ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് ബോളിവുഡ് നടൻ; ഒരാഴ്ച വൈകി എത്തിയ ട്വീറ്റിന് ട്രോൾ പെരുമഴ, മറുപടിയുമായി താരം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th May 2019 11:39 AM  |  

Last Updated: 20th May 2019 11:43 AM  |   A+A-   |  

farhaan

ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്ന് ട്വീറ്റ് ചെയ്ത ബോളിവുഡ് നടൻ ഫർഹാൻ അക്തറിന് ട്രോൾ മഴ. ഭോപ്പാല്‍ തെരഞ്ഞെടുപ്പിന്‍റെ തിയ്യതി മാറി ട്വീറ്റ് ചെയ്തതാണ് ഫർഹാന് വിനയായത്.

"ഭോപാലിലെ പ്രിയ ജനങ്ങളെ, മറ്റൊരു ദുരന്തത്തില്‍ നിന്നും നമ്മുടെ നഗരത്തെ രക്ഷിക്കാനുള്ള സമയമാണിത്. പ്രഗ്യ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുത്. മഹാത്മാഗാന്ധിയെ ഓര്‍ക്കൂ. ഗോഡ്സേയോട് നോ പറയൂ", എന്നായിരുന്നു താരത്തിന്‍റെ ട്വീറ്റ്. എന്നാൽ ഫർഹാൻ ട്വീറ്റ് ചെയ്തപ്പോഴേക്കും ഭോപാലിലെ പോളിങ് കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിട്ടിരുന്നു. 

ഫര്‍ഹാന്‍ ടൈം ട്രാവല്‍ നടത്തിയെന്നുപോലും കുറിച്ചുകൊണ്ടാണ് റീട്വീറ്റുകള്‍. താര പ്രതിച്ഛായ ഉപയോഗിച്ചുള്ള ഫര്‍ഹാന്റെ അജണ്ഡയാണ് ഇതിലൂടെ മനസ്സിലാകുന്നതെന്നും ഭോപ്പാലിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു ഇനി വിശ്രമിച്ചോളു എന്നെല്ലാം കമന്റുകള്‍ എത്തി.

ഒടുവില്‍ കളിയാക്കുന്നവര്‍ക്ക് മറുപടിയുമായി താരം വീണ്ടും രംഗത്തെത്തി. 'തെരഞ്ഞെടുപ്പിന്‍റെ തിയ്യതി തെറ്റിയതിനാണ് എന്നെ കളിയാക്കുന്നത്. അതേ സമയം ചരിത്രത്തെ തെറ്റായി വ്യഖ്യാനിക്കുന്നവരെ പിന്തുണയ്ക്കുന്നവരും ഇവര്‍ തന്നെയാണ്", താരത്തിന്‍റെ പുതിയ ട്വീറ്റ്. മെയ് 12ന് ആറാം ഘട്ടത്തിലായിരുന്നു ഭോപ്പാലില്‍ തെരഞ്ഞെടുപ്പ് നടന്നത്.