ജനജീവിതത്തിന് ശല്യമാകുന്നു; സിനിമാ ചിത്രീകരണത്തിന് നിയന്ത്രണം

നിയന്ത്രണമില്ലാതെ ചലചിത്രങ്ങളുടെ ചിത്രീകരണം നടക്കുന്നതുമൂലം ജനജീവിതം ബുദ്ധിമുട്ടിലാകുന്നുവെന്ന ഹര്‍ജിയില്‍ നോട്ടീസിനുത്തരവിട്ടാണ് ഈ ഇടക്കാല ഉത്തരവ്
ജനജീവിതത്തിന് ശല്യമാകുന്നു; സിനിമാ ചിത്രീകരണത്തിന് നിയന്ത്രണം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പൈതൃകമേഖലയില്‍ ചലചിത്ര ചിത്രീകരണം ജില്ലാ കളക്ടറുടെ നിയന്ത്രണനിര്‍ദ്ദേശം പാലിച്ചകാണമെന്ന ഡിവിഷന്‍ ബഞ്ചിന്റെ മുന്‍ ഉത്തരവ് പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

നിയന്ത്രണമില്ലാതെ ചലചിത്രങ്ങളുടെ ചിത്രീകരണം നടക്കുന്നതുമൂലം ജനജീവിതം ബുദ്ധിമുട്ടിലാകുന്നുവെന്ന ഹര്‍ജിയില്‍ നോട്ടീസിനുത്തരവിട്ടാണ് ഈ ഇടക്കാല ഉത്തരവ്. ഫോര്‍ട്ട് കൊച്ചി ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ചാള്‍സ് ആന്റണിയുള്‍പ്പടെ എട്ടുപേര്‍ നല്‍കിയ ഹര്‍ജിയിലാണിത്. 
ബര്‍ഗര്‍ സ്ട്രീറ്റ് റസിഡന്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ 2016 നവംബര്‍ 27 ന് ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച വിധി പാലിക്കാനാണ് ഇടക്കാല ഉത്തരവില്‍ പറയുന്നത്.

ചിത്രീകരണത്തിന് വേണ്ടി ഗതാഗതം തടസ്സപ്പെടുത്തുന്നത് സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ യാത്രികരെ വിഷമിപ്പിക്കുന്നു. ചിത്രീകരണത്തിന് സെറ്റിടുന്ന തിരക്കുമൂലം പ്രായമായവര്‍ക്ക് രാത്രി ഉറങ്ങാനാവുന്നില്ല. പരീക്ഷകാലത്ത് കുട്ടികള്‍ക്ക് പഠിക്കാനാവുന്നില്ല. ചിത്രീകരണത്തിനെത്തുന്നത് നൂറോളം പേരുടെ സംഘമാകും. ഇവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാത്തതിനാല്‍ പരിസരം മുഴുവന്‍ വൃത്തിഹീനമാകും. സെറ്റില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ വീട്ടുവളപ്പില്‍ തള്ളുകയാണ്.

മയക്കുമരുന്നുപയോഗവും സാമുഹിക വിരുദ്ധ ശല്യവും വര്‍ധിക്കുന്നുമുണ്ട്. പൈതൃകമേഖലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഇത് വലിയ വിഷമം സൃഷ്ടിക്കുന്നുണ്ട്. പ്രദേശവാസികളുടെ പ്രശ്‌നം പരിഗണിക്കാതെ പണമീടാക്കി നഗരസഭ ചിത്രീകരണത്തിന് അനുമതി നല്‍കിയിരിക്കുകയാണ്. വിനോദസഞ്ചാരികള്‍ കൂടുതലെത്തുന്ന സീസണില്‍ കടുത്ത നിയന്ത്രണം വേണമെന്നും ആവശ്യമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com