'മഞ്ജുവിനേക്കാള്‍ നന്നായി ആ കഥാപാത്രമാവാന്‍ മറ്റാര്‍ക്കുമാവില്ല'; ധനുഷ് സിനിമയുടെ സംവിധായകന്‍ പറയുന്നു

'മലയാളത്തിലെ മുന്‍നിര നടിയാണ്. എന്നാല്‍ ആ ഭാവമില്ല. എല്ലാവരോടും നന്നായി ഇടപഴകുന്ന ഒരു വ്യക്തിയാണവര്‍'
'മഞ്ജുവിനേക്കാള്‍ നന്നായി ആ കഥാപാത്രമാവാന്‍ മറ്റാര്‍ക്കുമാവില്ല'; ധനുഷ് സിനിമയുടെ സംവിധായകന്‍ പറയുന്നു

നുഷ് നായകനായി എത്തുന്ന അസുരനിലൂടെ തമിഴ്‌സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മഞ്ജു വാര്യര്‍. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ചിത്രങ്ങളെല്ലാം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പക്കാ തമിഴ് സ്ത്രീയായാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. ഇപ്പോള്‍ മഞ്ജുവിന്റെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വെട്രിമാരന്‍. മഞ്ജുവിനേക്കാള്‍ നന്നായി ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മറ്റാര്‍ക്കും കഴിയില്ല എന്നാണ് വെട്രിമാരന്‍ പറയുന്നത്. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മഞ്ജുവിനെ പുകഴ്ത്തിയത്. 

മഞ്ജു സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് സംവിധായകന്‍ വെട്രിമാരന്‍ പറഞ്ഞു. മലയാളം സിനിമയിലെ മുന്‍നിര നടിയായിരുന്നിട്ടും അങ്ങനെയൊരു ഭാവമില്ലെന്നും വെട്രിമാരന്‍ കൂട്ടിച്ചേര്‍ത്തു. 'കഥയുടെ ഏകദേശ രൂപം ഞാന്‍ മഞ്ജുവിനോട് പറഞ്ഞു. ചെയ്യാം എന്ന് സമ്മതം മൂളി. വളരെ ഉത്സാഹത്തോടെ വന്ന് ഷൂട്ടിങ് തീര്‍ത്തതിന് ശേഷം മാത്രമേ അവര്‍ കാരവാനിലേക്ക് മടങ്ങി പോകൂ. മലയാളത്തിലെ മുന്‍നിര നടിയാണ്. എന്നാല്‍ ആ ഭാവമില്ല. എല്ലാവരോടും നന്നായി ഇടപഴകുന്ന ഒരു വ്യക്തിയാണവര്‍. വളരെ മനോഹരമായാണ് മഞ്ജു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്' വെട്രിമാരന്‍ പറഞ്ഞു. 

ചിത്രത്തില്‍ ധനുഷിന്റെ ഭാര്യയായിട്ടാണ് മഞ്ജു എത്തുന്നത്. ചിത്രത്തിന്റെ മഞ്ജുവും ധനുഷും ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ ധനുഷ് ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് സൂചന. വെക്കൈ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് അസുരനെന്ന് അഭ്യൂഹങ്ങളുണ്ട്. ദേശിയ പുരസ്‌കാരങ്ങള്‍ നേടിയ ആടുകളം, വിസാരണൈ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍. ധനുഷിനെ നായകനാക്കി ഒരുക്കിയ വടചെന്നൈയും മികച്ച വിജയം നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com