'പോസ്റ്റര്‍ പുറത്തിറക്കിയത് അറിയിച്ചില്ല, ആത്മാഭിമാനമാണ് വലുത്'; കാഞ്ചനയുടെ റീമേക്കില്‍ നിന്ന് പിന്മാറി രാഘവ ലോറന്‍സ്

പണത്തേക്കാള്‍ പ്രശസ്തിയേക്കാള്‍ ആത്മാഭിമാനമാണ് വലുതെന്നും അദ്ദേഹം കുറിച്ചു
'പോസ്റ്റര്‍ പുറത്തിറക്കിയത് അറിയിച്ചില്ല, ആത്മാഭിമാനമാണ് വലുത്'; കാഞ്ചനയുടെ റീമേക്കില്‍ നിന്ന് പിന്മാറി രാഘവ ലോറന്‍സ്

രാഘവ ലോറന്‍സ് നായകനായി എത്തിയ ഹൊറര്‍ കോമഡി ചിത്രം കാഞ്ചന തെന്നിന്ത്യയില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ചിത്രം വലിയ വിജയം നേടിയതിന് പിന്നാലെ കാഞ്ചനയുടെ രണ്ടും മൂന്നും ഭാഗങ്ങളും പുറത്തുവന്നു. ഇതോടെ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ലക്ഷ്മി ബോംബ് എന്നാണ് പേരിട്ടിരുന്നത്. രാഘവ ലോറന്‍സ് തന്നെയാകും ചിത്രം സംവിധാനം ചെയ്യുക എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സിനിമയില്‍ നിന്നു പിന്‍മാറുകയാണ് എന്ന് വ്യക്തമാക്കി രാഘവലോറന്‍സ് രംഗത്തെത്തിയിരിക്കുകയാണ്. 

തന്നെ അറിയിക്കാതെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടതിനാലാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നത് എന്നാണ് ലോറന്‍സ് പറയുന്നത്. പണത്തേക്കാള്‍ പ്രശസ്തിയേക്കാള്‍ ആത്മാഭിമാനമാണ് വലുതെന്നും അദ്ദേഹം കുറിച്ചു. ട്വിറ്ററിലൂടെയാണ് ചിത്രത്തില്‍ നിന്ന് പിന്‍വാങ്ങുന്ന വിവരം അറിയിച്ചത്. സിനിമയുടെ തിരക്കഥ താന്‍ തിരികെ വാങ്ങില്ലെന്നും മറ്റൊരു സംവിധായകനെ വെച്ച് ചിത്രം സംവിധാനം ചെയ്യാനും ലോറന്‍സ് ആവശ്യപ്പെട്ടു. 

'തമിഴില്‍ ഒരു ചൊല്ലുണ്ട്. ബഹുമാനം തിരികെ ലഭിക്കാത്ത ഒരു വീട്ടിലേക്ക് കയറരുതെന്ന്. ഈ ലോകത്ത് പണത്തെക്കാളും പ്രശസ്തിയെക്കാളുമൊക്കെ വലുതാണ്, ആത്മാഭിമാനം. കാഞ്ചനയുടെ ഹിന്ദിറീമേക്കായ ലക്ഷ്മിബോബംബില്‍ നിന്നും ഞാന്‍ പിന്‍മാറുകയാണ്. കാരണം എന്തെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഒരുപാടു കാരണങ്ങളുണ്ട്. അതിലൊന്നാണ് ഇന്ന് റിലീസ് ചെയ്ത സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. എന്റെ അറിവോടെയോ ഞാനുമായ സംസാരിച്ചതിനു ശേഷമോ അല്ല പോസ്റ്റര്‍ റിലീസ് ചെയ്തത് എന്നത് എന്നെ ഏറെ വിഷമിപ്പിക്കുന്നു. മൂന്നാമതൊരാള്‍ പറഞ്ഞാണ് ഈ വിവരം ഞാനറിയുന്നത്. ഒരു സംവിധായകനെന്ന നിലയില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍ റിലീസ് മറ്റുള്ളവര്‍ പറഞ്ഞ് അറിയുന്നത് വളരെ വേദനിപ്പിക്കുന്നതാണ്. ആത്മാഭിമാനത്തിനു മുറിവേറ്റിരിക്കയാണ്. എന്നെ ഇത് നിരാശനുമാക്കുന്നു. സിനിമയുടെ സ്രഷ്ടാവ് എന്ന നിലയില്‍ പോസ്റ്റര്‍ ഡിസൈനും എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഒരു സംവിധായകനും ഈ ഗതി വരരുത്.

സിനിമയുമായി സംബന്ധിച്ച ഒരു രേഖയിലും ഒപ്പു വയ്ക്കാത്ത സ്ഥിതിക്ക് എനിക്ക് തിരക്കഥ തിരികെ മേടിക്കാം. പക്ഷേ ഞാനത് ചെയ്യില്ല. അത് പ്രൊഫഷണലിസത്തിന് എതിരാണ്. ഞാന്‍ തിരക്കഥ തരാന്‍ തയ്യാറാണ്, കാരണം, വ്യക്തിപരമായി അക്ഷയ്കുമാറിനോട് എനിക്ക് ബഹുമാനമുണ്ട്. അവരുടെ ആഗ്രഹപ്രകാരം മറ്റൊരു സംവിധായകനെ കൊണ്ടു വരാം. അധികം വൈകാതെ ഞാന്‍ അക്ഷയ് കുമാറിനെ കാണും. തിരക്കഥ അദ്ദേഹത്തിന് നല്‍കും. എന്നിട്ട് ഈ പ്രൊജക്ടില്‍ നിന്നും നല്ല രീതിയില്‍ തന്നെ പിന്‍വാങ്ങും. മുഴുവന്‍ ടീമിനും എന്റെ എല്ലാവിധ ആശംസകളും. സിനിമ വിജയിക്കട്ടെയെന്നും ആശംസിക്കുന്നു.' ലോറന്‍സ് കുറിച്ചു. 

ഏഴ് കോടി ചിലവിലാണ് കാഞചന പുറത്തിറക്കുന്നത്. രാഘവ ലോറന്‍സിനെ കൂടാതെ ശരത് കുമാര്‍, ലക്ഷ്മി റായ്, കോവൈ സരള, ദേവദര്‍ശിനി തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. ആദ്യ ഭാഗം ഹിറ്റായതോടെ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങള്‍ കൂടി പുറത്തുവന്നു. ഇവ രണ്ടും മികച്ച വിജയമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com