്ള വിളിയാണെന്ന് അറിയാം, എനിക്ക് ഡേറ്റ് തരണം എന്നു പറഞ്ഞു. റോളെന്താണെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ വലംകയ്യായിട്ടാണെന്നാണെന്നും പറഞ്ഞു. ഇതോടെ മറ്റ് ചിത്രങ്ങളുടെ തെരക്കുകള്‍ മാറ്റിവെച്ച് ഷാജോണ്‍ ലൂസിഫറിന്റെ ഭാഗമാകുകയായിരുന്നു. 

സിനിമയെക്കുറിച്ച് എടുത്തു പറയാനുള്ളത് പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചാണെന്നാണ് ഷാജോണ്‍ പറയുന്നത്. സംവിധായകന്‍ എന്ന നിലയില്‍ താരം ഞെട്ടിച്ചെന്നാണ് പറയുന്നത്. വളരെ പ്ലാനിങ്ങോടെയായിരുന്നു രാജുവിന്റെ ഷൂട്ട് ചെയ്തത്. പൃഥ്വിരാജിനെക്കുറിച്ച് ഷാജോണ്‍ പറയുന്നത് ഇങ്ങനെ; 'എല്ലാ സീനിലും കുറഞ്ഞത് പത്ത്, പതിനഞ്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ടാകും. അത് വളര്‍ന്ന് വളര്‍ന്ന് 5000 വരെ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ വന്ന സീനുകള്‍ വരെയുണ്ടായി. അപ്പോഴൊന്നും ഒരു ടെന്‍ഷനും കാണിക്കാതെ അനുഭവസമ്പത്തുള്ള ഒരു സംവിധായകന്റെ മെയ്‌വഴക്കത്തോടെയാണ് പൃഥ്വിരാജ് അതെല്ലാം ഷൂട്ട് ചെയ്തത്. ഞാന്‍ പൃഥ്വിരാജിനോട് ചോദിച്ചു, എങ്ങനെയാണ് ഇത് പറ്റുന്നത് എന്ന്? ചേട്ടാ ഇതൊന്നും വലിയ കാര്യമൊന്നുമില്ല, അങ്ങനെ വിചാരിച്ചാല്‍ മതി എന്നായിരുന്നു മറുപടി. സിനിമയെ കുറിച്ച് എല്ലാം അറിയാം. എന്താണ് എടുക്കാന്‍ പോകുന്നതെന്നും നമ്മള്‍ ചെയ്യേണ്ട ഭാവങ്ങള്‍ എല്ലാം അറിയാം. ഞാന്‍ ഒരു ഭാവം കാണിച്ചപ്പോള്‍ അടുത്തുവന്ന് എന്നോടു പറഞ്ഞു അത് വേണ്ട എന്ന്. ചേട്ടന്റെ ഇങ്ങനെയുള്ള എക്‌സ്പ്രഷന്‍ വേറെ ഏതോ സിനിമയില്‍ ഞാന്‍ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. അങ്ങനെ ഓരോ അഭിനേതാക്കളെയും കുറിച്ച് പഠിച്ചിട്ടാണ് അദ്ദേഹം സംവിധായകന്റെ കസേരയില്‍ ഇരുന്നത്.'

പൃഥ്വിരാജിന്റെ സംവിധായക മികവ് ചിത്രത്തില്‍ കാണാനാകുമെന്നാണ് ഷാജോണ്‍ പറയുന്നത്. കൂടാതെ തിരക്കഥ തയാറാക്കിയ മുരളി ഗോപിയെ പ്രശംസിക്കാനും ഷാജോണ്‍ മറന്നില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ഷാജോണിന്റെ വാക്കുകള്‍. ഇങ്ങനെയെങ്കില്‍ സിനിമ മികച്ചതായിരിക്കും എന്നാണ് ആരാധകര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com