'നരേന്ദ്ര മോദി'യില്‍ ജാവേദ് അക്തറിന്റെ പാട്ടുണ്ട്, വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍

പ്രസൂണ്‍ ജോഷി, സമീര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഗാന രചയിതാക്കളുടെ കൂട്ടത്തില്‍ ജാവേദിന്റെയും പേര് ചേര്‍ത്തിരുന്നത്.
'നരേന്ദ്ര മോദി'യില്‍ ജാവേദ് അക്തറിന്റെ പാട്ടുണ്ട്, വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന സിനിമയായ 'പിഎം നരേന്ദ്രമോദി' എന്ന ചിത്രത്തില്‍ പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പേര് നല്‍കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇന്നലെ പുറത്തിറക്കിയ പോസ്റ്ററില്‍ ആയിരുന്നു, മുതിര്‍ന്ന ഗാനരചയിതാവിന്റെ പേര് ഉള്‍പ്പെടുത്തിയത്. 

ഉടന്‍ തന്നെ തന്റെ വരികള്‍ ചിത്രത്തിലുണ്ടെന്ന വാദം നിഷേധിച്ച് അക്തര്‍ ട്വീറ്റ് ചെയ്തു. 'പോസ്റ്ററില്‍ എന്റെ പേര് കണ്ട് ഞാന്‍ ഞെട്ടിയിരിക്കുകയാണ്. ഞാന്‍ അതില്‍ ഗാനങ്ങളൊന്നും തന്നെ എഴുതിയിട്ടില്ല.' അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 

വിവാദങ്ങള്‍ക്കൊടുവില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് സന്ദീപ് സിങ് രംഗത്തെത്തിയിരിക്കുകയാണ്. ജാവേദ് അക്തറിന്റെ രചനയില്‍ 1947ല്‍ പുറത്തിറങ്ങിയ 'ഇൗശ്വര്‍ അല്ലാഹ്' എന്ന തുടങ്ങുന്ന ഗാനം മോദിയുടെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാരണം കൊണ്ടാണ് പഴയ ഗാനരചയിതാവിന് ക്രെഡിറ്റ് നല്‍കിയതെന്ന് സംവിധായകന്‍ പറയുന്നു. 

പ്രസൂണ്‍ ജോഷി, സമീര്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഗാന രചയിതാക്കളുടെ കൂട്ടത്തില്‍ ജാവേദിന്റെയും പേര് ചേര്‍ത്തിരുന്നത്. ഇതിനെതിരെ ജാവേദ് രംഗത്തെത്തിയതോടെ മോദി ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ കൊണ്ട് നിറഞ്ഞിരുന്നു.

മേരികോം, സരബ്ജിത്ത് എന്നീ ബയോപിക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമങ്ങ് കുമാറാണ് 'പി.എം. നരേന്ദ്രമോദി' സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്രോയിയുടെ പിതാവ് സുരേഷ് ഒബ്രോയിയും സന്ദീപ് സിങ്ങുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം നിശ്ചയിച്ചതിനും ഒരാഴ്ച മുന്‍പ് തിയേറ്ററുകളിലെത്തും. ഏപ്രില്‍ 12 ആയിരുന്നു ആദ്യം പറഞ്ഞിരുന്ന റിലീസ് തിയ്യതി. ഇത് ഏപ്രില്‍ 5ലേക്ക് മാറ്റിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com