'ഒരാളുടെ പ്രശ്‌നം ഏറ്റവും മോശമാകുമ്പോഴല്ല, തുടങ്ങുമ്പോള്‍ സഹായിക്കണം'; അമ്മയ്ക്ക് മുന്നറിയിപ്പുമായി മോഹന്‍ലാല്‍

പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഘടനയില്‍ വന്നു. നല്ലതാണോ ചീത്തയാണോ എന്നു ഞാന്‍ പറയുന്നില്ല. അതിനെ നമ്മള്‍ നേരിട്ടേപറ്റൂ
'ഒരാളുടെ പ്രശ്‌നം ഏറ്റവും മോശമാകുമ്പോഴല്ല, തുടങ്ങുമ്പോള്‍ സഹായിക്കണം'; അമ്മയ്ക്ക് മുന്നറിയിപ്പുമായി മോഹന്‍ലാല്‍

സംഘടനയിലെ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവരും അയാളുടെ പിറകില്‍ നില്‍ക്കണമെന്ന് താരസംഘടനയായ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ഒരാള്‍ക്കുണ്ടാകുന്ന പ്രശ്‌നം ഏറ്റവും മോശമാകുമ്പോഴല്ല തുടങ്ങുമ്പോള്‍ തന്നെയാണ് സഹായിക്കേണ്ടത് എന്നും മോഹന്‍ലാല്‍ പറഞ്ഞു. കൊച്ചിയില്‍ പണിത അമ്മയുടെ പുതിയ കെട്ടിടത്തിന്റെ താക്കോല്‍ കൈമാറുന്ന ചടങ്ങില്‍ വച്ചാണ് താരത്തിന്റെ പ്രതികരണം. 

'പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഘടനയില്‍ വന്നു. നല്ലതാണോ ചീത്തയാണോ എന്നു ഞാന്‍ പറയുന്നില്ല. അതിനെ നമ്മള്‍ നേരിട്ടേപറ്റൂ. സംഘടനയാകുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. നമ്മുടേത് കൂട്ടുകുടുംബമാണ്, ഇതൊരു സംഘടനയല്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ എല്ലാവരും അയാളുടെ പിറകില്‍ നില്‍ക്കണം. അത്തരമൊരു കാര്യം പലപ്പോഴും നമ്മളില്‍ കാണുന്നില്ല. ഒരാളുടെ പ്രശ്‌നം അതേറ്റവും മോശമാകുമ്പോഴല്ല അയാളെ സഹായിക്കേണ്ടത്, ആ പ്രശ്‌നം തുടങ്ങുമ്പോഴാണ് സഹായിക്കേണ്ടത്.' മോഹന്‍ലാല്‍ പറഞ്ഞു.

അമ്മയ്ക്കു സ്വന്തമായി കെട്ടിടം എന്നു പറയുന്നത് നല്ലൊരു കാര്യമാണെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങളും സാമൂഹികപ്രതിബദ്ധതയുള്ള കാര്യങ്ങളും ചെയ്യാനുള്ള സ്വാതന്ത്രമുണ്ടാവുമെന്നും താരം കൂട്ടിച്ചേര്‍ത്തു. സംഘടനയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും കൊച്ചിയില്‍ താമസിക്കുന്നതിനാലാണ് അമ്മയുടെ ആസ്ഥാനം മാറ്റുന്നത്. ഔപചാരിക ഉദ്ഘടാനം വലിയ പരിപാടികളോടെ പിന്നീട് ഉണ്ടാകുമെന്നു അമ്മ പ്രസിഡന്റ് മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും അറിയിച്ചു. ഭാരവാഹികളായ ഇടവേള ബാബു, മുകേഷ്, ബാബുരാജ്, ജയസൂര്യ, ഹണി റോസ്, രചന തുടങ്ങിയവരും മുതിര്‍ന്ന താരങ്ങളായ ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 

നടിയെ ആക്രമിച്ച കേസും തുടര്‍ന്നുണ്ടായ ദിലീപിന്റെ അറസ്റ്റുമെല്ലാം വലിയ വിവാദങ്ങളിലേക്കാണ് അമ്മയെ തള്ളിവിട്ടത്. ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് അക്രമിക്കപ്പെട്ട നടി ഉള്‍പ്പടെയുള്ള നടികള്‍ അമ്മയില്‍ നിന്ന് രാജിവെച്ചതും വലിയ വിവാദമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com