'അന്ന് തടസമായി നിന്നതിന് അദ്ദേഹം മാപ്പ് പറഞ്ഞു, ഇങ്ങനെ ഒന്നും പറയാതെ പോവുമ്പോള്‍ ഉള്ളില്‍ ഒരു മരവിപ്പാണ്'; സംവിധായകന്റെ കുറിപ്പ്

ഷഫീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്ന സംവിധായകന്‍ അഭിലാഷിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്
'അന്ന് തടസമായി നിന്നതിന് അദ്ദേഹം മാപ്പ് പറഞ്ഞു, ഇങ്ങനെ ഒന്നും പറയാതെ പോവുമ്പോള്‍ ഉള്ളില്‍ ഒരു മരവിപ്പാണ്'; സംവിധായകന്റെ കുറിപ്പ്

നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷഫീര്‍ സേഠിനെ അപ്രതീക്ഷിത മരണം മലയാള സിനിമ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി താരങ്ങളാണ് ഷഫീറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചിരിക്കുന്നത്. ഷഫീറിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്ന സംവിധായകന്‍ അഭിലാഷിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആളൊരുക്കത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ തന്റെ ജീവിതത്തില്‍ ഒരു തടസമായിട്ടാണ് ഷറീര്‍ എത്തിയതെന്നും എന്നാല്‍ പിന്നീട് ജേഷ്ഠ തുല്യ സൗഹൃദത്തിലേക്ക് വഴിമാറിയെന്നുമാണ് അഭിലാഷ്‌ പറയുന്നത്. 

അഭിലാഷിന്റെ കുറിപ്പ് വായിക്കാം

ഷഫീറിക്ക ഇങ്ങനെ ഒന്നും പറയാതെ പോവുമ്പോള്‍ ഉള്ളില്‍ ഒരു മരവിപ്പാണ് തോന്നുന്നത്.

എന്റെ ജീവിതത്തില്‍ ഒരിക്കലൊരു 'തടസ'മായി വന്നയാളാണ്.പിന്നെ ജേഷ്ഠ തുല്യ സൗഹൃദത്തിലേറിയ വഴിമാറിയ ഹൃദയ ബന്ധം.

ആളൊരുക്കം ഷൂട്ടിങ് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ഷഫീറിക്ക ആദ്യമായി എന്നെ വിളിക്കുന്നത്. പ്രധാന വേഷം ചെയ്യുന്ന ഇന്ദ്രന്‍സേട്ടന്റെ കുറേ ദിവസത്തെ ഡേറ്റുകള്‍ കമ്മാരസംഭവം എന്ന ചിത്രത്തിലേക്ക് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു വിളി.

ഇന്ദ്രന്‍സേട്ടന്റെ ഡേറ്റുകള്‍ക്കനുസരിച്ചാണ് ഞാന്‍ ചിത്രീകരണ തീയതികള്‍ തന്നെ മുന്‍കൂട്ടി തീരുമാനിച്ചതും. ഇപ്പോള്‍ ചിത്രീകരണം നടന്നില്ലെങ്കില്‍ പിന്നെ ഇപ്പോഴൊന്നും അത് നടക്കില്ല എന്ന് എനിക്ക് ബോധ്യവുമുണ്ടായിരുന്നു. എന്റെ 'ചഛ'യ്ക്ക് മറുപടി നല്‍കാതെ ഈര്‍ഷ്യയോടെ അന്നദ്ദേഹം ഫോണ്‍ വച്ചു.

പിന്നീട്, ആളൊരുക്കം പൂര്‍ത്തിയായി, ഇന്ദ്രന്‍സേട്ടന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ദിവസം മനോരമയിലെ പ്രിയപ്പെട്ട സുഹൃത്ത് വിവേക് മുഴക്കുന്ന് വഴിയാണ് അറിയുന്നത്, ആ ലക്കം മനോരമ ആഴ്ചപ്പതിപ്പില്‍ ഷഫീറിക്കയുടെ ഒരു ക്ഷമാപണ കുറിപ്പുണ്ടെന്നറിയുന്നത്. വിവേക് തന്നെയാണ് അത് തയ്യാറാക്കിയതും.

കമ്മാരസംഭവത്തിന് ഇന്ദ്രന്‍സേട്ടന്റെ ഡേറ്റ് വിട്ടുകൊടുത്തില്ലെന്ന കാരണത്താല്‍ ആളൊരുക്കം എന്ന സിനിമയ്‌ക്കെതിരെ അന്ന് തോന്നിയ വികാരാവേശത്തിന്റെ പേരില്‍ ഇന്ന് മാപ്പു പറയുന്നു എന്നാണ് അദ്ദേഹം ആ കുറിപ്പിലൂടെ വിശദീകരിച്ചത്. ഇന്ദ്രന്‍സേട്ടന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ സിനിമയെ തകര്‍ക്കണമെന്നാണല്ലൊ താനന്ന് ചിന്തിച്ചതെന്നും മറ്റും അദ്ദേഹം എഴുതിയിരുന്നു.

ഈ കുറിപ്പ് വായിച്ച് വിവേകില്‍ നിന്ന് നമ്പര്‍ സംഘടിപ്പിച്ച് ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ആ വിളി ഞങ്ങളെ സുഹൃത്തുക്കളാക്കി. സ്വന്തം ജോലിയ്ക്ക് തടസമുണ്ടാവാതിരിക്കാന്‍ ഒരു പ്രൊഫഷണലിസ്റ്റ് ചെയ്യുന്നതേ ഷഫീറിക്കയും ചെയ്തുള്ളൂ എന്ന് ഞാന്‍ പറഞ്ഞതോടെ ഒരു വലിയ മഞ്ഞ് ഉരുകി ഇല്ലാതായി. ഒരിക്കല്‍ നേരില്‍ കാണാമെന്നും ഒരു കെട്ടിപ്പിടിത്തത്തിലൂടെ അന്നത്തെ വിഷയം എന്നന്നേക്കുമായി മറക്കാമെന്നും ഞങ്ങള്‍ പറഞ്ഞു. പിന്നെയും ഇടയ്ക്കിടെ വിളിച്ചു.

പക്ഷേ ഞങ്ങള്‍ കണ്ടില്ല. അതിന് മുമ്പേ അദ്ദേഹം സ്ഥലം വിട്ടു.

പ്രിയപ്പെട്ട ഷഫീറിക്കാ, എന്റെ ഹൃദയാലിംഗനം കൊണ്ട് ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് യാത്രാമൊഴി നേരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com