തൃശ്ശൂർ പൂരത്തിന് പോയപ്പോൾ മോശം അനുഭവം ഉണ്ടായിട്ടുണ്ട്; തുറന്നുപറഞ്ഞ് റിമ കല്ലിങ്കൽ

ഏറെ വിമർശനങ്ങൾ നേരിട്ട റിമയുടെ വാക്കുകളുടെ പൂർണ്ണരൂപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
തൃശ്ശൂർ പൂരത്തിന് പോയപ്പോൾ മോശം അനുഭവം ഉണ്ടായിട്ടുണ്ട്; തുറന്നുപറഞ്ഞ് റിമ കല്ലിങ്കൽ

തൃശ്ശൂർ പൂരം ആണുങ്ങളുടെ മാത്രം പൂരമാണെന്ന നടി റിമ കല്ലിങ്കലിന്റെ വാക്കുകൾ ഏറെ വിവാദമായിരുന്നു. സിനിമാരംഗത്തുള്ളവര്‍ പോലും ഈ വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തുകയുണ്ടായി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇതേക്കുറിച്ച് പ്രതിപാദിച്ച‌ത്. ഏറെ വിമർശനങ്ങൾ നേരിട്ട റിമയുടെ വാക്കുകളുടെ പൂർണ്ണരൂപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 

"പൂരം നേരിട്ട് കണ്ടിട്ട് കുറച്ച് കാലമായി. പണ്ട് എല്ലാ വർഷവും പോകുമായിരുന്നു. എൻ്റെ അച്ഛൻ എന്നെ എല്ലാത്തിനും കൊണ്ടുപോകുമായിരുന്നു. അതിരാവിലത്തെ വെടിക്കെട്ട് ഗ്രൗണ്ടിൽ നിന്ന് കണ്ടിട്ടുണ്ട്. ആണുങ്ങളുടെ ജനസാരത്തിനു നടുവിൽ നിന്ന് തന്നെയാണ് കണ്ടത്. രാവിലെ പോകുമായിരുന്നു. പോകുമ്പോൾ നമുക്കൊരു സുരക്ഷയില്ലെന്ന് തോന്നും. ആണുങ്ങളുടെ മാത്രം ഫെസ്റ്റിവൽ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പൂരത്തിന് പോയിട്ട് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം മാത്രമാണ് നേരിൽ കാണാൻ പറ്റാത്തത്. ആനച്ചന്തം, കുടമാറ്റം എല്ലാം അകലെ നിന്ന് കണ്ടിട്ടുണ്ട്. ഇലഞ്ഞിത്തറ മേളം അവിടെ നിന്ന് കേൾക്കുന്ന സുഖം എവിടെ നിന്നാലും കിട്ടില്ല. പക്ഷേ അത് മാത്രം സാധിച്ചിട്ടില്ല", റിമ പറഞ്ഞു.

തൃശ്ശൂർ പൂരം ശരിക്കും ആണുങ്ങളുടേത് മാത്രമാണെന്നും അത് കഷ്ടമാണെന്നും റിമ പറയുന്നു. "വിദേശ രാജ്യങ്ങളിൽ ഫെസ്റ്റിവൽ‌സ് നടത്തുമ്പോൾ ആണുങ്ങൾ മാത്രമല്ല, പെണ്ണുങ്ങളും വരുന്നുണ്ട്. തിരക്കായിരിക്കുമല്ലോ പോകണ്ട എന്ന പേടിയുമുണ്ടാകും. പണ്ടൊക്കെ അമ്പലങ്ങളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഒക്കെ പോകുമ്പോ ആണുങ്ങളും പെണ്ണുങ്ങളും കൂടിയല്ലേ പോകാറ്? അപ്പോഴല്ലേ ഒരു രസമുള്ളൂ? ആണുങ്ങള്‍ മാത്രം പോയിട്ടെന്ത് കാര്യം? എല്ലാവരും ഒരുമിച്ച് വരിക എന്നതിലാണ് കാര്യം. പക്ഷേ അതിവിടെ നടക്കുന്നില്ല. ആകെ വരുന്നത് ആണുങ്ങൾ മാത്രമാണ്. സ്ത്രീകൾക്ക് കൂടിയുള്ളതാണല്ലോ പകൽപ്പൂരമെന്ന കാഴ്ചപ്പാടിനോട് യോജിക്കാൻ സാധിക്കില്ല", അഭിമുഖത്തില്‍ റിമ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com