പിരിച്ചുവെച്ച മീശയും മുണ്ടും ജീപ്പും ഉണ്ടെങ്കില്‍ സിനിമ ഹിറ്റാകണമെന്നില്ല: മോഹന്‍ലാല്‍ 

പിരിച്ചുവെച്ച മീശയും മുണ്ടും ഉണ്ടെങ്കില്‍ തന്റെ സിനിമകള്‍ ഹിറ്റാകുമെന്ന് പറയുന്നത് വെറുതെയാണെന്ന് മോഹന്‍ലാല്‍
പിരിച്ചുവെച്ച മീശയും മുണ്ടും ജീപ്പും ഉണ്ടെങ്കില്‍ സിനിമ ഹിറ്റാകണമെന്നില്ല: മോഹന്‍ലാല്‍ 

പിരിച്ചുവെച്ച മീശയും മുണ്ടും ഉണ്ടെങ്കില്‍ തന്റെ സിനിമകള്‍ ഹിറ്റാകുമെന്ന് പറയുന്നത് വെറുതെയാണെന്ന് മോഹന്‍ലാല്‍. ഈ ഘടകങ്ങളെല്ലാം ഉണ്ടായിട്ടും പരാജയപ്പെട്ട സിനിമകളുണ്ട്. നരസിംഹത്തിന് ശേഷം നിരവധി മീശപിരിച്ചുവെച്ച സിനിമകള്‍ വന്നു. പലതും മോശമായി പോയിട്ടുണ്ട്. എന്നാല്‍ ലൂസിഫറില്‍ എല്ലാം ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസമെന്നും ലൂസിഫര്‍ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. സംവിധായകന്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

'മീശയും മുണ്ടും ജീപ്പും ഒരു സിനിമയുടെ വിജയ ഘടകങ്ങളാകണമെന്നില്ല. ആ ഗെറ്റപ്പില്‍ വന്ന ചില സിനിമകള്‍ വിജയിച്ചിട്ടുണ്ട്. ചിലത് പരാജയപ്പെട്ടിട്ടുണ്ട്. നരസിംഹം വലിയ വിജയമായിരുന്നു. അതിന് ശേഷം ആ ചേരുവകളൊക്കെ ചേര്‍ത്ത് എടുത്ത ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടു.'

തിരക്കഥ അനുസരിച്ചാണ് കഥാപാത്രങ്ങളെ രൂപപ്പെടുത്തുന്നത്. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പിള്ളി ഹൈ റേഞ്ചില്‍ ജീവിക്കുന്ന ഒരാളാണ്. അതുകൊണ്ട് അയാള്‍ക്ക് ജീപ്പുണ്ട്. രാഷ്ട്രീയക്കാരനായതുകൊണ്ട് മുണ്ടുടുക്കുന്നു. പിന്നെ അയാള്‍ക്കൊരു സങ്കടമുണ്ട്. അതുകൊണ്ട് രാവിലെ ഷേവ് ചെയ്യാനുള്ള മാനസികാവസ്ഥയില്‍ ജീവിക്കുന്ന ഒരാളല്ല. അത് സിനിമ കണ്ടാല്‍ മനസ്സിലാകും. ഇതൊന്നും മനപ്പൂര്‍വ്വം ചേര്‍ത്തുവെച്ചതല്ല. ആകസ്മികമായി സംഭവിക്കുന്ന ഘടകങ്ങളാണ്. ഓരോ ആളുകള്‍ക്കും അവരുടെതായ വ്യക്തിത്വമുണ്ടേല്ലോ. അതിന്റെ ഭാഗമായാണ് സിനിമയില്‍ സ്റ്റീഫന്‍ നെടുമ്പിളളി മീശപിരിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

പൃഥ്വിരാജ് എന്ന സംവിധായകനില്‍ വിശ്വാസമുണ്ടെന്നും ലൂസിഫര്‍ വലിയ വിജയമാകുമെന്നാണ് പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com