'ഞാനൊരു കള്ളനല്ല, പത്മശ്രീ തിരിച്ച് കൊടുക്കുന്നതിനെപ്പറ്റിയാണ് അപ്പോള്‍ ആലോചിച്ചത്'

സെയ്ഫിന് പത്മശ്രീ ഏറ്റുവാങ്ങാന്‍ അര്‍ഹതയില്ലെന്നും അത് പണം കൊടുത്ത് വാങ്ങിയ പത്മശ്രീയാണെന്നുമുള്ള ട്രോളുകളോടുള്ള പ്രതികരണമായാണ് സെയ്ഫ് ഇക്കാര്യം പറഞ്ഞത്.
'ഞാനൊരു കള്ളനല്ല, പത്മശ്രീ തിരിച്ച് കൊടുക്കുന്നതിനെപ്പറ്റിയാണ് അപ്പോള്‍ ആലോചിച്ചത്'

നിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചതിനെ കുറിച്ചുള്ള ട്രോളുകള്‍ക്ക് മറുപടി പറഞ്ഞ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. അര്‍ബാസ് ഖാന്റെ ചാറ്റ്‌ഷോയായ പിഞ്ചിലായിരുന്നു സെയ്ഫ് ചില കാര്യങ്ങള്‍ പറഞ്ഞത്. എല്ലാവരും ആഗ്രഹിക്കുന്ന പത്മശ്രീ പുരസ്‌കാരം നിരസിക്കുന്നതിനെക്കുറിച്ചും തിരിച്ചുകൊടുക്കുന്നതിനെ കുറിച്ചും താന്‍ പലതവണ ചിന്തിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. 

സെയ്ഫിന് പത്മശ്രീ ഏറ്റുവാങ്ങാന്‍ അര്‍ഹതയില്ലെന്നും അത് പണം കൊടുത്ത് വാങ്ങിയ പത്മശ്രീയാണെന്നുമുള്ള ട്രോളുകളോടുള്ള പ്രതികരണമായാണ് സെയ്ഫ് ഇക്കാര്യം പറഞ്ഞത്. തനിക്ക് ലഭിച്ച പുരസ്‌കാരത്തെ വിമര്‍ശിക്കുന്ന ട്രോളുകള്‍ സെയ്ഫ് തന്നെയാണ് ഷോയില്‍ വായിച്ചത്. സെയ്ഫ് ഒരു കള്ളനാണ്. ആദ്യം പത്മശ്രീ പണം കൊടുത്തു വാങ്ങി. പിന്നെ മകനെ തൈമുര്‍ എന്ന് പേരിട്ടു. റെസ്‌റ്റോറന്റില്‍ ആളുകള്‍ മര്‍ദിച്ചു. ഇയാള്‍ക്ക് എങ്ങനെയാണ് സേക്രഡ് ഗെയിംസില്‍ ഒരു വേഷം ലഭിച്ചത്. അയാള്‍ക്ക് അഭിനയം എന്താണെന്നു തന്നെ അറിയില്ല എന്നായിരുന്നു ട്രോള്‍. 

2010ലാണ് രാജ്യം സെയ്ഫിനെ ഏറ്റവും വലിയ നാലാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചത്. അന്നത്തെ രാഷ്ട്രപതി പ്രതിഭാ പാട്ടിലില്‍ നിന്നാണ് സെയ്ഫ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഹിന്ദി സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു പുരസ്‌കാരം.

എന്നാല്‍ അവാര്‍ഡ് ലഭിച്ച സമയത്ത് അത് തിരിച്ചുകൊടുക്കുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ച കാര്യം സെയ്ഫ് തുറന്നു പറയുകയാണിപ്പോള്‍. വിമര്‍ശകര്‍ക്കുള്ള ഒരു മറുപടിയായും കൂടിയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 

'ഞാനൊരു കള്ളനല്ല. പത്മശ്രീ പണം കൊടുത്ത് വാങ്ങാവുന്ന ഒന്നല്ല. വേണമെങ്കില്‍ ഇക്കാര്യം മുതിര്‍ന്ന താരങ്ങളോട് ചോദിച്ച് ഉറപ്പുവരുത്താം. സര്‍ക്കാരിന് കൈക്കൂലി കൊടുക്കുക എന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു കാര്യമാണ്. ഈ അവാര്‍ഡ് വാങ്ങണം എന്നു പോലുമുണ്ടായിരുന്നില്ല എനിക്ക്. കാരണം എന്നേക്കാള്‍ ഇതിന് അര്‍ഹതയുള്ള, ഇതുവരെ കിട്ടാത്ത ഒരുപാട് മുതിര്‍ന്ന താരങ്ങള്‍ ഇവിടെയുണ്ട്. എന്നേക്കാള്‍ യോഗ്യത കുറഞ്ഞ പലരും അത് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.

അവാര്‍ഡ് തിരിച്ചുകൊടുക്കാനുള്ള തീരുമാനം പുനപരിശോധിക്കാന്‍ കാരണം അച്ഛന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ്. അവാര്‍ഡ് വാങ്ങേണ്ട എന്നു തന്നെയായിരുന്നു എന്റെ തീരുമാനം. എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ ഒരു പുരസ്‌കാരം നിരസിക്കാന്‍ നമുക്കാവില്ല എന്നാണ് അച്ഛന്‍ എന്നെ ഉപദേശിച്ചത്. അങ്ങനെയാണ് ഞാന്‍ മനസ്സ് മാറ്റിയതും അത് സ്വീകരിച്ചതും. തിരിച്ചുകൊടുക്കണമെന്ന ചിന്ത ഉപേക്ഷിച്ചതും.

ഇന്ന് ഞാന്‍ അഭിനയം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. എന്റെ അഭിനയത്തിന് ഞാന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് ആളുകള്‍ പറയുന്ന ഒരു കാലം വരും എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്'- സെയ്ഫ് അലി ഖാന്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com