'നയന്‍താരയ്ക്കും തന്റെ സംഘടനയോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കേണ്ടിവന്നു'; പ്രതികരണവുമായി ഡബ്ല്യൂസിസി

സിനിമ ലോകത്ത് നില്‍ക്കുന്ന വേരുറച്ച പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് രാധാ രവി നയന്‍താരയ്ക്ക് എതിരായി നടത്തിയ വ്യക്തിഹത്യയെന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്
'നയന്‍താരയ്ക്കും തന്റെ സംഘടനയോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കേണ്ടിവന്നു'; പ്രതികരണവുമായി ഡബ്ല്യൂസിസി

നയന്‍താരയ്ക്ക് എതിരായ രാധരവിയുടെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. തമിഴ്‌സിനിമ ലോകം ഒന്നടങ്കം രാധാ രവിയ്‌ക്കെതിരേ രംഗത്ത് വരുന്നതാണ് നമ്മള്‍ കണ്ടത്. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മലയാള സിനിമയിലെ വനിത കൂട്ടായ്മ വുമണ്‍ ഇന്‍ സിനിമ കളക്റ്റീവ്. സിനിമ ലോകത്ത് നില്‍ക്കുന്ന വേരുറച്ച പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴ്ചയാണ് രാധാ രവി നയന്‍താരയ്ക്ക് എതിരായി നടത്തിയ വ്യക്തിഹത്യയെന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. 

സുപ്രീം കോര്‍ട്ട് വിധി പ്രകാരമുള്ള ഇന്റെര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നയന്‍താര തന്റെ മറുപടിയില്‍ പറയുന്നുണ്ട്.  രാജ്യം അനുശാസിക്കുന്ന നിയമങ്ങള്‍ ഒരുവിധം എല്ലാ മേഖലകളിലും പാലിക്കപ്പെടുമ്പോളും സിനിമ മേഖലയില്‍ ഈ ഭേദഗതി നിലവില്‍ വരാത്തത് അത്യധികം ആശങ്കയുളവാക്കുന്ന ഒരു വസ്തുതയാണെന്നും ഡബ്ല്യൂസിസി പറയുന്നു. നിശബ്ദത വെടിഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്ന നയന്‍താരയ്‌ക്കൊപ്പമാണ് തങ്ങളെന്നും ഡബ്യൂസിസി കുറിച്ചു.

ഡബ്ലൂസിസിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

തമിഴ് സിനിമയിലെ മുതിര്‍ന്ന നടനായ രാധ രവി ഈയിടെ നടത്തിയ വ്യക്തിഹത്യ, നമ്മുടെ സിനിമ ലോകത്ത് നില്‍ക്കുന്ന വേരുറച്ച പുരുഷാധിപത്യത്തിന്റെ നേര്‍ക്കാഴ്ചയാണ്. ആര്‍ക്ക് നേരെയും ഏതു തരത്തിലുമുള്ള സ്വഭാവഹത്യയും തികച്ചും നിന്ദ്യവും ഒരിക്കലും അനുവദിക്കാന്‍ ആവാത്തതുമാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തക തന്റെ ഔദ്യോഗിക മറുപടിയില്‍ വ്യക്തമായി ആവശ്യപ്പെട്ടിരിക്കുന്നത് സംഘടനകളില്‍ സുപ്രീം കോര്‍ട്ട് വിധി പ്രകാരമുള്ള ഇന്റെര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റി സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ്. രാജ്യം അനുശാസിക്കുന്ന നിയമങ്ങള്‍ ഒരുവിധം എല്ലാ മേഖലകളിലും പാലിക്കപ്പെടുമ്പോളും സിനിമ മേഖലയില്‍ ഈ ഭേദഗതി നിലവില്‍ വരാത്തത് അത്യധികം ആശങ്കയുളവാക്കുന്ന ഒരു വസ്തുതയാണ്. തന്റെ പ്രവര്‍ത്തന മേഖലയില്‍ സ്തുത്യര്‍ഹമായ വിജയവും അംഗീകാരങ്ങളും ലഭിച്ചിട്ടുള്ള ഒരു കലാകാരിക്ക്, തന്റെ സംഘടനയോട് ഇങ്ങനെ ഒരു ചോദ്യം ചോദിക്കേണ്ട സ്ഥിതിവിശേഷം ആണിന്ന് നിലവില്‍ ഉള്ളത്. കേരള ഹൈ കോടതിയില്‍ സമര്‍പ്പിച്ച റിറ്റ് പെറ്റീഷനില്‍ മലയാള സിനിമയിലെ സംഘടനകളോടും ആവശ്യപ്പെട്ടതും ഇത് തന്നെ ആണ്. നടികര്‍ സംഘം നയന്‍താരക്ക് പിന്തുണ പ്രഖ്യാപിക്കുകയും, രാധ രവിയുടെ പ്രസംഗത്തെ അപലപിക്കുകയും ചെയ്തത് കൂടാതെ , ഭാവിയില്‍ ഇത് പോലെയുള്ള അഭിപ്രായപ്രകടങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ശക്തമായ ഭാഷയില്‍ താക്കീതും നല്‍കിയിട്ടുണ്ട്. തങ്ങളുടെ ആശങ്കകള്‍ക്ക് പരിഗണ നല്‍കാത്ത, ക്യാമറക്ക് മുന്നിലും പിന്നിലും പ്രവര്‍ത്തിക്കുന്ന അറിയപ്പെടാത്ത അനവധി മുഖങ്ങള്‍ തങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും എവിടെ ബോധിപ്പിക്കുമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. നിശബ്ദത വെടിഞ്ഞു ചോദ്യങ്ങള്‍ ചോദിക്കാന്‍ മുന്നോട്ട് വന്ന നയന്‍താരക്കൊപ്പം!
അവള്‍ക്കൊപ്പം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com