കന്നിചിത്രം തിയേറ്ററിലെത്തും മുമ്പേ കൈ നിറയെ സിനിമകള്‍; സോഷ്യല്‍ മീഡിയയിലെ താരപദവി ബിഗ് സ്‌ക്രീനില്‍ നേട്ടം 

നവമാധ്യമങ്ങളാണ് സിനിമകളുടെ റിലീസിനും മുന്‍പേ പുതിയ അഭിനേതാക്കളെ താരങ്ങളാക്കുന്നത്
കന്നിചിത്രം തിയേറ്ററിലെത്തും മുമ്പേ കൈ നിറയെ സിനിമകള്‍; സോഷ്യല്‍ മീഡിയയിലെ താരപദവി ബിഗ് സ്‌ക്രീനില്‍ നേട്ടം 

സാറാ അലി ഖാന്‍, താര സുതാരിയ, അനന്യ പാണ്ഡെ എന്നിങ്ങനെ നീളുകയാണ് ബോളിവുഡിലെ പുത്തന്‍ താരോദയങ്ങളുടെ നിര. കന്നി ചിത്രം തീയേറ്ററുകളിലെത്തുന്നതിന് മുമ്പേ താരമായിരിക്കുകയാണ് ഇവരെല്ലാം. ആദ്യ സിനിമയുടെ വിജയവും പ്രതികരണവുമൊക്കെ തേടിയെത്തുന്നതിനും മുന്‍പേ കൈനിറയെ ചിത്രങ്ങളാണ് മൂവര്‍ക്കും. 

വ്യത്യസ്തമായ കഥകള്‍ക്കുവേണ്ടിയുള്ള പ്രേക്ഷകരുടെ ഡിമാന്‍ഡും സോഷ്യല്‍ മീഡിയയിലെ സ്വീകാര്യതയുമൊക്കെയാണ് പുതിയ താരനിരയ്ക്ക് നേട്ടമാകുന്നതെന്നാണ് വിലയിരുത്തലുകള്‍. നവമാധ്യമങ്ങളാണ് സിനിമകളുടെ റിലീസിനും മുന്‍പേ പുതിയ അഭിനേതാക്കളെ താരങ്ങളാക്കുന്നത്. 

കഴിഞ്ഞവര്‍ഷം കേദര്‍നാഥ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സാറ തൊട്ടുപിന്നാലെ സിംമ്പാ എന്ന തട്ടുപൊളിപ്പന്‍ ചിത്രത്തില്‍ അഭിയിച്ചു. ഇപ്പോഴിതാ ഇംത്യാസ് അലിയുടെ ചിത്രത്തിന്റെ തിരക്കുകളിലാണ് സാറ. 

അനന്യയും താരയും ഈ മാസം പുറത്തിറങ്ങുന്ന സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ തുടക്കമിടുന്നത്. ഇതിനോടകം രണ്ടാമത്തെ ചിത്രത്തില്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു രണ്ടാളും. പ്രശസ്ത നടന്‍ ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ. നടിയാകാന്‍ ഏറ്റവും മികച്ച സമയമാണ് ഇതെന്നാണ് അനന്യ കരുതുന്നത്. രണ്ടാമത്തെ ചിത്രത്തില്‍ തന്നെ കാസ്റ്റ് ചെയ്തത് ഒരു പരസ്യ ചിത്രത്തിലെ പ്രകടനം കണ്ടുകൊണ്ട് മാത്രമാണെന്നും സിനിമയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും അനന്യ പറയുന്നു.

മര്‍ജാവാന്‍ എന്ന ചിത്രവും പിന്നിട്ട് മൂന്നാം ചിത്രത്തിന്റെ തിരക്കുകളിലേക്ക് നീങ്ങുകയാണ് നടി താര. ആര്‍എക്‌സ് 100 എന്ന അഹാന്‍ ഷെട്ടിയുടെ കന്നി ചിത്രത്തില്‍ നായിക താരയാണ്. ആദ്യ സിനിമയുടെ ഓഡിഷന് പോകുമ്പോള്‍ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചോ ഇത്രവേഗം അടുത്ത അവസരം ലഭിക്കുമെന്നോ താന്‍ വിചാരിച്ചിരുന്നില്ലെന്ന് താര പറയുന്നു. അഭിനയത്തില്‍ മെച്ചപ്പെടുത്താനുള്ള കാര്യങ്ങള്‍ പറഞ്ഞുതരുന്ന പ്രതികരണങ്ങളാണ് താന്‍ കാത്തിരിക്കുന്നതെന്നും താര പറഞ്ഞു. 

വ്യത്യസ്ത കഥകള്‍ക്കും സിനിമാനുഭവത്തിനും വേണ്ടിയുള്ള പ്രേക്ഷകരുടെ ഡിമാന്‍ഡ് മുന്നില്‍ കണ്ട് പുതുമുഖങ്ങളെ അവതരിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകുന്നത് തന്നെയാണ് ഈ മാറ്റത്തിന്റെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. സിനിമ ഇറങ്ങുന്നതിനും മുന്‍പേ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കുന്നതുകൊണ്ടുതന്നെ പ്രിയ താരത്തിന്റെ പ്രകടനം കാണാന്‍ തീയറ്ററിലേക്കെത്തുന്നവര്‍ നിരവധിയാണ്. ആദ്യ ചിത്രത്തിലെ ഭേദപ്പെട്ട പ്രകടനവും പ്രേക്ഷകര്‍ക്കിടയിലെ പ്രീതിയും ഉണ്ടെങ്കില്‍ പുതുമുഖങ്ങള്‍ക്ക് മികച്ച അവസരം ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് അതുല്‍ മോഹന്റെ നിരീക്ഷണം. നടന്റെ കന്നി ചിത്രത്തിന്റെ വരുമാനം കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന സമയം കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com