'ലാലേട്ടനൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും പ്രാര്‍ത്ഥിക്കും ഒരു സിനിമ കൂടി അദ്ദേഹത്തിനൊപ്പം കിട്ടണേ എന്ന്'; ഇത് ഡബിള്‍ ലോട്ടറിയെന്ന് മഞ്ജു വാര്യര്‍ 

ഞാന്‍ കാണാനാഗ്രഹിച്ച സിനിമയില്‍ നല്ലൊരു കഥാപാത്രം എനിക്കായി മാറ്റിവച്ചിട്ടുണ്ടെന്നത് വലിയ ഭാഗ്യമായി കരുതുന്നു
'ലാലേട്ടനൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും പ്രാര്‍ത്ഥിക്കും ഒരു സിനിമ കൂടി അദ്ദേഹത്തിനൊപ്പം കിട്ടണേ എന്ന്'; ഇത് ഡബിള്‍ ലോട്ടറിയെന്ന് മഞ്ജു വാര്യര്‍ 

ടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യറും നായികാനായകന്മാരായി എത്തുന്ന സിനിമയാണ് ലൂസിഫര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം തനിക്ക് ഡബിള്‍ ലോട്ടറി അടിച്ചപോലെയാണെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. താന്‍ കാണാന്‍ ആഗ്രഹിച്ച സിനിമയില്‍ നല്ലൊരു കഥാപാത്രത്തെ കിട്ടിയത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നത് എന്ന് ലൂസിഫറിലെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള വീഡിയോയില്‍ മഞ്ജു പറഞ്ഞു. ലാലേട്ടനൊപ്പമുള്ള ഓരോ സിനിമ കഴിയുമ്പോഴും ഇനിയും ഒരു സിനിമ കൂടി അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ സാധിക്കണേ എന്ന് പ്രാര്‍ത്ഥിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

പൃഥ്വിരാജുമായി നേരിട്ട് വ്യക്തി ബന്ധം ഇല്ലായിരുന്നു. ലൂസിഫറില്‍ വന്നതിന് ശേഷമാണ് ഇത്ര അടുത്തു പെരുമാറാന്‍ അവസരം ലഭിക്കുന്നത്. മുന്‍പ് രാജുവിനൊപ്പം അഭിനയിക്കാത്തതുകൊണ്ട് അദ്ദേഹത്തിന്റെ സംവിധായകനിലേക്കുള്ള മാറ്റവും തനിക്ക് അറിയില്ലെന്നും മഞ്ജു പറഞ്ഞു. ലൂസിഫര്‍ പ്രഖ്യാപിച്ചതുമുതല്‍ താന്‍ ചിത്രത്തെക്കുറിച്ച് ശ്രദ്ധിക്കുന്നുണ്ട്. മുന്‍പ് ചില അഭിമുഖങ്ങളില്‍ സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് രാജു പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും തന്റെ ആഗ്രഹം മുറുകെപിടിച്ച രാജുവിന്റെ പാഷനെക്കുറിച്ചാണ് സിനിമ പ്രഖ്യാപിക്കുമ്പോള്‍ ഓര്‍ത്തത്. കുറേ കഴിഞ്ഞാണ് എന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാന്‍ രാജുവും മുരളി ഗോപിയും നേരിട്ട് എത്തുന്നത്. എന്നെ സംബന്ധിച്ചടത്തോളം അത് ഡബിള്‍ ലോട്ടറിയായിരുന്നു. ഞാന്‍ കാണാനാഗ്രഹിച്ച സിനിമയില്‍ നല്ലൊരു കഥാപാത്രം എനിക്കായി മാറ്റിവച്ചിട്ടുണ്ടെന്നത് വലിയ ഭാഗ്യമായി കരുതുന്നു.' മഞ്ജു പറഞ്ഞു. 

'എറ്റവും വലിയ ഭാഗ്യം ലാലേട്ടനോടൊപ്പം വീണ്ടും അഭിനയിക്കുക എന്നതാണ്. നമ്മുടെയൊക്കെ നിധിയായ ലാലേട്ടനൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുന്നതുതന്നെ വലിയ ഭാഗ്യം. ലാലേട്ടനൊപ്പം സിനിമ ചെയ്യുമ്പോള്‍ അതൊരിക്കലും അവസാനിക്കരുതേ എന്ന് ആഗ്രഹിക്കുന്നതായി ചില സംവിധായകര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നെ സംബന്ധിച്ചും ഞാന്‍ മനസ്സില്‍ പ്രാര്‍ഥിക്കും, ഒരു സിനിമയെങ്കിലും വീണ്ടും അദ്ദേഹത്തിനൊപ്പം ചെയ്യാന്‍ കഴിയണേ എന്ന്.' മഞ്ജു വ്യക്തമാക്കി. 

ചിത്രത്തില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ശക്തമായ കഥാപാത്രമാണ് തന്റേതെന്നാണ് മഞ്ജു പറയുന്നത്. ഇന്നലെയാണ് മഞ്ജുവിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com