'ഒരു തവണ പോലും അത് മുടക്കാറില്ല, ആ വിശ്വാസമാണ് അദ്ദേഹത്തിന്റെ കരുത്ത്'; മമ്മൂട്ടിയെ പുകഴ്ത്തി ബിഷപ്പ്; വീഡിയോ വൈറല്‍

ഒരു പൊതു പരിപാടിക്കിടെയായിരുന്നു മമ്മൂട്ടിയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ബിഷപ്പ് രംഗത്തെത്തിയത്
'ഒരു തവണ പോലും അത് മുടക്കാറില്ല, ആ വിശ്വാസമാണ് അദ്ദേഹത്തിന്റെ കരുത്ത്'; മമ്മൂട്ടിയെ പുകഴ്ത്തി ബിഷപ്പ്; വീഡിയോ വൈറല്‍

രു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്നാണ് പഴമൊഴി. നടന്‍ മമ്മൂട്ടിയുടെ കാര്യത്തില്‍ ഇത് സത്യമാണ്. സമൂഹത്തിനു വേണ്ടി താന്‍ ചെയ്യുന്ന പ്രവൃത്തികള്‍ പരസ്യമാക്കാന്‍ അദ്ദേഹം ശ്രമിക്കാറില്ല. അതിനാല്‍ തന്നെ നമ്മള്‍ അറിയാതെ പോയ ഒരുപാട് കാര്യങ്ങളുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി കേരളത്തില്‍ മമ്മൂട്ടി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് മലങ്കര ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പ് ആയ മാത്യൂസ് മാര്‍ സേവേറിയോസ്. 

ഒരു പൊതു പരിപാടിക്കിടെയായിരുന്നു മമ്മൂട്ടിയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി ബിഷപ്പ് രംഗത്തെത്തിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് പ്രസംഗത്തിന്റെ വീഡിയോ. നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയ്ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ട വ്യക്തിയല്ല അദ്ദേഹം എന്നുമാണ് ബിഷപ്പ് പറയുന്നത്. കേരളത്തില്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന പത്തോളം ജീവകാരുണ്യ പദ്ധതികളെ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ബിഷപ്പിന്റെ പ്രസംഗം. 

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും രോഗങ്ങള്‍കൊണ്ട് വലയുന്നവര്‍ക്കും ആദിവാസികള്‍ക്കുമെല്ലാം വേണ്ടിയുള്ളവയായിരുന്നു പദ്ധതികള്‍ ഏറെയും. '25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെയിന്‍ ആന്റ് പാലിയേറ്റീവ് എന്ന സംഘടന പ്രവര്‍ത്തനം ആരംഭിച്ചത് 25 ലക്ഷം രൂപ കൊണ്ടായിരുന്നു.  വിവിധ ഘട്ടങ്ങളിലായി ഒട്ടേറെ പേര്‍ക്ക് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നല്‍കി സംഘടന ഒപ്പം നിന്നു. പിന്നീട് കാഴ്ച എന്ന പദ്ധതി ആവിഷ്‌കരിക്കുകയും  പതിനായിരത്തിലേറെ പേര്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയും ചെയ്തു. ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ വലയുന്നവര്‍ക്ക് കൈത്താങ്ങായി ഹൃദയസ്പര്‍ശം എന്ന പേരില്‍ 673 കുഞ്ഞുങ്ങള്‍ക്കും 170ലേറെ മുതിര്‍ന്നവര്‍ക്കും സൗജന്യമായി ഓപ്പറേഷന്‍ നടത്തിക്കൊടുത്തു. 

ജീവന്റെ നിലനില്‍പ്പിന് മാത്രമല്ല ജീവിതങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കി. വിദ്യാമൃതം എന്ന പദ്ധതിയിലൂടെയും പൂര്‍വികം എന്ന ആശയത്തിലൂടെയും ആദിവാസികള്‍ അടക്കമുള്ള കുട്ടികള്‍ക്ക് പഠിക്കാനുള്ള എല്ലാ സഹായവും അദ്ദേഹം നല്‍കുന്നുണ്ട്. ഇത്തരത്തില്‍ എന്‍ജനിയറിങും നഴ്‌സിങ്ങും അടക്കം പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഇപ്പോള്‍ മികച്ച തൊഴിലിടങ്ങില്‍ ജോലിചെയ്യുകയാണ്. പിന്നീട് ഇത്തരം പദ്ധതികളെല്ലാം കെയര്‍ ആന്റെ ഷെയര്‍ എന്ന ഒരു കുടയുടെ കീഴിലെത്തിച്ച് സജീവമായി മുന്നോട്ട് പോവുകയാണ്.' ബിഷപ്പ് പറഞ്ഞു. 

അദ്ദേഹം നടത്തുന്ന ഈ പ്രസ്താനങ്ങളുടെ വിജയത്തിന്റെ രഹസ്യം അദ്ദേഹത്തിന്റെ വിശ്വാസമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു ദിവസംപോലും ഒരു നേരം പോലും അദ്ദേഹം നിസ്‌കാരം മുടക്കാറില്ലെന്നും സിനിമയുടെ തിരക്കിലാണെങ്കില്‍ പോലും എല്ലാവരേയും മാറ്റി നിര്‍ത്തി അദ്ദേഹം നിസ്‌കരിക്കാന്‍ സമയം കണ്ടെത്തുമെന്നും ബിഷപ്പ് വ്യക്തമാക്കി. ആ വിശ്വാസത്തിന്റെ കരുത്താണ് അദ്ദേഹത്തെ മുന്നോട്ടു നയിക്കുന്നത്. ഇസ്ലാമില്‍ മാത്രമല്ല മറ്റ് മത വിശ്വാസങ്ങളേയും അദ്ദേഹം മാനിക്കുന്നുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ചെറു ചിരിയോടെയാണ് മമ്മൂട്ടി ഇത് കേട്ടിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com