അയ്യപ്പചരിതം സിനിമയാക്കാന്‍ സന്തോഷ് ശിവന്‍; വരുന്നത് നാല് ഭാഷകളിലായി, അനുഷ്‌കയും എ.ആര്‍ റഹ്മാനും ഭാഗമായേക്കും

നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്
അയ്യപ്പചരിതം സിനിമയാക്കാന്‍ സന്തോഷ് ശിവന്‍; വരുന്നത് നാല് ഭാഷകളിലായി, അനുഷ്‌കയും എ.ആര്‍ റഹ്മാനും ഭാഗമായേക്കും

സ്വാമി അയ്യപ്പന്റെ ഐതിഹ്യത്തെ ആസ്പദമാക്കി സിനിമ വരുന്നു. പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ് ചിത്രം ഒരുക്കുന്നത്. നാല് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലനാണ്. ഓഗസ്റ്റ്- സെപ്റ്റംബറോടെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. അയ്യപ്പ സ്വാമിയെക്കുറിച്ചുള്ള സിനിമയാണെന്നും എന്നാല്‍ വ്യത്യസ്തമായ രീതിയിലുള്ള സമീപനമായിരിക്കും എന്നുമാണ് ഗോകുലം ഗോപാലന്‍ പറയുന്നത്. നവാഗതനായ പ്രശാന്താണ് തിരക്കഥ ഒരുക്കുന്നത്. ഒരുമിച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ച് വളരെ നാളായി ഞാനും സന്തോഷ് ശിവനും ആലോചിക്കുന്നത്. ഇതിനായി ചര്‍ച്ചകളും നടന്നു. തുടര്‍ന്നാണ് ഈ സിനിമ വരുന്നത്. സന്തോഷ് ശിവന്റെ പ്രവൃത്തിപരിചയവും സിനിമയിലുള്ള അറിവും താന്‍ അംഗീകരിക്കുന്നുണ്ടെന്നും ഗോപാലന്‍ പറയുന്നു. 

സിനിമയില്‍ അഭിനയിക്കേണ്ട താരങ്ങളെ ഇതുവരെ നിശ്ചയിച്ചില്ല. ചില താരങ്ങള്‍ സിനിമയുടെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ തീരുമാനമായിട്ടില്ലെന്നുമാണ് നിര്‍മാതാക്കള്‍ പറയുന്നത്. തെന്നിന്ത്യന്‍ സുന്ദരി അനുഷ്‌ക ഷെട്ടിയും സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാനും ചിത്രത്തിന്റെ ഭാഗമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണിയറ പ്രവര്‍ത്തകരേയും അഭിനേതാക്കളേയും തീരുമാനിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ ഭാഷകളില്‍ ഒരുക്കുന്നതിനാല്‍ എല്ലാ ഇന്‍ഡസ്ട്രിയില്‍ നിന്നും താരങ്ങളെ കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചെന്നും ഓഗസ്റ്റിന്റെ അവസാനത്തോടെയോ സെപ്റ്റംബറിലോ ചിത്രം ആരംഭിക്കുമെന്നും ഗോകുലം ഗോപാലന്‍ വ്യക്തമാക്കി. 

മഞ്ജു വാര്യറെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടുള്ള ജാക്ക് ആന്‍ഡ് ജില്ലിന്റെ ജോലികളിലാണ് സന്തോഷ് ശിവന്‍ ഇപ്പോള്‍. ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇതിന് ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ ഭാഗമാവുക. 2011 ല്‍ പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ഉറുമിക്ക് ശേഷമുള്ള ചിത്രമാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com