'ഗര്‍ഭിണിയായിരിക്കുമ്പോള്‍ 97 കിലോ ആയിരുന്നു ഭാരം, ആറു മാസം കൊണ്ട് 23 കിലോ കുറച്ചു'; ഫിറ്റ്‌നസിനെക്കുറിച്ച് മീര വാസുദേവന്‍

ശരീര സൗന്ദര്യത്തിന് മാത്രം പ്രധാന്യം നല്‍്കുന്ന ദയയില്ലാത്ത സിനിമ മേഖലയാണ് ബോളിവുഡ് എന്നാണ് താരം പറയുന്നത്
'ഗര്‍ഭിണിയായിരിക്കുമ്പോള്‍ 97 കിലോ ആയിരുന്നു ഭാരം, ആറു മാസം കൊണ്ട് 23 കിലോ കുറച്ചു'; ഫിറ്റ്‌നസിനെക്കുറിച്ച് മീര വാസുദേവന്‍

ബോളിവുഡില്‍ നിന്ന് മലയാള സിനിമ ലോകത്തേക്ക് എത്തിയ നായികയാണ് മീര വാസുദേവന്‍. മോഹന്‍ലാല്‍ നായകനായി എത്തിയ തന്മാത്രയിലെ ലേഖയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ തനനി മലയാളി നായികയായി മീര മാറി. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മീര സിനിമയില്‍ സജീവമാവുകയാണ്. എന്നാല്‍ മടങ്ങിവരവില്‍ മീരയെ കാത്തിരിക്കുന്നത് കൂടുതലും അമ്മ വേഷങ്ങളാണ്. ജയന്‍ രവി നായകനായി എത്തിയ അഡങ്ങ മാറു എന്ന ചിത്രത്തിലും മീര എത്തിയത് നായകന്റെ അമ്മയായാണ്. ഇനി പുറത്തിറങ്ങാനുള്ള പ്രിയനന്ദനന്‍ ചിത്രം സൈലന്‍സറിലും പ്രായമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. 

എന്നാല്‍ പ്രായമായ കഥാപാത്രമാകാന്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നാണ് മീര പറയുന്നത്. ചെയ്യുന്ന കഥാപാത്രത്തിന്റെ പ്രായപരിധി തനിക്കൊരു പ്രശ്‌നമല്ലെന്നും പെണ്‍ കഥാപാത്രമാണെങ്കില്‍ എങ്ങനെ വേഷം മാറാനും താന്‍ തയാറാണ് എന്നാണ്‌ താരം പറയുന്നത്. സൈലന്‍സറിനെ കൂടാതെ കുട്ടിമാമയും താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്. ഇതില്‍ ശ്രീനിവാസന്റെ നായികയായാണ് എത്തുന്നത്. പ്രായമായതിന് ശേഷം പണ്ടത്തെ പ്രണയത്തെ തിരിച്ചുപിടിക്കുന്ന ദമ്പതികളായാണ് ഇരുവരും എത്തുന്നത്. 

മകന്‍ ജനിച്ചതോടെയാണ് മീര വാസുദേവന്‍ സിനിമ രംഗത്തുനിന്ന് മാറി നിന്നത്. പ്രസവത്തെതുടര്‍ന്ന് ശരീരഭാരം കൂടിയെങ്കിലും മാസങ്ങള്‍കൊണ്ട് തടികുറച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. ശരീര സൗന്ദര്യത്തിന് മാത്രം പ്രധാന്യം നല്‍്കുന്ന ദയയില്ലാത്ത സിനിമ മേഖലയാണ് ബോളിവുഡ് എന്നാണ് താരം പറയുന്നത്. 

'മുംബൈയില്‍ നിന്നും ബോളിവുഡില്‍ നിന്നുമാണ് ഞാന്‍ വരുന്നത്. അത് ഒരു കരുണയില്ലാത്ത ഇന്‍ഡസ്ട്രിയാണ്. എത്രത്തോളം സൗന്ദര്യമുണ്ട് നിങ്ങള്‍ക്കെന്നും നിങ്ങള്‍ എത്ര പ്രൊഫഷണലാണെന്നും നിങ്ങള്‍ എത്ര ഫിറ്റാണെന്നും മാത്രമാണ് അവിടെ നോക്കുന്നത്. എന്റെ കുഞ്ഞിനെ പ്രസവിച്ച ശേഷം ഞാന്‍ ഹൈപ്പോ തൈറോയിഡ് അവസ്ഥയിലായി. ബിപി കുറഞ്ഞു, തലചുറ്റലുണ്ടായി കൂടാതെ മറ്റ് പരുക്കുകളും. ആ സമയത്ത് എന്റെ ശരീര ഭാരം 97 കിലോ ആയി. ഗര്‍ഭിണിയായിരിക്കുമ്പോഴും അതിന് ശേഷവും എന്റെ ശരീരം വല്ലാതെയായി. എന്റെ മകന്‍ കുറച്ചു വലുതാവാന്‍ കാത്തിരിക്കുകയായിരുന്നു. അവനെ എന്റെ മാതാപിതാക്കളെ ഏല്‍പ്പിച്ച് ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 2015 ലാണ് ജിമ്മില്‍ പോയിത്തുടങ്ങുന്നത്. ആറ് മാസത്തില്‍ 23 കിലോയാണ് ഭാരം കുറച്ചതത്. 21 വയസു മുതല്‍ ബോഡി ബില്‍ഡിങ്ങിലും വെയിറ്റ് ലിഫ്റ്റിങ്ങും ഞാന്‍ ചെയ്യുന്നുണ്ട്. മിലിന്‍ഡ് സോമനാണ് എനിക്ക് പ്രോത്സാഹനം നല്‍കിയത്.' മീര കൂട്ടിച്ചേര്‍ത്തു. 

2017 ഓടെ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ആദ്യ കാലത്ത് കൊച്ചിയിലെ തുറിച്ചുനോട്ടങ്ങള്‍ തന്നെ ബുദ്ധിമുട്ടിച്ചിരുന്നു എന്നാണ് താരം പറയുന്നത്. മുംബൈയിലുണ്ടായിരുന്ന പൂര്‍ണ സ്വാതന്ത്ര്യം ഇവിടെ ഇല്ലാതായതുപോലെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടത്തെ ആളുകളെ താന്‍ മനസിലാക്കിയെന്നും എല്ലാം താന്‍ ആസ്വദിക്കുകയാണെന്നുമാണ് മീര പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com