'ഇത് എനിക്ക് ചരിത്ര മുഹൂർത്തമെന്ന് ബിഗ് ബി, അല്ല എനിക്കാണ് ഇത് ചരിത്രമെന്ന് കിംഗ് ഖാനും'; ഒന്നിച്ച് പാട്ടുപാടി ബച്ചനും ഷാറൂഖും, വിഡിയോ വൈറൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2019 05:37 PM |
Last Updated: 10th March 2019 05:38 PM | A+A A- |

ബിഗ് ബിയും കിംഗ് ഖാനും ഒന്നിച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഷാറൂഖ് ഖാൻ നിർമ്മിച്ച് അമിതാബ് ബച്ചനും തപ്സി പന്നുവും ഒന്നിക്കുന്ന ബദ്‌ലയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ പകർത്തിയ വിഡിയോയാണ് ഇത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷാറൂഖ് തന്നെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അമിതാഭ് ബച്ചനും രജനീകാന്തും ഗോവിന്ദയുമെല്ലാം പ്രധാന വേഷങ്ങളിലെത്തിയ ‘ഹം’ എന്ന ചിത്രത്തിലെ ‘ഏക് ദൂസരെ സെ കർത്തെ ഹെ പ്യാർ ഹം’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. തന്നെസംബന്ധിച്ച് ഇതൊരു ഹിസ്റ്റോറിക് വീഡിയോ ആണെന്ന് ബച്ചൻ പറയുമ്പോൾ അല്ല ഇത് തനിക്കാണ് ഹിസ്റ്റോറിക് എന്ന് ഷാറൂഖ് പറയുന്നതും വിഡിയോയിൽ കാണാം.
ബദ്‌ല മാർച്ച് എട്ടിന് വനിതാ ദിനത്തിലാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രതികരണം നേടി ചിത്രം തീയേറ്ററുകളിൽ മുന്നേറുന്നതിനിടെയാണ് ഇരുവരും ഒന്നിച്ച വിഡിയോ പുറത്തുവന്നിരിക്കുന്നത്. ഇതിനോടകം 31ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞ വിഡിയോ ധാരാളം കമന്റുകളും നേടുന്നുണ്ട്.