'അച്ഛന്റേയും അമ്മയുടേയും വേര്‍പിരിയല്‍ എന്റെ ഹൃദയം തകര്‍ത്തു'; തുറന്നു പറഞ്ഞ് കമല്‍ഹാസന്റെ മകള്‍ അക്ഷര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2019 11:57 AM  |  

Last Updated: 05th May 2019 11:57 AM  |   A+A-   |  

akshara

 

അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ തനിക്ക് വല്ലാത്ത വിഷമം തോന്നിയെന്ന് തുറന്നു പറഞ്ഞ് കമല്‍ഹാസന്റെ മകളും നടിയുമായ  അക്ഷര ഹസന്‍. തന്റെ ഹൃദയം തകര്‍ന്നെന്നും ലോകം അവസാനിച്ചു എന്നാണ് അപ്പോള്‍ തോന്നിയത് എന്നും ഒരു വിനോദ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. 

'കുട്ടിക്കാലം മുതല്‍ ഞാനും ശ്രുതിയും ആത്മവിശ്വാസമുള്ള കുട്ടികളായിരുന്നു. എന്നിരുന്നാലും അപ്പയും അമ്മയും ഇനി ഒരുമിച്ച് ജീവിക്കില്ല എന്ന് ഓര്‍ത്തപ്പോള്‍ സങ്കടം തോന്നി. പക്ഷേ ഞങ്ങള്‍ അതിനെ തരണം ചെയ്തു. ഇന്ന് ഞങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായി. പ്രതിസന്ധികളെ സ്വയം നേരിടാന്‍ അത് ഞങ്ങളെ പ്രാപ്തരാക്കി. ഇന്ന് ഞങ്ങള്‍ക്ക് സ്വയം തിരിച്ചറിവുണ്ട്. ചില ബന്ധങ്ങള്‍ മുന്നോട്ടു പോകാന്‍ പ്രയാസമാണ്' അക്ഷര പറഞ്ഞു.

കമല്‍ഹാസന്റെ രണ്ടാമത്തെ ഭാര്യ സരികയാണ് ശ്രുതിയുടേയും സരികയുടേയും അമ്മ. ബോളിവുഡ് നടിയായിരുന്ന സരിക ശ്രുതി ഹസന്റെ ജനനത്തിന് ശേഷമാണ് കമല്‍ഹാസനെ വിവാഹം കഴിക്കുന്നത്. വാണി ഗണപതിയുമായുള്ള വിവാഹ ബന്ധം 1988 ല്‍ ഒഴിഞ്ഞതിന് പിന്നാലെയായിരുന്നു സരികയുമായുള്ള വിവാഹം. 1991 ലാണ് അക്ഷര ജനിക്കുന്നത്. വിവാഹത്തിന് ശേഷം സരിക അഭിനയത്തില്‍ നിന്ന് അകന്ന് ചെന്നൈയിലേക്ക് വന്നു.

തുടര്‍ന്ന് സരികയുടെ ശ്രദ്ധ വസ്ത്രാലങ്കാരത്തിലായിരുന്നു. കമല്‍ ഹാസന്‍ പ്രധാനവേഷത്തിലെത്തിയ ഹേ റാം എന്ന ചിത്രത്തിന് വസ്ത്രാലങ്കാരം ഒരുക്കിയ സരിക 2000 ല്‍ ദേശീയ പുരസ്‌കാരം നേടിയിരുന്നു. 2002 ല്‍ പുറത്തിറങ്ങിയ പര്‍സാനിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സരിക സ്വന്തമാക്കി. 2004 ലാണ് കമലും സരികയും വേര്‍പിരിയുന്നത്.