ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമയുടെ സെറ്റില്‍ വന്‍ തീപിടുത്തം ; മൂന്നുകോടിയുടെ നഷ്ടം

ചിത്രീകരണം നടക്കുന്ന സേ രാ നരസിംഹറെഡ്ഡി എന്ന ചിത്രത്തിന്റെ സെറ്റിലാണ് തീപ്പിടുത്തമുണ്ടായത്
ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമയുടെ സെറ്റില്‍ വന്‍ തീപിടുത്തം ; മൂന്നുകോടിയുടെ നഷ്ടം

ഹൈദരാബാദ് : തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ചരിത്ര യുദ്ധസിനിമാ സെറ്റില്‍ വന്‍ തീപിടുത്തം. ചിത്രീകരണം നടക്കുന്ന സേ രാ നരസിംഹറെഡ്ഡി എന്ന ചിത്രത്തിന്റെ സെറ്റിലാണ് തീപ്പിടുത്തമുണ്ടായത്. മൂന്നു കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ചിത്രത്തിന്റെ ഷൂട്ടിംഗിനായി ചിരഞ്ജീവിയുടെ കോകാപേട്ടിലെ ഫാംഹൗസിലാണ് ചരിത്ര കോട്ട നിര്‍മ്മിച്ചത്. വ്യാഴാഴ്ച രാത്രി വരെ ഇവിടെ ഷൂട്ടിംഗ് നടന്നിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് തീപിടുത്തമുണ്ടായത്. 

പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് സിനിമാ അണിയറപ്രവര്‍ത്തകരെ വിവരം അറിയിച്ചത്. ഇതിനകം തീ സെറ്റിലാകെ പടര്‍ന്നിരുന്നു. സെറ്റിലെ ഉപകരണങ്ങളാകെ കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. 

ഇത് രണ്ടാം തവണയാണ് ഈ ചിത്രത്തിന്റെ സെറ്റില്‍ തീപിടുത്തം ഉണ്ടാകുന്നത്. 2017 നവംബറില്‍ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ഇട്ട സെറ്റിന് തീപിടിച്ച് രണ്ട് കോടിയുടെ നാശനഷ്ടം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രീകരണം വൈകുകയായിരുന്നു. 

സുരേന്ദര്‍ റെഡ്ഡിയാണ് സേ രാ നരസിംഹറെഡ്ഡി എന്ന ബ്രഹ്മാണ്ഡ ചരിത്ര യുദ്ധസിനിമ സംവിധാനം ചെയ്യുന്നത്. ഉയ്യലവാഡ നരസിംഹറെഡ്ഡി എന്ന സ്വാതന്ത്ര്യസമരസേനാനിയുടെ വേഷത്തിലാണ് ചിരഞ്ജീവി എത്തുന്നത്. നയന്‍താര ചിത്രത്തില്‍ ചിരഞ്ജീവിയുടെ ഭാര്യയായി വേഷമിടുന്നു. 

കിച്ച സുദീപ്, വിജയ് സേതുപതി, ജഗപതിബാബു, തമന്ന തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.  തെലുങ്ക്, തമിഴ്, ഹിന്ദു ഭാഷകളില്‍ ഒരുക്കുന്ന ചിത്രം ദസറയ്ക്ക് തിയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാരുടെ പദ്ധതി. രാംചരണാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com