'ഫഹദിന് വേണ്ടി ഒരു രംഗം മാറ്റിവെച്ചിരുന്നു, പക്ഷേ'; വൈറസ് ടീമില്‍ ഫഹദ് ഇല്ലാത്തതിനെക്കുറിച്ച് റിമ കല്ലിങ്കല്‍

വൈറസില്‍ ഫഹദ് ഫാസിലിനെ വല്ലാതെ മിസ് ചെയ്യുന്നു എന്നാണ് റിമ പറയുന്നത്
'ഫഹദിന് വേണ്ടി ഒരു രംഗം മാറ്റിവെച്ചിരുന്നു, പക്ഷേ'; വൈറസ് ടീമില്‍ ഫഹദ് ഇല്ലാത്തതിനെക്കുറിച്ച് റിമ കല്ലിങ്കല്‍

കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ കാലത്തെക്കുറിച്ച് പറയുന്ന ചിത്രം വൈറസിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് റിമ കല്ലിങ്കലാണ്. മലയാളത്തിലെ യുവതാരനിരയെ ഒന്നടങ്കം അണിനിരത്തിക്കൊണ്ടുള്ളതാണ് ചിത്രം. കുഞ്ചാക്കോ ബോബന്‍, പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, റിമ കല്ലിങ്കല്‍, സൗബിന്‍ അങ്ങനെ നീണ്ടുപോകുന്നു താരനിര. കൂട്ടത്തില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടത് ഫഹദ് ഫാസിലാണ്. 

എന്നാല്‍ വൈറസില്‍ ഫഹദ് ഫാസിലിനെ വല്ലാതെ മിസ് ചെയ്യുന്നു എന്നാണ് റിമ പറയുന്നത്. ഫഹദിനായി ചിത്രത്തിലെ ഒരു രംഗം മാറ്റിവെച്ചിരുന്നെന്നും എന്നാല്‍ മറ്റ് സിനിമയുടെ തിരക്കില്‍ ഫഹദിന് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല എന്നുമാണ് താരത്തിന്റെ വാക്കുകള്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 

'ഫഹദ് ഫാസിലിനെയും വൈറസ് ടീം ആദ്യം ആലോചിച്ചിരുന്നു. ഫഹദിലെ നടനു വേണ്ടി ഒരു രംഗം തന്നെ മുമ്പ് പ്ലാന്‍ ചെയ്തതായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. അതിരന്‍ എന്ന സിനിമയുടെ തിരക്കുകള്‍ മൂലമാണ് ഫഹദ് വൈറസിന്റെ ഭാഗമാകാന്‍ കഴിയാതെ പോയത്.' റിമ പറഞ്ഞു. 

 താരങ്ങളില്ലെന്നതാണ് വൈറസിന്റെ പ്രത്യേകതയെന്നും റിമ പറയുന്നു. ഇതിലെ അഭിനേതാക്കള്‍ നേരിട്ട് വന്ന് അവരവരുടെ റോളുകള്‍ ചെയ്തു, തിരിച്ചു പോയി. ആ കഥാപാത്രങ്ങളാണ് ശരിക്കും താരങ്ങള്‍. ഈ കഥാപാത്രങ്ങള്‍ ഓരോരുത്തരും വന്ന് ചില കഥകള്‍ പറയും. അതെല്ലാം കൂടി അവസാനം ഒന്നാകും. അതാണ് വൈറസ്. ആയിടയ്ക്കു കുറെ പ്രൊജക്ടുകള്‍ ആഷിക്കിന്റെ മനസിലുണ്ടായിരുന്നു. ഒരുപാടു ചര്‍ച്ചകള്‍ക്കു ശേഷമാണ് വൈറസ് ചെയ്യാന്‍ തീരുമാനിക്കുന്നത്. അതില്‍ താന്‍ ഇന്നും അഭിമാനം കൊള്ളുന്നുവെന്നും റിമ പറയുന്നു. വൈറസിന്റെ ട്രെയിലര്‍ ഇത്ര ഹിറ്റായതു പോലും യഥാര്‍ഥ സംഭവവുമായി ആളുകള്‍ ഈ സിനിമയെ റിലേറ്റ് ചെയ്യുന്നതു കൊണ്ടാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com