'ഇപ്പോഴല്ല, അന്ന് അംഗീകരിക്കണമായിരുന്നു, എനിക്ക് ഒരു അവാര്‍ഡ് പോലും ലഭിച്ചില്ല'; വിമര്‍ശനവുമായി ജി.വി പ്രകാശ്

സിനിമയെ പുകഴ്ത്തുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമല്ല സങ്കടമാണ് തോന്നുന്നത് എന്നാണ് ജി.വി പ്രകാശ് പറയുന്നത്
'ഇപ്പോഴല്ല, അന്ന് അംഗീകരിക്കണമായിരുന്നു, എനിക്ക് ഒരു അവാര്‍ഡ് പോലും ലഭിച്ചില്ല'; വിമര്‍ശനവുമായി ജി.വി പ്രകാശ്

കാര്‍ത്തി, റീമ സെന്‍, ആന്‍ഡ്രിയ എന്നിവര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് ആയിരത്തില്‍ ഒരുവന്‍. ഒരുപാട് പ്രതീക്ഷകളുമായി എത്തിയ ചിത്രം  വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ബോക്‌സ് ഓഫീസില്‍ വലിയ വിജയമാകാതിരുന്ന ചിത്രത്തിന് ഇപ്പോള്‍ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തമിഴിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ആയിരത്തിലൊരുവന്‍ എന്നാണ് ഇപ്പോള്‍ ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ജി.വി പ്രകാശ്. 

സിനിമയെ പുകഴ്ത്തുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമല്ല സങ്കടമാണ് തോന്നുന്നത് എന്നാണ് ജി.വി പ്രകാശ് പറയുന്നത്. തീയെറ്ററില്‍ എത്തുമ്പോള്‍ അംഗീകരിക്കാതെ വര്‍ഷങ്ങള്‍ക്ക് ശേഷം പ്രശംസ ചൊരിഞ്ഞിട്ട് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിക്കുന്നു. 'ചില സിനിമകളുടെ വിധി അങ്ങനെയാണ്. തിയേറ്ററുകളില്‍ എത്തുമ്പോള്‍ അവ അംഗീകരിക്കപ്പെടുകയില്ല, ആരും ശ്രദ്ധിക്കുകയുമില്ല. എന്നാല്‍ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സിനിമാ നിരൂപകര്‍ ആ സിനിമയെക്കുറിച്ച് വാചാലരാകും, അണിയ പ്രവര്‍ത്തകര്‍ക്ക് മേല്‍ പ്രശംസകള്‍ ചൊരിയും. എന്നാല്‍ അതില്‍ എന്തു കാര്യം?'

'എന്റെ ഏറ്റവും നല്ല വര്‍ക്ക് ആയിരത്തില്‍ ഒരുവനാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അന്ന് എന്നെ ആരും അംഗീകരിച്ചില്ല. എനിക്ക് പുരസ്‌കാരങ്ങളൊന്നും തന്നെ ലഭിച്ചതുമില്ല. ആടുകളത്തിന് ശേഷമാണ് ജനങ്ങള്‍ എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്. ആയിരത്തില്‍ ഒരുവന്‍ ഇന്നത്തെ കാലത്ത് റിലീസ് ചെയ്യേണ്ട സിനിമയാണെന്ന് പലരും ഇപ്പോള്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ അതില്‍ അര്‍ഥമില്ല. ഒരു ജോലി ചെയ്താല്‍ അതിനുള്ള കൂലി അപ്പോള്‍ തന്നെ കിട്ടണം' ജി.വി പ്രകാശ് കൂട്ടിച്ചേര്‍ത്തു. 

സെല്‍വരാജന്‍ സംവിധാനം ചെയ്ത ചിത്രം 2010 ലാണ് പുറത്തിറങ്ങിയത്. ചോളസാമ്രാജ്യത്തിന്റെ പിന്‍തലമുറക്കാരും പരിഷ്‌കൃതരെന്ന് കരുതുന്ന ആധുനിക മനുഷ്യരും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com