'ഇതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കാന്‍ ശ്രമിക്കുന്നത്?'; വിമര്‍ശനവുമായി വിധു വിന്‍സെന്റ്

'ഇതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കാന്‍ ശ്രമിക്കുന്നത്?'; വിമര്‍ശനവുമായി വിധു വിന്‍സെന്റ്

കേസ് നീട്ടിക്കൊണ്ടുപോകുന്നത് പ്രതിഭാഗത്തിന് സഹായകമാകുമെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നല്‍കുക എന്നും വിധു വിന്‍സെന്റ് കുറിച്ചു

ടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായികയും ഡബ്യൂസിസി പ്രവര്‍ത്തകയുമായ വിധു വിന്‍സെന്റ് രംഗത്ത്. മെമ്മറികാര്‍ഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിങ് കൗണ്‍സല്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത് നിയമനീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത തന്നെ ഇല്ലാതാകുന്ന നിലപാടാണ് എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ വിധു വിന്‍സെന്റ് പറഞ്ഞത്. ഇത്തരത്തില്‍ കേസ് നീട്ടിക്കൊണ്ടുപോകുന്നത് പ്രതിഭാഗത്തിന് സഹായകമാകുമെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശമായിരിക്കും നല്‍കുക എന്നും വിധു വിന്‍സെന്റ് കുറിച്ചു. നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നത് എന്തിനാണെന്ന് പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വിധു വിന്‍സെന്റിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

നിയമനീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത തന്നെ ഇല്ലാതാകുന്ന നിലപാടാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിഗ് കൗണ്‍സല്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. എന്തുകൊണ്ടാണ് ഇത്രയും ലാഘവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. ഈ രാജ്യത്തെ നിയമ സംവിധാനങ്ങളോട് വിശ്വാസം പുലര്‍ത്തുന്ന ഒരാളെന്ന നിലയില്‍ എന്നെ പോലുള്ളവര്‍ക്ക് ഇത് വലിയ സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. ഇത് ഒരു സഹപ്രവര്‍ത്തകയുടെ മാത്രം കേസല്ല, നമ്മുടെ സമൂഹത്തിലുള്ള ഏതൊരു പെണ്‍കുട്ടിക്കും സ്ത്രീക്കും അഭിമുഖികരിക്കേണ്ടി വരാവുന്ന ഒരു സാഹചര്യത്തിലേക്കാണ് ഈ ഒരവസ്ഥ വിരല്‍ ചൂണ്ടുന്നത്. ഇത്തരം ഒരു കേസുമായി മുന്നോട്ട് പോയാല്‍ ഒരിക്കലും അവസാനിക്കാത്ത നടപടിക്രമങ്ങളുമായി കാത്തിരിക്കേണ്ടി വരും എന്ന സന്ദേശമാണോ സമൂഹം ഇതില്‍ നിന്നും സ്വീകരിക്കേണ്ടത്? കോടതിയിലേക്ക് ഈ കേസ് എത്തിയിട്ട് രണ്ടു വര്‍ഷത്തോളം കഴിഞ്ഞിട്ടും ഈ തെളിവിനെ കുറിച്ച് പഠിക്കാനോ മറ്റു നടപടിക്രമങ്ങള്‍ക്കായോ വീണ്ടും സമയം ചോദിക്കുന്നത് അപ്പുറത്ത് നില്‍ക്കുന്ന വ്യക്തികള്‍ക്കാണ് കൂടുതല്‍ സൗകര്യം ചെയ്തു കൊടുക്കുന്നത്. നമ്മുടെ നാട്ടിലെ എല്ലാ നിയമജ്ഞരും ചൂണ്ടികാട്ടിയട്ടുള്ള ഒരു വസ്തുത തന്നെയാണ് വാദം വൈകിപ്പിക്കുംതോറും എങ്ങനെയാണ് പ്രതിഭാഗത്തിന് അത് കൂടുതല്‍ അനുകൂല സാഹചര്യമായി മാറും എന്നുള്ളത്. അവസാനം നീതി നടപ്പിലാക്കി കിട്ടും എന്നുള്ള വിശ്വാസമാണ് നമ്മുടെ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളോടുള്ള നമ്മുടെ ആദരവിന്റെ അടിസ്ഥാനം. ആ വിശ്വാസത്തെ നിലനിര്‍ത്തി കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നിയമ സംവിധാനങ്ങളോടുള്ള ആദരവു തന്നെ ഇല്ലാതായേക്കാം. സംസ്ഥാനസര്‍ക്കാര്‍ വളരെ ഗൗരവത്തോടെ തന്നെ ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തേണ്ടതുണ്ട്. ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുന്ന ഏതൊരു തരത്തിലുള്ള ഉദാസീനതയും, ജാഗ്രതകുറവും ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയുമാണ് ഇല്ലാതാക്കുന്നത്. എന്തിനാണ് ഇത്തരത്തില്‍ നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നത് എന്നതിന് ഉത്തരം നല്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com