'പിടിച്ചുവലിച്ച് തോളിലെടുത്ത് കൊണ്ടുപോകുന്നതിനിടയില്‍ സുമലതയുടെ നെറ്റി പൊട്ടി; കരച്ചില്‍, ബഹളം' 

സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ വിവരിക്കുകയാണ് ബാബു നമ്പൂതിരി
'പിടിച്ചുവലിച്ച് തോളിലെടുത്ത് കൊണ്ടുപോകുന്നതിനിടയില്‍ സുമലതയുടെ നെറ്റി പൊട്ടി; കരച്ചില്‍, ബഹളം' 

ജോഷിയുടെ സംവിധാനത്തില്‍ 1985ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നിറക്കൂട്ട്. ഡെന്നീസ് ജോസഫായിരുന്നു സിനിമയുടെ തിരക്കഥാകൃത്ത്. ചിത്രത്തില്‍ മമ്മൂട്ടിയും സുമലതയുമായിരുന്നു നായികാനായകന്മാര്‍. ചിത്രത്തില്‍ മമ്മൂട്ടിയുടെ സുഹൃത്തായി എത്തിയത് ബാബു നമ്പൂതിരിയാണ്. സുമലതയെ സ്‌നേഹിക്കുന്ന അജിത്ത് എന്ന കഥാപാത്രത്തെയാണ് ബാബു നമ്പൂതിരി അവതരിപ്പിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ വിവരിക്കുകയാണ് ബാബു നമ്പൂതിരി. സുമലതയെ ബലമായി പിടിച്ചുവലിച്ചിഴയ്ക്കുന്ന രംഗത്തിനിടയില്‍ നെറ്റി പൊട്ടിയെന്നും അത് സെറ്റില്‍ ആകെ ബഹളത്തിനിടയാക്കിയെന്നുമാണ് അദ്ദേഹം വിവരിക്കുന്നത്.

'നിറക്കൂട്ടിന്റെ ചിത്രീകരണം കൊല്ലത്ത് വെച്ച് നടക്കുന്നതിനിടയില്‍ ഒരു സംഭവമുണ്ടായി. അജിത്ത് എന്ന ഫോട്ടോഗ്രാഫറാണ് എന്റെ കഥാപാത്രം. നായകനായ മമ്മൂട്ടിയെ സ്‌നേഹിക്കുന്ന നായികയാണ് സുമലത. നായകന്റെ അടുത്ത സുഹൃത്തായ അജിത്തിനും സുമലതയെ ഇഷ്ടമാണ്. എങ്ങനെയെങ്കിലും സുമലതയെ വശപ്പെടുത്താന്‍ ശ്രമിക്കുന്ന അജിത്ത് ഒടുവില്‍ അവരെ ട്രാപ്പ് ചെയ്യുന്നുണ്ട്.'

'ബലമായി പിടിച്ചുവലിക്കുകയും തോളിലെടുത്ത് കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തോളിലെടുത്തുകൊണ്ട് വാതിലിന്റെ കട്ടിള കടന്ന് അടുത്ത മുറിയിലേക്ക് പ്രവേശിക്കുന്നതാണ് രംഗം. എന്റെ തോളില്‍ കിടക്കുന്ന സുമലത വഴുതി മാറാന്‍ ശ്രമിച്ചുകൊണ്ട് കയ്യും കാലുമെല്ലാം ആട്ടുന്നുണ്ട്.' 

'ഞാന്‍ വളരെ വേഗത്തിലാണ് നടക്കുന്നത്. കണ്ണടച്ച് സുമലത തോളില്‍ കിടക്കുന്നു. പെട്ടെന്ന് വാതിലിന്റെ കട്ടിളയില്‍ സുമലതയുടെ നെറ്റി തട്ടി. കരച്ചിലായി, ബഹളമായി. താരതമ്യേന തുടക്കക്കാരനായ ഒരു നടന്റെ ഭാഗത്തുനിന്നുള്ള വീഴ്ച എന്ന പേരില്‍ എനിക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്നു.' - ബാബു നമ്പൂതിരി പറയുന്നു. 

'പിന്നീട് മുറിവേറ്റ സുമലതയെയും കൊണ്ട് ജ്യോത്സനായ കോരച്ചേട്ടന്റെ അടുത്തേക്കാണ് നിര്‍മാതാവ് ജോയ് തോമസ് പോയത്. 
കോരച്ചേട്ടന്‍ മുറിവ് കണ്ടിട്ട് പറഞ്ഞു, വളരെ നന്നായിരിക്കുന്നു, ചോര കണ്ടില്ലേ? പടം ഹിറ്റാവും.  ഈ സംഭവത്തെ വളരെ നെഗറ്റീവ് ആയാണ് അണിയറപ്രവര്‍ത്തകര്‍ കണ്ടിരുന്നതെങ്കില്‍ ഒരുപക്ഷേ സുമലതയും ഞാനുമുള്ള രംഗങ്ങള്‍ മറ്റൊരാളെ വെച്ച് പൂര്‍ത്തിയാക്കിയേനെ. എന്നാല്‍ കോരച്ചേട്ടന്റെ വാക്കുകളിലുള്ള വിശ്വാസം എല്ലാം ശുഭമാക്കി. ഒന്ന് രണ്ട് ആഴ്ചകളുടെ ബ്രേക്കിന് ശേഷം ഷൂട്ടിങ് വീണ്ടും തുടര്‍ന്നു' ബാബു നമ്പൂതിരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com